ഭാവിയിലെ വമ്പന്‍ ദൗത്യങ്ങള്‍; ഇസ്രോയുടെ അണിയറയില്‍ പുതിയ ലോഞ്ച് വെഹിക്കിൾ ഒരുങ്ങുമ്പോള്‍


ഷിനോയ് മുകുന്ദൻജിഎസ്എൽവി പിന്നിലാവും, ചിലവ് കുറയും; ഇസ്രോയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ റോക്കറ്റ്

IN DEPTH

Representational Image | Photo: twitter@isro

തിരുവനന്തപുരത്ത് ഇസ്രോയുടെ (ഐ.എസ്.ആര്‍.ഒ) ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍.പി.എസ്.സി.) സംഘടിപ്പിച്ച ഐഎന്‍എഇ എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്-2022 ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇസ്രോ മേധാവി ഡോ. എസ്.സോമനാഥ് പുതിയ നെക്സ്റ്റ്-ജെനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

ഇസ്രോയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ വിക്ഷേപണ വാഹനത്തെ കുറിച്ച് പറയുന്നതിന് മുമ്പ്, അത്തരം ഒരു ആവശ്യകതയിലേക്ക് ഐഎസ്ആര്‍ഒയെ നയിച്ച ഘടകങ്ങളും സാഹചര്യങ്ങളും എന്താണെന്ന് കൂടി പറയേണ്ടതുണ്ട്.

ആഗോള തലത്തില്‍ ബഹിരാകാശ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക പതിവുപോലെ വലിയ മുന്നേറ്റം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി ചൈനയും ഈ രംഗത്ത് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്.

പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനം, ചാന്ദ്രദൗത്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍, ബഹിരാകാശ വിനോദസഞ്ചാരം, സ്പേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഉപഗ്രഹ ബ്രോഡ്ബാന്റ് കണക്റ്റിവിറ്റിയ്ക്ക് വേണ്ടിയുള്ള ഉപഗ്രഹ ശൃംഖല സ്ഥാപിക്കുക, ചന്ദ്രനുള്‍പ്പടെയുള്ള ഗ്രഹങ്ങളില്‍ സ്വന്തം അധീനതയില്‍ സ്ഥിരവാസകേന്ദ്രങ്ങളും കോളനികളും സ്ഥാപിക്കുക തുടങ്ങി ബഹിരാകാശ മേഖലയില്‍ വന്‍തോതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങവെ, പുതിയ ബഹിരാകാശ നിലയത്തിനുള്ള ശ്രമങ്ങളിലാണ് അവര്‍. മറുവശത്ത് ചൈന തങ്ങളുടെ ബഹിരാകാശ നിലയം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

ഈ മാറിയ താല്‍പര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമൊപ്പം മുന്നേറേണ്ടത് ഈ രംഗത്ത് ഒരു ആഗോളശക്തിയായി മാറാന്‍ പ്രയത്നിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞുവെക്കുന്നു.

ഇസ്രോ മേധാവി എസ്. സോമനാഥ് Photo: B Muralikrishnan | Mathrubhumi

ഉപഗ്രഹസാങ്കേതിക വിദ്യകളിലൂന്നിയ വിവിധ തദ്ദേശീയ സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുക, ഉപഗ്രഹ വിനിമയ സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സ്മാര്‍ട് സിറ്റികളുടെ വികാസം, ആഗോള തലത്തില്‍ ഉപഗ്രഹം വഴിയുള്ള ആശയവിനിമയം, ഗതിനിര്‍ണയം, നിരീക്ഷണം എന്നിവ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഐഎസ്ആര്‍ഒ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

അഭിമാനമായ പിഎസ്എല്‍വിയും ജിഎസ്എല്‍വിയും

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 1993 മുതല്‍ ഉപയോഗിച്ചുവരുന്ന വിക്ഷേപണ വാഹനമാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പിഎസ്എല്‍വി. 2001 മുതല്‍ ജിഎസ്എല്‍വിയും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിക്ഷേപണങ്ങള്‍ക്ക് ശക്തിപകരുന്നു.

പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് 50 ലേറെ വിക്ഷേപണങ്ങള്‍ നടന്നുകഴിഞ്ഞു. ഇനിയും വിക്ഷേപണങ്ങള്‍ നടക്കും. എന്നാല്‍ പിഎസ്എല്‍വിയ്ക്ക് ഒരു നാള്‍ വിരമിക്കേണ്ടി വരും. അത് ഇന്നോ നാളെയോ പത്തോ അതിലധികമോ വര്‍ഷം കഴിഞ്ഞായേക്കാം. 1980-കളില്‍ വികസിതമായൊരു സാങ്കേതിക വിദ്യ 2030 കളില്‍ ഉണ്ടാവാന്‍ പാടില്ല. അത് ശരിയല്ലെന്ന് സോമനാഥ് പറയുന്നു.

പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി എല്ലാവര്‍ക്കും എളുപ്പം കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന സൗകര്യങ്ങളൊരുക്കാന്‍ പരമ്പരഗാത സാങ്കേതിക വിദ്യയ്ക്ക് സാധിക്കില്ല. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന വിക്ഷേപണവാഹനങ്ങള്‍ വരുംകാലത്തിന്റെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അപര്യാപ്തമായിത്തീര്‍ന്നേക്കാം എന്ന കാഴ്ചപ്പാടിലാണ് പുതിയ റോക്കറ്റിനായുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ നടത്തിവരുന്നത്.

ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐഎൻഎഇ എഞ്ചിനീയേഴ്സ് കോൺക്ലേവിൽ ഇസ്രോ മേധാവി എസ്.സോമനാഥ് പ്രദർശിപ്പിച്ച പുതിയ റോക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ | Photo: Liquid Propulsion Systems Centre

നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി)

പേര് സൂചിപ്പിക്കും പോലെ വരും തലമുറ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ വികസിപ്പിക്കുക. പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളില്‍ ഇനി ഒരു ചെലവ് ചുരുക്കല്‍ സാധ്യമല്ല. അടുത്തകാലത്തായി രൂപകല്‍പന ചെയ്യപ്പെട്ട പല വിക്ഷേപണ വാഹനങ്ങളും ചെലവ് ചുരുക്കലിന് അനുയോജ്യമാണ്. വിവിധ മോഡ്യൂളുകളായുള്ള നിര്‍മാണം, എളുപ്പത്തില്‍ നിര്‍മിക്കാനുള്ള സൗകര്യം ഒപ്പം പുനരുപയോഗിക്കാനുള്ള സൗകര്യം ഇവയെല്ലാം ഏറെ ചെലവ് കുറയ്ക്കുന്ന ഘടകങ്ങളാണ്. ആ ദിശയിലാണ് ഐഎസ്ആര്‍ഒ പുതിയ തലമുറ വിക്ഷേപണ വാഹനം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ഒരു പുതിയ റോക്കറ്റിനായുള്ള അണിയറ ജോലികള്‍ നടക്കുന്നുണ്ടെന്ന് മാത്രമാണ് ഇസ്രോ മേധാവി വെളിപ്പെടുത്തിയത്. നെക്സ്റ്റ് ജെനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ എന്ന് വിശേഷിപ്പിച്ചെങ്കിലും റോക്കറ്റിന്റെ യഥാര്‍ത്ഥ പേര് അങ്ങനെ ആവണം എന്നില്ല. അദ്ദേഹം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്, നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന ശക്തിയേറിയ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനേക്കാള്‍ കൂടുതല്‍ ശേഷി എന്‍ജിഎല്‍വി റോക്കറ്റിനുണ്ടാവും.

മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുണ്ടാവുക. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന് 4.3 ടണ്‍ (4300 കിലോഗ്രാം) ഭാരം ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് എത്തിക്കാനുള്ള ശേഷിയാണുള്ളത് (ചില മാറ്റങ്ങള്‍ വരുത്തി ഇത് 7.5 ടണ്‍ വരെയാക്കി ഉയര്‍ത്താന്‍ സാധിക്കും). അതേസമയം 10 ടണ്‍ (10000 കിഗ്രാം) ഭാരം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് എത്തിക്കാനുള്ള ശേഷി ഇതിനുണ്ട്.

ഇന്ത്യയുടെ വിക്ഷേപണ വാഹന സാങ്കേതിക വിദ്യയുടെ വികാസം | Photo: Liquid Propulsion Systems Centre

എന്നാല്‍ ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് 10 ടണ്‍ (10000 കിഗ്രാം) ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആയിരിക്കും പുതിയ എന്‍ജിഎല്‍വി. അതായത് ജിഎസ്എല്‍വി എംകെ 3യേക്കാള്‍ 2.5 ടണ്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ പുതിയ വിക്ഷേപണ വാഹനത്തിന് സാധിക്കും. ലിക്വിഡ് ഓക്സിജന്‍/മീഥേയ്ന്‍ അല്ലെങ്കില്‍ മണ്ണെണ്ണ/ലിക്വിഡ് ഓക്സിജന്‍ ഇന്ധനമാക്കിയുള്ള വിക്ഷേപണ വാഹനമായിരിക്കും ഇത്.

സ്‌പേസ് എക്‌സിന് സമാനമായി ആശയവിനിമയ ഉപഗ്രഹ വ്യൂഹം വിന്യസിക്കുന്നതിനും ശൂന്യാകാശത്തെ ബഹുദൂര ദൗത്യങ്ങള്‍, ഗഗന്‍യാന്‍ പോലുള്ള മനുഷ്യയാത്ര ദൗത്യങ്ങള്‍, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പടെയുള്ള ഭാവി ദൗത്യങ്ങളുടെ ഭാഗമായ ചരക്കുനീക്കം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കും ഈ ശക്തിയേറിയ വിക്ഷേപണ വാഹനം പ്രയോജനപ്പെടുത്താനാകുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.

1979 ഓഗസ്റ്റ് പത്തിന് ഇന്ത്യ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-3 (എസ്എൽവി-3 ഇ1) പരീക്ഷണ വിക്ഷേപണം. | Photo: ISRO

പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മാണം

സ്വകാര്യപങ്കാളിത്തത്തോടുകൂടിയ ബഹിരാകാശ ദൗത്യങ്ങള്‍ ആഗോള തലത്തില്‍ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ ഇതിനകം നിരവധി സ്വകാര്യ കമ്പനികള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ലോഖീദ് മാര്‍ട്ടിന്‍, സ്പേസ് എക്സ്, ബോയിങ്, ബ്ലൂ ഒറിജിന്‍ പോലുള്ള കമ്പനികള്‍ നാസയുടെ പലവിധ ദൗത്യങ്ങളില്‍ പങ്കാളികളാവുന്നത് അങ്ങനെയാണ്.

ഈ രീതി ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാരിന്റെയും ഇസ്രോയുടേയും നീക്കം. സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാകാശ സാങ്കേതിക വിദ്യകളില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് 2019 ല്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന് (എന്‍എസ്ഐഎല്‍) സര്‍ക്കാര്‍ തുടക്കമിട്ടത്.

എന്തായാലും സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇന്ത്യ പുതിയതായി നിര്‍മിക്കുന്ന എന്‍ജിഎല്‍വി റോക്കറ്റിന്റെ നിര്‍മാണം. സ്വകാര്യമേഖലയുടെ കഴിവും ഐഎസ്ആര്‍ഒയുടെ അറിവും ശേഷിയും റേക്കറ്റ് നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തും.

നിർമാണത്തിലിരിക്കുന്ന പുനരുപയോഗിക്കാൻ സാധിക്കുന്ന വിക്ഷേപണ വാഹനം RLV TD HEX01 | Photo: Wiki Commons

വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനം

പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനത്തിനുള്ള ശ്രമങ്ങള്‍ ഇതിനകം ഇസ്രോ നടത്തി വരുന്നുണ്ട്. 2016 മേയില്‍ ആര്‍എല്‍വി ടിഡി ഹെക്സ് -01 എന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ ആദ്യ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിയിരുന്നു. കുത്തനെ വിക്ഷേപിക്കുകയും. ഉപഗ്രഹം ഭ്രമണ പഥത്തില്‍ വിന്യസിക്കുകയും ഭൂമിയിലേക്ക് തിരിക്കുകയും ഒരു റണ്‍വേയില്‍ സ്പേസ് ഷട്ടിലിന് സമാനമായി ലാന്‍ഡ് ചെയ്യുകയും ചെയ്യും വിധമാണ് ഇതിന്റെ രൂപകല്‍പന.

നിലവില്‍ ഇന്ത്യയ്ക്ക് പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ ഒന്നുമില്ല. അടുത്ത 10-15 വര്‍ഷങ്ങള്‍കൊണ്ട് ഈ സാങ്കേതിക വിദ്യയുടെ അന്തിമ രൂപം തയ്യാറാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോക്കറ്റ് ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിലൂടെ വലിയ രീതിയില്‍ ചെലവ് ലാഭിക്കാന്‍ സാധിക്കും.

മുൻ ഐഎസ്ആർഒ മേധാവി ജി. മാധവൻ നായർ | Photo: B Chandrakumar , mathrubhumi

ഭാവി മുന്നില്‍ കണ്ടുവേണം പുതിയ വിക്ഷേപണ വാഹനം: ഡോ.ജി മാധവന്‍ നായര്‍ (മുന്‍ ഇസ്രോ മേധാവി)

ഇസ്രോയുടെ ഭാവിപദ്ധതികള്‍ പരിഗണിച്ചാവണം പുതിയ വിക്ഷേപണ വാഹനം. ഇത്രയും നാള്‍ ഭൗമ നിരീക്ഷണം, ആശയവിനിമയം പോലുള്ള രാജ്യത്തിനും ജനങ്ങള്‍ക്കും സേവനങ്ങളും സൗകര്യങ്ങളും കാര്യങ്ങളാണ് ഇസ്രോ ചെയ്തുവന്നത്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളും, ചൊവ്വാ ദൗത്യവുമെല്ലാം നമ്മുടെ അജണ്ടയില്‍ ഉണ്ടാവേണ്ടതുണ്ട്. അടുത്ത പത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് ചൊവ്വയില്‍ മനുഷ്യ സാന്നിധ്യം എത്തിക്കാനുള്ള ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചാല്‍ മറ്റെല്ലാ മേഖലയിലും അതിന്റെ പ്രതിഫലനങ്ങളുണ്ടാവും.

ഏകദേശം 10 ടണ്‍ വരെ ഭാരം മുകളിലേക്ക് കൊണ്ടുപോവാനുള്ള കഴിവാണ് നമുക്കുളളത്‌. ഭാവിയില്‍ മനുഷ്യയാത്രകളും, ഗ്രഹാന്തര ദൗത്യങ്ങളുമെല്ലാം വരുമ്പോള്‍ 20-25 ടണ്‍ ഭാരമെങ്കിലും കൊണ്ടുപോവേണ്ടി വരും. അതുകൊണ്ട് വിക്ഷേപണ വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കണം. പുതിയ വിക്ഷേപണ വാഹനം ഒരേ സമയം പരിസ്ഥിതി സൗഹാര്‍ദവും, ശക്തിയുള്ളതും, ഒപ്പം ചെലവുകുറഞ്ഞതുമായിരിക്കണം. ഓക്‌സിജനുമായി ചേര്‍ത്ത് മീഥെയ്ന്‍, മണ്ണെണ്ണ (ആര്‍പി-1) എന്നിവ ഉപയോഗിച്ചുള്ള സെമി ക്രയോജനിക് എഞ്ചിനുകളാണ് അതിന് ഉചിതം. കുറച്ച് നാളുകളായി സെമി ക്രയോജനിക് എഞ്ചിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ആ എഞ്ചിന്‍ വരുമ്പോഴേക്കും അത് ഉപയോഗിച്ച് പുതിയ വാഹനങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചേക്കും. പുതിയ വിക്ഷേപണ വാഹനത്തില്‍ ഈ എഞ്ചിന്‍ തന്നെയായിരിക്കും.

Content Highlights: isro new generation launch vehicle concept objectives background

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented