Representational Image | Photo: Gettyimages
'ഞാൻ എന്റെ ലിമിറ്റിലേ കുടിച്ചിട്ടുള്ളൂ,'
'എത്ര മദ്യപിച്ചാലും എന്റെ കൈയും കാലും വിറയ്ക്കില്ല.'
എന്നൊക്കെ പലരും അവകാശപ്പെടുന്നത് കേട്ടിട്ടുണ്ടാവും. 'അപകടകരമായ അളവ് മദ്യം' എന്നതിന് വല്ല മാനദണ്ഡവും ഉണ്ടോ?
പുരുഷന്മാര്‍ ഒരാഴ്ചയില്‍ 150 ഗ്രാമില്‍ കൂടുതലോ അല്ലെങ്കില്‍ ഒറ്റത്തവണ 40 ഗ്രാമില്‍ കൂടുതലോ എഥനോള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് അപകടകരമായ മദ്യപാനമായി കണക്കാക്കാം. സ്ത്രീകളില്‍ ഇത് യഥാക്രമം 70 മുതല്‍ 80 ഗ്രാമും, മുപ്പത് ഗ്രാമുമാണ്. ഗര്‍ഭിണികളോ, 21 വയസ്സില്‍ താഴെയുള്ളവരോ എത്ര കുറഞ്ഞ അളവ് മദ്യം ഉപയോഗിച്ചാലും അത് അപകടകരമായിത്തന്നെയാണ് കണക്കാക്കുന്നത്. മദ്യപാനം മൂലം ഒരു വ്യക്തി അപകടകരമായ അവസ്ഥയിലാണോ എന്ന് മനസ്സിലാക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന ടെസ്റ്റ് ആണ് Alcohol Use Disorders Identification Test (AUDIT).
മദ്യത്തോട് മനുഷ്യനുള്ള ആകര്‍ഷണത്തെ വിശദീകരിക്കുന്ന രസകരമായ ഒരു സിദ്ധാന്തമുണ്ട്. കുടിയന്‍ കുരങ്ങന്റെ സിദ്ധാന്തം അഥവാ Drunken monkey hypothesis എന്നാണ് അത് അറിയപ്പെടുന്നത്. കാട്ടിലെ പഴുപ്പേറിയ പഴങ്ങളില്‍ ക്വിണനം വഴി എഥനോള്‍ ഉത്പാദിപ്പിക്കപ്പെടും. വളരെ സാന്ദ്രത കുറഞ്ഞ ഇത് കാട്ടിലൂടെ ദൂരേക്ക് ഒഴുകിയെത്തി പ്രൈമേറ്റുകളെ ആകര്‍ഷിക്കുകയും അവ പഴങ്ങള്‍ കഴിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള ഈ ശീലമാണ് മനുഷ്യന്റെ മദ്യാസക്തിക്ക് കാരണം എന്നാണ് ഈ സിദ്ധാന്തം മുന്നോട്ടുവെച്ച റോബര്‍ട്ട് ഡൂഡ്‌ലി അഭിപ്രായപ്പെടുന്നത്.

മുൻഭാഗങ്ങൾ വായിക്കാം
മധ്യ കിഴക്കന്‍ ഏഷ്യയിലും, ആഫ്രിക്കയിലും ഉള്ള ചില മനുഷ്യരില്‍ ആല്‍ക്കോഹോള്‍ ഡീഹൈഡ്രോജിനേസിന്റെ പ്രവര്‍ത്തനം വളരെ വേഗത്തിലായതിനാല്‍ ശരീരത്തില്‍ അസെറ്റാള്‍ഡിഹൈഡ് കുമിഞ്ഞുകൂടി കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുകൊണ്ടു തന്നെ ഈ ജീന്‍ ഉള്ളവര്‍ സ്ഥിരം മദ്യപാനികളാകാനുള്ള സാധ്യത കുറയുന്നു. കൗമാരപ്രായത്തില്‍ മദ്യപാനം ആരംഭിക്കുന്നവരില്‍ അത് തലച്ചോറിന്റെ വികാസത്തെ സാരമായി ബാധിക്കും. പതിനഞ്ച് വയസ്സിന് മുന്‍പ് മദ്യം കഴിക്കുന്നവരില്‍ 40% പേരും മദ്യത്തിന് അടിപ്പെടുമ്പോള്‍ ഇരുപത് വയസ്സിനു ശേഷം മദ്യം കഴിക്കുന്നവരില്‍ 10% മാത്രമാണ് സ്ഥിരം മദ്യപാനികളായി മാറുന്നത് എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.
ബ്രെത് അനലൈസറിന്റെ ശാസ്ത്രം
മദ്യം കുടിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ബ്രെത് അനലൈസര്‍ എന്ന ചെറിയ ഉപകരണം സിനിമയിലെങ്കിലും എല്ലാവരും കണ്ടിരിക്കുമല്ലോ. മദ്യപിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ മെഷീനിലേക്ക് ഊതിക്കുന്ന സര്‍ബത്ത് ഷമീര്‍ ഇത്ര പെട്ടെന്ന് അത് കണ്ടുപിടിക്കുന്നതെങ്ങനെ എന്നത്ഭുതം തോന്നിയിട്ടില്ലേ. നിശ്വാസവായുവിലെ ആല്‍ക്കഹോളിന്റെ ഏകദേശ അളവ് കണ്ടെത്തുന്ന ഉപകരണമാണിത്. ഈ ഉപകരണത്തിന്റെ ആദ്യരൂപം കണ്ടെത്തിയത് പൊലീസുകാരെ സഹായിക്കാനൊന്നുമല്ല. ഭര്‍ത്താക്കന്മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ വീട്ടമ്മമാരെ സഹായിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ആദ്യകാല ദൗത്യം. അത് കണ്ടുപിടിച്ച വില്യം ഡങ്കന്‍ മക്‌നല്ലി കുറേ പ്രാക്ക് കേട്ടിട്ടുണ്ടാവണം.

1927-ലാണ് പോലീസിന്റെ ആവശ്യത്തിന് ഈ വിദ്യ ആദ്യമായി ഉപയോഗിച്ചത്. 1931-ല്‍ ആദ്യത്തെ കൈയില്‍ പിടിച്ച് പരിശോധിക്കാവുന്ന പോര്‍ട്ടബിള്‍ ഉപകരണം വിപണിയിലെത്തി. മദ്യത്തിന്റെ ഓക്‌സീകരണത്തെത്തുടര്‍ന്നുള്ള പൊട്ടാസ്യം ഡൈക്രോമേറ്റിന്റെയോ പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെയോ നിറം മാറ്റം വഴിയായിരുന്നു ആദ്യകാലത്ത് ബ്രെത് അനലൈസര്‍ എഥനോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്. നിറവ്യത്യാസം അളക്കാന്‍ ഒരു ഫോട്ടോസെല്ലിന്റെ സഹായമാണ് ഉപയോഗിച്ചിരുന്നത്. ഇത് മദ്യത്തിന്റെ അളവിന് ആനുപാതികമായ വൈദ്യുതി ഉണ്ടാക്കുകയും സൂചിയുടെ ചലനത്തിലൂടെ അളവ് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യും. മദ്യത്തിന് മാത്രമല്ല മറ്റ് നിരോക്‌സീകാരികള്‍ക്കും ഇതേ രാസപ്രവര്‍ത്തനം നടത്താന്‍ കഴിയും. അതുവഴി തെറ്റായ ഫലങ്ങളും കിട്ടും. ശ്വാസത്തില്‍ മറ്റ് വസ്തുക്കള്‍ കലരാനുള്ള സാധ്യത കുറവാണ് എന്നത് മാത്രമാണാശ്വാസം.
പുതിയകാല ബ്രെത് അനലൈസറുകള്‍ പ്രവര്‍ത്തിക്കുന്നത് ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിച്ചാണ്. ഉപകരണത്തിലേക്ക് മദ്യപിച്ചയാള്‍ ഊതുമ്പോള്‍ ആനോഡില്‍ എഥനോള്‍ അസെറ്റിക് ആസിഡായി ഓക്‌സീകരിക്കപ്പെടുന്നു.
C2H5OH(g) + H2O(l) → CH3COOH(l) + 4H+(aq) + 4e-
കാഥോഡില്‍ ഓക്‌സിജന് നിരോക്‌സീകരണം നടന്ന് വെള്ളം ഉണ്ടാകുന്നു.
O2(g) + 4H+(aq) + 4e- → 2H2O(l)
ഇതുമൂലമുണ്ടാകുന്ന വൈദ്യുതിയെ ഒരു മൈക്രോ കണ്‍ട്രോളര്‍ അളന്ന് രക്തത്തിലെ എഥനോളിന്റെ ഏകദേശ അളവായി ഡിസ്‌പ്ലേ ചെയ്യുന്നു. ഇത് ഒരു ഏകദേശ ധാരണ മാത്രമാണ് തരുന്നത്. കേസെടുക്കല്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് കൂടുതല്‍ വിശദമായി ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചുള്ള ശ്വാസ പരിശോധനയോ ബ്ലഡ് ടെസ്റ്റോ നടത്തണം. എങ്കിലും പ്രാഥമികമായി മദ്യപിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ബ്രെത് അനലൈസര്‍ മതി.

പൊടുന്നനെ മദ്യപാനം നിര്‍ത്തുമ്പോള്‍
പെട്ടാല്‍ അത്രയെളുപ്പം കേറിപ്പോരാവുന്ന കുഴിയല്ല ആല്‍ക്കഹോളിസം. ഇനി കുടി നിര്‍ത്താമെന്ന് വെച്ചാലും ശരീരം പെട്ടെന്നൊന്നും വഴങ്ങിത്തരില്ല. അവസാനത്തെ ഡ്രിങ്കിന് ശേഷം ആറു മണിക്കൂര്‍ തൊട്ട് തുടങ്ങുന്ന കുഴപ്പങ്ങള്‍ 24 മുതല്‍ 72 മണിക്കൂറുകള്‍ വരെ അതിതീവ്രമായിരിക്കുകയും ഏഴ് ദിവസത്തിന് ശേഷം ശക്തി കുറയുകയും ചെയ്യും. വിറയല്‍, വിയര്‍ക്കല്‍, കിതപ്പും നെഞ്ചിടിപ്പും, ഉത്ക്കണ്ഠ, പനി തുടങ്ങി അപസ്മാരം വരെ നീളുകയും മരണം സംഭവിക്കുകയും ചെയ്യാം. കടുത്ത പിന്‍മടക്ക ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ 15% പേര്‍ മരണമടയാറുണ്ട്.
മദ്യം കേന്ദ്ര നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കും എന്ന് ആദ്യ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. മദ്യപാനം സ്ഥിരമാകുമ്പോള്‍ തലച്ചോറില്‍ അതേ അളവ് മാറ്റം ഉണ്ടാക്കാന്‍ കൂടുതല്‍ കൂടുതല്‍ അളവ് കുടിക്കേണ്ടി വരുന്നു. അളവ് കുറയ്ക്കുകയോ പൊടുന്നനെ നിര്‍ത്തുകയോ ചെയ്താല്‍ പിന്‍മടക്ക ലക്ഷണങ്ങള്‍ ആരംഭിക്കുന്നു. മായക്കാഴ്ചകളും വിചിത്രാനുഭവങ്ങളും, കടുത്ത അപസ്മാരവും ഒക്കെ ഉണ്ടാവാം. ഇടയ്ക്കിടെ കുടി നിര്‍ത്തുന്നവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമാകുന്നു. ബെന്‍സൊഡയസിപ്പിന്‍ പോലുള്ള മരുന്നുകളും വൈറ്റമിനുകളും ഒക്കെ ചേര്‍ത്തുള്ള ചികിത്സ പിന്‍മടക്ക ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിന് ഒരു വിദഗ്ദ്ധ ചികിത്സകന്റെ സഹായം ആവശ്യമാണ്.

ചികിത്സയുടെ ശാസ്ത്രം
ഒരു മദ്യപന്റെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളാണ് മുകളിലെ ചിത്രം കാണിക്കുന്നത്. എന്നാല്‍ ചികിത്സകൊണ്ട് രക്ഷപ്പെടാനുമാവും. എത്ര നേരത്തേ തുടങ്ങുന്നോ അത്രയും നല്ലത്. ഡൈസള്‍ഫിറാം, നാള്‍ട്രെക്‌സോണ്‍, അകാംപ്രോസേറ്റ് തുടങ്ങിയ മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഡൈസള്‍ഫിറാം ഏറ്റവും പഴയ മരുന്നാണ്. ഇത് കഴിച്ച ശേഷം മദ്യം കഴിച്ചാല്‍ രൂക്ഷമായ അസ്വസ്ഥതകള്‍ ഉണ്ടാക്കും. മദ്യപാനം കൊണ്ട് മുന്‍പേ തളര്‍ന്ന കരളിന് നല്ലതല്ലാത്തതിനാല്‍ ഇപ്പോള്‍ അത്ര ഉപയോഗത്തിലില്ല. നാള്‍ട്രെക്‌സോണ്‍ മദ്യം ഉണ്ടാക്കുന്ന സന്തോഷകരമായ അനുഭവത്തെ ഇല്ലാതാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുക. ഇത് കഴിക്കുകയോ ഇഞ്ചക്ഷനായി എടുക്കുകയോ ആവാം. ദീര്‍ഘ ഇടവേളകളില്‍ ഇഞ്ചക്ഷന്‍ എടുത്താല്‍ മതി എന്നതിനാല്‍ കൂടുതല്‍ സൗകര്യപ്രദമാണ്. താരതമ്യേന പുതിയ മരുന്നായ അകാംപ്രോസേറ്റ് അസുഖകരമായ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് മരുന്നായാലും ഇക്കാര്യത്തില്‍ സ്വയം ചികിത്സ പാടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദഗ്ദ നിര്‍ദ്ദേശം അനുസരിച്ചുള്ള മരുന്നുകളും കൌണ്‍സിലിംഗും, ചുറ്റുമുള്ളവരുടെ പിന്തുണയും എല്ലാം ചേര്‍ന്നേ ആല്‍ക്കഹോളിസത്തില്‍നിന്ന് രക്ഷനേടാനാവൂ.
ഇതെഴുതുന്നയാള്‍ക്ക് ഈയിടെയായി മദ്യത്തോടാണ് ഒബ്‌സഷന്‍ എന്ന് ചില കൂട്ടുകാര്‍ കളിയാക്കുന്നുണ്ട്. ഒരു മനുഷ്യന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും അസുഖകരവും അപമാനകരവുമായ അവസ്ഥയായി മദ്യാസക്തിയെ തിരിച്ചറിഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ ആ വഴിക്കില്ലേയ് ! നിങ്ങളോ?
Content Highlights: how much alcohol is safe chemistry of liquor
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..