ദുരന്തമുണ്ടാകും മുമ്പ് ഭൂകമ്പങ്ങൾ പ്രവചിച്ചുകൂടെ? തുർക്കി-സിറിയ ഭൂചലനങ്ങൾ ഉണ്ടായതെങ്ങനെ?


Pocket Science | ശ്രീനിധി കെ. എസ്.

7 min read
Read later
Print
Share

ഭൂമിയുടെ ഉപരിതലത്തില്‍ അവിചാരിതമായി സംഭവിക്കുന്ന വേഗതയേറിയ ചലനങ്ങളെ ആണ് ഭൂചലനങ്ങള്‍ എന്ന് വിളിക്കുന്നത്. ഭൂചലനങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയണമെങ്കില്‍ ഭൂമിയുടെ പുറംപാളിയുടെ ഘടനയെ കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

Photo: AP

ഫെബ്രുവരി ആറ് തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് നല്ല ദിനമായിരുന്നില്ല. ജനതയുടെ വലിയൊരു ഭാഗത്തെ കവര്‍ന്നെടുത്ത ഭൂചലനമുണ്ടായ അതിഭീകരമായൊരു ദിവസം. മുപ്പതിനായിരത്തിലധികം പേരുടെയെങ്കിലും ജീവനെടുത്ത, റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂചലനമാണ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലും സിറിയയുടെ പല ഭാഗങ്ങളും നാശം വിതച്ചത്. ഏകദേശം 11 മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രതയോടു കൂടിയ ഒരു തുടര്‍ചലനം കൂടി ഉണ്ടായി. ഒമ്പത് മണിക്കൂർ കഴിഞ്ഞ് 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും അനുഭവപ്പെട്ടു. വലുതും ചെറുതുമായ ഇരുനൂറോളം തുടര്‍ചലനങ്ങളാണ്‌ ഈ ഭൂപ്രദേശത്ത് ഉണ്ടായത്. ഇതില്‍ മുപ്പതിലേറെ തുടര്‍ചലനങ്ങളും 4.5 അല്ലെങ്കില്‍ അതിന് മുകളിലോ തീവ്രത ഉള്ളവയായിരുന്നു.

ഭൗമശാസ്ത്രപരമായി നോക്കിയാല്‍ വലിയ ഭൂകമ്പസാധ്യത ഉള്ള പ്രദേശത്താണ്‌ തുര്‍ക്കിയും സിറിയയും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭൂചലനങ്ങള്‍ ഇവിടെ അസാധാരണമല്ല. 2020 ജനുവരിയില്‍ ഉണ്ടായ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഏറ്റവും അവസാനമായി ഈ ഭൂപ്രദേശത്ത് ഉണ്ടായ വലിയ ഭൂചലനം. പക്ഷെ, കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇവിടെയുണ്ടായ ഏറ്റവും വിനാശകാരിയായ ഭൂചലനമാണ് 2023 ഫെബ്രുവരിയില്‍ ഉണ്ടായത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതിന് സമാനമായി, 1939-ല്‍ ഏകദേശം 30,000 പേരുടെ മരണത്തിനു ഇടയാക്കിയ ഭൂകമ്പം വടക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായിട്ടുമുണ്ട്..

തെക്കന്‍ തുര്‍ക്കിയിലെ ഗസിയന്റെപ് പ്രദേശത്ത് എകദേശം 17.9 കിലോ മീറ്റര്‍ താഴ്ചയിലാണ്‌ ആദ്യചലനത്തിന്റെ ഉദ്ഭവം. ഇവിടെനിന്ന്‌ എതാണ്ട് 60 കിലോ മീറ്റര്‍ വടക്ക് കഹ്രമന്മാരാസ് പ്രദേശത്ത് ഏകദേശം 10 കിലോ മീറ്റര്‍ താഴ്ചയിലാണ്‌ രണ്ടാമത്തെ ഭൂകമ്പം. വളരെ ആഴം കുറഞ്ഞ ഉദ്ഭവം ആയത് കൊണ്ട് (Shallow Earthquakes) ഈ രണ്ട് ചലനങ്ങളും വലിയ നാ നഷ്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവയായിരുന്നു. വലിയ ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളില്‍ കമ്പനങ്ങള്‍ ആഗിരണം ചെയ്തുകൊണ്ട് ഭൂചലനങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന രീതിയില്‍ വേണം കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍. എന്നാല്‍ ഭൂകമ്പബാധിത പ്രദേശത്തെ കെട്ടിടങ്ങള്‍ മിക്കതും ഈ ഗുണനിലവാരമുള്ളവ ആയിരുന്നില്ല. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുകയും ചെയ്തു.

ഇത്തരം വലിയൊരു പ്രകൃതിദുരന്തത്തിന്റെ പുറകിലെ ശാസ്ത്രം പരിശോധിക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടത് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. പൊതുജനങ്ങളുടെ അറിവും ശാസ്ത്രബോധവും വര്‍ധിപ്പിക്കാനും തെറ്റിദ്ധാരണകള്‍ തിരുത്തുവാനും അത് അത്യാവശ്യവുമാണ്. ഭൂകമ്പങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും തുര്‍ക്കി-സിറിയ പ്രദേശത്തെ ഉയര്‍ന്ന ഭൂകമ്പ സാധ്യതക്ക് കാരണം എന്താണെന്നും പരിശോധിക്കാം.

ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ?

ഭൂമിയുടെ ഉപരിതലത്തില്‍ അവിചാരിതമായി സംഭവിക്കുന്ന വേഗതയേറിയ ചലനങ്ങളെയാണ്‌ ഭൂചലനങ്ങളെന്നു വിളിക്കുന്നത്. ഭൂചലനങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നറിയണമെങ്കില്‍ ഭൂമിയുടെ പുറംപാളിയുടെ ഘടനയെ കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഭൂമിയുടെ എറ്റവും പുറം പാളി - ലിതൊസ്ഫിയര്‍ (lithosphere) - നിരവധി കഷ്ണങ്ങള്‍ (plates അഥവാ ഫലകങ്ങള്‍) ആയി ആയി വിഭജിച്ചു കിടക്കുകയാണെന്ന്‌ ഹൈസ്‌കൂള്‍ ജിയോഗ്രഫി ക്ലാസുകളില്‍ പഠിച്ചത് ഓര്‍മയുണ്ടോ? ഏഴു പ്രധാന ഫലകങ്ങളും നിരവധി ചെറു ഫലകങ്ങളും ഭൗമോപരിതലത്തില്‍ ഉണ്ട്. ശരാശരി നൂറ് കിലോ മീറ്റര്‍ ആണ് ലിതൊസ്ഫിയര്‍ പാളിയുടെ കനമെങ്കിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ലിതോസ്ഫിയറിനു തൊട്ടുതാഴെയുള്ള പാളിയാണ് അസ്തനോസ്ഫിയര്‍ (asthenosphere). ലിതോസ്ഫിയറിനെ അപേക്ഷിച്ചു അസ്തനോസ്ഫിയര്‍ അല്പം ദ്രവാവസ്ഥയില്‍ ആണ്. അതുകൊണ്ടുതന്നെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന അസ്തനോസ്ഫിയറിനു മുകളിലൂടെ ലിതോസ്ഫെറിക് ഫലകങ്ങള്‍ക്ക് തെന്നിനീങ്ങാന്‍ സാധിക്കുന്നു. ഈ ചലനത്തിന് വര്‍ഷത്തില്‍ ഏതാനും സെന്റി മീറ്ററുകള്‍ മാത്രം ആണ് പരമാവധി വേഗമെന്നും ഓര്‍ക്കണം.

Photo: Image by pikisuperstar on Freepik

രണ്ട് ഫലകങ്ങള്‍ അടുത്തുവരികയും കൂട്ടിയിടിക്കുകയും ചെയ്യുമ്പോള്‍ ആ ഫലകാതിര്‍ത്തിയെ സംയോജക സീമ (convergent boundary) എന്ന് വിളിക്കുന്നു. ഹിമാലയപ്രദേശം ഒരു സംയോജകസീമ ആണ്. ഇന്തോനേഷ്യയും മറ്റും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ അതിര്‍ത്തി മറ്റൊരു ഉദാഹരണമാണ്‌. രണ്ട് ഫലകങ്ങള്‍ പരസ്പരം അകന്നുപോകുന്ന അതിര്‍ത്തികളാണ്‌ വിയോജകസീമ (divergent boundary). കിഴക്കന്‍ ആഫ്രിക്കയിലെ നീളന്‍ വിള്ളല്‍ പ്രദേശമാണ്‌(East African Rift) ഉദാഹരണം. ഇനി മൂന്നാമത് ഒരു തരം ഫലകാതിര്‍ത്തി കൂടി ഉണ്ട് - ഛേദക സീമ. ഇവിടെ ഫലകങ്ങള്‍ കൂട്ടിയിടിക്കുകയോ അകന്നുമാറുകയോ അല്ല- പരസ്പരം ഉരസി നീങ്ങുകയാണ്. തുര്‍ക്കിയുടെ വടക്കും കിഴക്കും അതിര്‍ത്തിയില്‍ കിടക്കുന്ന അനാറ്റോളിയന്‍ ഫോള്‍ട്ടുകള്‍ (Anatolian Faults) ഇത്തരം ഫലകാതിര്‍ത്തികള്‍ ആണ്.

ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് എല്ലാം ഫലകാതിര്‍ത്തികളില്‍ ആണെന്ന് കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ?

ചലിച്ചുകൊണ്ടിരിക്കുന്ന ഫലകങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ഘര്‍ഷണമാണ്‌ ഭൂചലനങ്ങള്‍ക്ക് കാരണമെന്നു ചുരുക്കിപ്പറയാം. രണ്ടു ഫലകങ്ങള്‍ക്കിടയില്‍ ചലനം ഉണ്ടാകുമ്പോള്‍ അവയുടെ അതിര്‍ത്തികളില്‍ ഘര്‍ഷണം (friction) രൂപപ്പെടുമല്ലോ. ഈ ഘര്‍ഷണം ഒരു തരത്തില്‍ ഫലകങ്ങളുടെ ചലനത്തെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വലിയ അളവില്‍ ഉള്ള ഊര്‍ജ്ജം അവിടെ സംഭരിക്കപ്പെടുന്നു. അതിര്‍ത്തികളില്‍ ഘര്‍ഷണമാണെങ്കിലും ഫലകങ്ങളുടെ ചലനം തുടരുകയാണല്ലോ. ഈ ചലനം കാരണമുള്ള സമ്മര്‍ദ്ദം അതിര്‍ത്തികളിലെ ഘര്‍ഷണത്തിനേക്കാള്‍ കൂടുമ്പോള്‍ ഈ അതിര്‍ത്തികളില്‍ പൊടുന്നനെ ഉള്ള ചലനം - അഥവാ ഭ്രംശം (slip) ഉണ്ടാകുന്നു. അങ്ങനെ സംഭരിക്കപ്പെട്ട ഊര്‍ജ്ജം (elastic energy) സ്വതന്ത്രമാകുന്നു. കുളത്തില്‍ കല്ലെറിഞ്ഞാല്‍ ഓളങ്ങള്‍ ഉണ്ടാകുന്നത് പോലെ ഈ ഊര്‍ജ്ജം ഭൂമിയുടെ പാളികളിലൂടെ സഞ്ചരിക്കുന്നു. ഭൗമോപരിതലത്തില്‍ എത്തുന്ന ഈ ഓളങ്ങളാണ്‌ ഭൂചലനമായി അനുഭവപ്പെടുന്നത്. നമ്മുടെ ഹിമാലയ പ്രദേശത്തും, ഇൻഡൊനീഷ്യ പോലെയുള്ള സ്ഥലങ്ങളിലും ഭൂചലനങ്ങള്‍ കൂടാന്‍ കാരണമെന്തെന്ന് മനസിലായില്ലേ?

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങളുടെ തീവ്രത | Image By Freepik

ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന രീതിയാണ് മുകളില്‍ വിശദീകരിച്ചത്. ഇതിനു പുറമെ അഗ്‌നിപര്‍വ്വതസ്‌ഫോടനങ്ങള്‍ ചിലപ്പോള്‍ ഭൂചലനങ്ങളിലേക്ക് നയിക്കാറുണ്ട്. അണക്കെട്ടുകള്‍, ഖനനം തുടങ്ങിയവ ഭൂവല്‍ക്കത്തിൽ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം കാരണവും ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. മനുഷ്യനിര്‍മിത കാരണങ്ങളാല്‍ ഉണ്ടാകുന്ന ഈ ഭൂചലനങ്ങളെ പ്രേരിതചലനങ്ങള്‍ അല്ലെങ്കില്‍ Induced Seismicity എന്നാണു വിളിക്കുന്നത്. പ്രേരിതചലനങ്ങള്‍ സാധാരണ തീവ്രത കുറഞ്ഞ ചലനങ്ങള്‍ ആയിരിക്കും. 1967-ല്‍ മഹാരാഷ്ട്രയിലെ കോയ്‌നയില്‍ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അണക്കെട്ടുകളുടെ സമ്മര്‍ദം കാരണം ഉണ്ടായിട്ടുള്ള ഏറ്റവും തീവ്രത ഏറിയ പ്രേരിതഭൂകമ്പം.

പ്രഭവകേന്ദ്രം എന്നാല്‍ എന്ത്?

ഭൗമോപരിതലത്തിനു താഴെ ഭൂചലനങ്ങള്‍ ഉത്ഭവിച്ച സ്ഥലത്തെയാണ് ഹൈപോസെന്റര്‍ (hypocenter) അഥവാ Focus എന്ന് വിളിക്കുന്നത്. ഘര്‍ഷണം മൂലം സംഭരിക്കപ്പെട്ട ഊര്‍ജം ആദ്യമായി സ്വതന്ത്രമാകുന്നത് ഇവിടെനിന്നാണ്. ഇതിനു നേരെ മുകളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഉള്ള സ്ഥലത്തെ എപ്പിസെന്റര്‍ (epicenter) അഥവാ പ്രഭവകേന്ദ്രം എന്ന് വിളിക്കും. ഉദാഹരണത്തിന് തുര്‍ക്കിയില്‍ ഉണ്ടായ പ്രധാന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഥവാ എപ്പിസെന്റര്‍ ഗസിയന്റെപ് എന്ന പ്രദേശമായിരുന്നു. ഗസിയന്റെപിന് താഴെ ഏതാണ്ട് 17.9 കിലോ മീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ ഹൈപോസെന്റര്‍ അഥവാ ഫോക്കസ്.

ഹൈപോസെന്ററില്‍നിന്നുള്ള അകലം കൂടുന്നതനുസരിച്ച് ഉപരിതലത്തിലെ ആഘാതം സാധാരണ കുറഞ്ഞു വരും. അതായത് ഭൗമോപരിതലത്തില്‍നിന്നു 20 കിലോ മീറ്റര്‍ താഴെ ഉത്ഭവിക്കുന്ന ഭൂചലനത്തിന് 100 കിലോ മീറ്റര്‍ താഴെ ഉത്ഭവിക്കുന്ന ഭൂചലനത്തെക്കാള്‍ ഉപരിതലത്തില്‍ കൂടുതല്‍ ആഘാതം സൃഷ്ടിക്കാന്‍ കഴിയും. തുര്‍ക്കിയിലെയും സിറിയയിലെയും വ്യാപകമായ നാശനഷ്ടത്തിന് പ്രധാനമായും കാരണമായത് ഭൂചലനങ്ങളുടെ ഹൈപോസെന്ററുകള്‍ വളരെ കുറഞ്ഞ താഴ്ചയിലായിരുന്നു എന്നതാണ്.

Photo: AP

എന്താണ് മുന്‍ചലനങ്ങളും (Foreshocks) തുടര്‍ചലനങ്ങളും (Aftershocks)

പലപ്പോഴും ഒരു പ്രധാന ഭൂചലനത്തിന് മുന്നോടിയായി അതേ പ്രദേശത്ത് ചെറുഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയെ ആണ് മുന്‍ചലനങ്ങള്‍ അഥവാ Forershocks എന്ന് വിളിക്കുന്നത്. അതിനു ശേഷം ഊര്‍ജം പ്രധാനമായും സ്വാതന്ത്രമാകുന്ന വലിയ ഭൂചലനമാണ് പ്രധാനചലനം അഥവാ Main shock. പ്രധാനചലനം ഉണ്ടായതിനു ശേഷം മാത്രമാണ് അതിനു മുമ്പ് ഉണ്ടായത് പ്രധാനചലനത്തിന്റെ മുന്‍ചലനമായിരുന്നു എന്നു പറയാന്‍ സാധിക്കുകയുള്ളു. അതുവരെയും അതു മറ്റൊരു ഭൂചലനമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളു.

പ്രധാനചലനത്തിന്റെ തുടര്‍ച്ചയായി അതേ പ്രദേശത്തുണ്ടാകുന്ന ഭൂചലനങ്ങളെയാണ്‌ തുടര്‍ചലനങ്ങള്‍ എന്ന് പറയുന്നത്. ഭ്രംശം സംഭവിച്ച പ്രതലത്തില്‍ സംഭവിക്കുന്ന പുനഃക്രമീകരണമാണ്‌ തുടര്‍ചലനങ്ങള്‍ക്ക് കാരണമാകുന്നത് എന്നാണു കരുതുന്നത്. ഭൂചലനത്തിന് മുമ്പ് ഉണ്ടായിരുന്ന സാധാരണ സമ്മര്‍ദ്ദാവസ്ഥയിലേക്ക് ഫലകാതിര്‍ത്തി എത്തുന്നത് വരെയുള്ള സമയത്തെ ചലനങ്ങളെയാണ് തുടര്‍ചലനങ്ങളായി കണക്കാക്കുന്നത്. പ്രധാന ചലനത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ തുടര്‍ചലനങ്ങള്‍ ഉണ്ടാകാറുണ്ട്.

എന്താണ് റിക്ടര്‍ സ്‌കെയില്‍?

ഭൂചലനങ്ങളുടെ തീവ്രത വേര്‍തിരിച്ചറിയാനായി 1935-ല്‍ ചാള്‍സ് എഫ്. റിക്റ്റര്‍ വികസിപ്പിച്ചെടുത്ത മാനകമാണ് റിക്റ്റര്‍ സ്‌കെയില്‍ (ML). ഭൂകമ്പതരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണങ്ങളാണ് സെയ്സ്‌മോഗ്രാഫുകള്‍ (Seismographs). ഇങ്ങനെ രേഖപ്പെടുത്തിയ തരംഗങ്ങളുടെ ആയാമം (Amplitude) കണക്കാക്കിയാണ് തീവ്രത കണക്കുകൂട്ടുന്നത്. സാധാരണയായി പ്രാദേശികതലത്തില്‍ രേഖപ്പെടുത്തിയ ചെറിയ ഭൂചലനങ്ങളാണ്‌ റിക്റ്റര്‍ സ്‌കെയിലില്‍ കണക്കാക്കാറുള്ളത്. വലിയ ഭൂചലനങ്ങള്‍, കൂടുതല്‍ കൃത്യതയാര്‍ന്ന, മൊമെന്റ് മാഗ്‌നിറ്റ്യൂഡ് (Mw) എന്ന മാനകത്തിലാണ് രേഖപ്പെടുത്താറുള്ളത്.

ഭൂചലനങ്ങളുടെ തീവ്രത നിരീക്ഷിക്കുന്നു | Photo: Gettyimages

ഈ തീവ്രതാ സ്‌കെയിലുകളെല്ലാം ലോഗരിതമിക് സ്‌കെയിലുകളാണെന്ന് ഓര്‍ക്കണം. അതായത്, 7 തീവ്രതയുള്ള ഭൂകമ്പത്തിന്റെ യഥാര്‍ഥ തീവ്രത അഥവാ 'വലിപ്പം' 5 തീവ്രതയുള്ള ഭൂകമ്പത്തിന്റെ രണ്ടിരട്ടിയല്ല. മറിച്ച് 102 അഥവാ നൂറിരട്ടിയാണ്‌. 8 തീവ്രതയുള്ള ഭൂകമ്പമാണെങ്കില്‍ 5 തീവ്രതയുള്ള ഭൂകമ്പത്തെക്കാള്‍ 103 അഥവാ ആയിരം ഇരട്ടി വലുതായിരിക്കും.

തുര്‍ക്കിയില്‍ സംഭവിച്ചത് എന്ത്?

അനാറ്റൊലിയന്‍ ഫലകം (Anatolian plate) എന്ന ചെറു ലിതോസ്ഫെറിക് ഫലകത്തിലാണ്‌ തുര്‍ക്കിയുടെ മിക്ക ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത്. അതിനു തൊട്ടടുത്ത് തന്നെ സിറിയ ഉള്‍പ്പെടുന്ന അറേബ്യന്‍ ഫലകം (Arabian plate). ഈ പ്രദേശത്തോട് ചേര്‍ന്ന് തന്നെയാണ് മറ്റൊരു പ്രധാന ഫലകമായ ആഫ്രിക്കന്‍ ഫലകത്തിന്റെ (African plate) വടക്കേ അതിരും കിടക്കുന്നത്. അങ്ങനെ വിവിധ ഫലകാതിര്‍ത്തികളിലെ ചലനങ്ങള്‍ കാരണമാണ്‌ തുര്‍ക്കിയും സമീപപ്രദേശങ്ങളും ഭൂകമ്പസാധ്യതയേറിയ പ്രദേശങ്ങളാകുന്നത്.

തുര്‍ക്കി ഉള്‍പ്പെടുന്ന അനാറ്റൊലിയന്‍ ഫലകത്തിനും സിറിയ ഉള്‍പ്പെടുന്ന അറേബ്യന്‍ ഫലകത്തിനും ഇടയിലുള്ള അതിര്‍ത്തി ഒരു ഛേദകസീമയാണ്- കിഴക്കന്‍ അനാറ്റൊലിയന്‍ ഫാള്‍ട്ട് (east Anatolian fault). സിറിയ ഉള്‍പ്പെടുന്ന അറേബ്യന്‍ ഫലകം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ വടക്കു ഭാഗത്തെ മറ്റൊരു പ്രധാന ഫലകമായ യുറേഷ്യന്‍ ഫലകവുമായി അറേബ്യന്‍ ഫലകം കൂട്ടിയിടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി തുര്‍ക്കി ഉള്‍പ്പെടുന്ന അനറ്റൊലിയന്‍ ഫലകം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിലേക്ക് ചലിക്കുകയാണ്. ഈ രണ്ട് ഫലകങ്ങളുടെയും പരസ്പരം എതിര്‍ദിശയിലേക്കുള്ള ചലനത്തിന്റെ ഫലമായി ഇവക്കിടയിലെ ഛേദകസീമയായ കിഴക്കന്‍ അനാറ്റൊലിയന്‍ ഫാള്‍ട്ടില്‍ ഘര്‍ഷണം ഉണ്ടാകുകയും ഊര്‍ജം സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഫലകചലനം കാരണമുള്ള സമ്മര്‍ദം ഘര്‍ഷണം കാരണമുള്ള സമ്മര്‍ദ്ദത്തെക്കാള്‍ കൂടുതലായപ്പോള്‍ പൊടുന്നനെ ഭ്രംശം (slip) ഉണ്ടാകുകയും ഊര്‍ജം സ്വതന്ത്രമാകുകയും ചെയ്തു. അങ്ങനെയാണ് കഴിഞ്ഞയാഴ്ച്ചയിലെ ഭൂചലനം സംഭവിച്ചത്.

Photo: https://earthquake.usgs.gov

തുര്‍ക്കി-സിറിയ പ്രദേശത്തുണ്ടായ രണ്ട് ഭൂചലനങ്ങളെയും സംബന്ധിച്ച ശാസ്ത്രീയമായ വിവരങ്ങള്‍ യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. (https://earthquake.usgs.gov/earthquakes/eventpage/us6000jllz/executive, https://earthquake.usgs.gov/earthquakes/eventpage/us6000jlqa/executive)

ഭൂചലനങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുമോ?

ഭൂചലനങ്ങള്‍ കൃത്യതയോടെ പ്രവചിക്കുകയെന്നത്‌ ഏറെക്കുറെ അസാധ്യമാണ്. ഒരു ഭൂചലനം കൃത്യമായി പ്രവചിക്കുക എന്നതിനർത്ഥം ഇനി പറയുന്ന മൂന്നു കാര്യങ്ങള്‍ കൃത്യമായി മുന്‍കൂട്ടി അറിയുക എന്നതാണ്.

1) ഭൂചലനത്തിന്റെ തിയ്യതിയും സമയവും 2) ഭൂചലനം സംഭവിക്കുന്ന കൃത്യമായ സ്ഥലം 3) ഭൂചലനത്തിന്റെ തീവ്രത.

ഇത് മൂന്നും കൃത്യമായി പ്രവചിക്കാനുള്ള സംവിധാനം നിലവിലില്ല. ഇനി അടുത്ത കാലത്തെങ്ങാന്‍ അങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞര്‍ക്കില്ല. ഭൂചലനങ്ങളുടെ സമയവും തീവ്രതയും കൃത്യമായി സൂചിപ്പിക്കാന്‍ സാധിക്കുന്ന സൂചകങ്ങള്‍ അഥവാ തെളിവുകള്‍ ഒന്നും തന്നെയില്ല എന്നതാണ് ഇതിനു കാരണം. ലഭ്യമായ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് പരമാവധി പറയാന്‍ സാധിക്കുന്ന കാര്യം 'ഒരു നിശ്ചിത ഭൂപ്രദേശത്തു, ഇത്ര വര്‍ഷങ്ങള്‍ക്കുള്ളില്‍, പ്രബലമായ ഒരു ഭൂചലനം ഉണ്ടാകാന്‍ ഉള്ള ഇത്രമാത്രം സാധ്യതയുണ്ടെന്നു പറയുക മാത്രമാണ്.

തുര്‍ക്കി-സിറിയ ഭൂചലനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഗവേഷകന്‍ പ്രവചിച്ചു എന്ന പേരില്‍ ഉള്ള വാര്‍ത്ത പ്രചരിച്ചുവരുന്നുണ്ടല്ലോ.

തുര്‍ക്കി ഭൂചലനം പ്രവചിച്ചുവെന്നു പറയുന്ന വ്യക്തി ട്വീറ്റ് ചെയ്തത് 'Sooner or later there will be a ~M 7.5 #earthquake in this region' എന്നാണ്- അതായത് 'ഇന്നല്ലെങ്കില്‍ നാളെ' ഇങ്ങനെ ഒരു ഭൂചലനം ഉണ്ടാകുമെന്ന്‌- ഒരിക്കലും ശാസ്ത്രീയമായ ഒരു പ്രസ്താവനയല്ല ഇത്. ഇപ്പോള്‍ ഭൂചലനം ഉണ്ടായ പ്രദേശം ഭൂകമ്പ സാധ്യത ഏറ്റവും കൂടിയ പ്രദേശങ്ങളില്‍ ഒന്നാണെന്ന് മുകളില്‍ വിശദീകരിച്ചുവല്ലൊ. അവിടുത്തെ ഭൂമിശാസ്ത്രം അറിയുന്ന, അല്ലെങ്കില്‍ അവിടുത്തെ കൂടിയ ഭൂകമ്പ സാധ്യതയെ കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും നടത്താവുന്ന പ്രസ്താവനയാണിത്.. സ്വയം ഗവേഷകന്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ വ്യക്തി എന്ത് ശാസ്ത്രീയതയുടെ പിന്‍ബലത്തില്‍ ആണ് ഈ പ്രസ്താവന നടത്തിയതെന്നു വിശദീകരിച്ചിട്ടില്ല. ഗ്രഹങ്ങളുടെ ചലനവും ഭൂചലനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണമെന്നു പറയപ്പെടുന്നു. ഗ്രഹങ്ങളുടെ ചലനവും ഭൂചലനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്നു മാത്രമല്ല യുക്തിപരമായി ചിന്തിച്ചാല്‍ അങ്ങനെയൊരു ബന്ധം അസംഭവ്യവുമാണ്.

ഇതിനു മുമ്പ് 2015-ല്‍ കാലിഫോര്‍ണിയയില്‍ 8.8 തീവ്രതയോട് കൂടിയ ഭൂചലനം ഉണ്ടാകുമെന്ന് ഇതേ വ്യക്തി പ്രവചിച്ചത് അപ്പാടെ തെറ്റിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനും ആറിനും ഇടയ്ക്ക്‌ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രദേശത്ത് 6 തീവ്രതയുള്ള ഭൂചലനവും ഇതേ വ്യക്തി പ്രവചിച്ചിരുന്നു. മുമ്പ് പാളിപ്പോയ നിരവധി 'പ്രവചനങ്ങള്‍ക്കൊടുവില്‍' യാതൊരു ശാസ്ത്രീയ പിന്‍ബലവുമില്ലാതെ നടത്തിയ കേവലം ഒരു ഊഹം അബദ്ധവശാല്‍ ഇപ്പോള്‍ ശരിയായത് മാത്രമാണ് നമ്മള്‍ കണ്ടത്.

(ഐ.ഐ.ടി ബോംബെ, മുംബൈ-മൊണാഷ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയ-ല്‍ ഗവേഷകയാണ് ലേഖിക)

Content Highlights: how earthquake occures, science behind earthquake,turkey and syria

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
glasses
Premium

4 min

എത്ര അളവില്‍ മദ്യപിക്കാം?, സുരക്ഷിത മദ്യപാനം എന്ന ഒന്നുണ്ടോ? | അറിയാം മദ്യത്തിന്റെ രസതന്ത്രം 03

Apr 26, 2023


football
In Depth

6 min

കളി മാത്രമല്ല കളിക്കളത്തില്‍.. ഫുട്‌ബോള്‍ മൈതാനം നിറയെ ഫിസിക്‌സ് ആണ് ! 

Nov 21, 2022


തുമ്പയില്‍ നിന്ന് കുതിച്ചുയരുന്ന 'നൈക്ക്-അപാഷേ റോക്കറ്റ്' -1963 ലെ ചിത്രം. കടപ്പാട്: ഐ.എസ്.ആര്‍.ഒ.

5 min

'മേരി മഗ്‌ദലേന പള്ളിയുടെ അൾത്താരയ്ക്ക് മുന്നില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ആദ്യ റോക്കറ്റ്'

Nov 21, 2022

Most Commented