ഹർ ഗോവിന്ദ് ഖുരാന: കനൽ തേടിയ ബാല്യം; ജനിതക കോഡിലൂടെ നൊബേൽ


ജോസഫ് ആന്റണി രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയിലെ ആശയങ്ങളും ആയുധങ്ങളും ബയോളജിയിലെ മൗലികപ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിച്ച ഖുരാനയുടെ ജന്മശതാബ്ദി വർഷമാണ് 2022

ക്ലാസെടുക്കുന്ന ഖുരാന, എം.ഐ.ടി.യിൽ 1976 ൽ. ചിത്രം കടപ്പാട്: MIT

നിതകശാസ്ത്രത്തിന് തുടക്കം കുറിച്ച ഗ്രിഗര്‍ മെന്‍ഡല്‍ ജനിച്ച് കൃത്യം നൂറുവര്‍ഷം കഴിഞ്ഞ് പിറന്ന ഹര്‍ ഗോവിന്ദ് ഖുരാനയാണ്, മെന്‍ഡേലിയന്‍ നിയമത്തിലെ പാരമ്പര്യത്തിന്റെ ഘടകങ്ങളായ ജീനുകളെ കൃത്രിമമായി സൃഷ്ടിച്ച് ചരിത്രം കുറിച്ചത്.

ജീവന്റെ ഗൂഢഭാഷയാണ് ജനിതക കോഡ്. അതിന്റെ പൂട്ടുതുറന്ന് ജീവന്റെ കോഡ് കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ക്ക് 1968 ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചു. അതിലൊരാള്‍ ഇന്ത്യക്കാരനായ ഹര്‍ ഗോവിന്ദ് ഖുരാന ആയിരുന്നു. ഇതേ ഖുരാനയാണ് 1970 കളില്‍ ആദ്യ കൃത്രിമജീന്‍ സൃഷ്ടിച്ച് ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചതും. കെമിക്കല്‍ ബയോളജി, സിന്തറ്റിക് ബയോളജി തുടങ്ങിയവയുടെ തുടക്കം തേടിപ്പോയാല്‍ നമ്മളെത്തുന്നതും ഖുരാനയില്‍ ആയിരിക്കും!രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയിലെ ആശയങ്ങളും ആയുധങ്ങളും ബയോളജിയിലെ മൗലികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിച്ച ഗവേഷകനായിരുന്നു ഖുരാന. ഏതര്‍ഥത്തിലും ഒരു അപൂര്‍വ്വ ശാസ്ത്രപ്രതിഭ. ജീവിച്ചിരുന്നെങ്കില്‍ 2022 ല്‍ ഖുരാനയ്ക്ക് നൂറ് വയസ്സ് തികയുമായിരുന്നു. ജനിതകശാസ്ത്രത്തിന് അടിത്തറയിട്ട ഗ്രിഗര്‍ മെന്‍ഡലിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം കൂടിയാണ് 2022 എന്നത് കൗതുകമുണര്‍ത്തുന്നു.

കെട്ടുകഥകളെ വെല്ലുന്ന ഒന്നായിരുന്നു ഖുരാനയുടെ ബാല്യകാലം. ബ്രിട്ടീഷ് ഇന്ത്യയില്‍ (നിലവില്‍ പാകിസ്താനില്‍ ഉള്‍പ്പെട്ട) പടിഞ്ഞാറന്‍ പഞ്ചാബിലെ റായ്പൂര്‍ എന്ന ദരിദ്രഗ്രാമത്തില്‍ ഗണപതി റായ് ഖുരാന, കൃഷ്ണ ദേവി ദമ്പതിമാരുടെ അഞ്ചാമത്തെ കുട്ടിയായി 1922 ല്‍ (ജനനത്തീയതി അറിയില്ല) ഖുരാന ജനിച്ചു. പുലര്‍ച്ചെ സ്വന്തം വീട്ടിലെ അടുപ്പുകത്തിക്കാന്‍ അയല്‍ വീടുകളില്‍ കനല്‍ത്തേടി പോകലായിരുന്നു ചെറുപ്പത്തില്‍ ഖുരാനയ്ക്ക് ലഭിച്ച ഒരു പണി. ഇന്നത്തെ മാതിരി തീപ്പെട്ടിയും ലൈറ്ററുമൊന്നും സുലഭമായിരുന്ന കാലമായിരുന്നില്ല അത്. മുതിര്‍ന്നപ്പോള്‍ അവന് അറിവായി കനല്‍!

സ്റ്റോക്ക്‌ഹോമില്‍ ഗുസ്താഫ് അഡോള്‍ഫ് രാജാവില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഖുരാന. 1968 ഡിസംബര്‍ 10 ലെ ചിത്രം. ചിത്രം കടപ്പാട്: AP Photo/Reportagebild.

ദരിദ്രനെങ്കിലും, ഗണപത് റായ് മക്കളെ പഠിക്കാനയച്ചു. ഒരു മരച്ചുവടായിരുന്നു ഗ്രാമത്തിലെ വിദ്യാലയം. ആദ്യ നാലുവര്‍ഷം ഖുരാനയുടെയും പഠനം ആ മരച്ചുവട്ടിലായിരുന്നു. മുള്‍ട്ടാന്‍ പട്ടണത്തിലെ ഡി.എ.വി. ഹൈസ്‌കൂളില്‍ പഠനം തുടര്‍ന്ന ഖുരാന, 1943 ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും, 1945 ല്‍ ബയോകെമിസ്ട്രിയില്‍ ബിരുദാനന്ത ബിരുദവും നേടി. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചത് അനുഗ്രഹമായി. ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിന് പോകാന്‍ കഴഞ്ഞു. 1948 ല്‍ ലിവര്‍പൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. കരസ്ഥമാക്കി.

പുതിയ രസതന്ത്ര മുന്നേറ്റങ്ങള്‍ മിക്കതും ജര്‍മനിലാണ് വരുന്നത്. അതിനാല്‍, ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ഒരിടത്ത് പോസ്റ്റ് ഡോക്ടറല്‍ പഠനം നടത്താന്‍ ഖുരാന തീരുമാനിച്ചു. അങ്ങനെ, സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ സൂറിക്കിലെ 'സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി' (ETH) യില്‍ ഡോ.വ്‌ളാഡിമിര്‍ പ്രെലോഗിന്റെ ലാബിലെത്തി. (1975 ല്‍ രസതന്ത്ര നൊബേല്‍ ലഭിക്കാനിരുന്ന ഗവേഷകനായിരുന്നു പ്രൊലോഗ്). പി.എച്ച്.ഡി. പഠനത്തിനിടെ മിച്ചംപിടിച്ച കാശായിരുന്നു ഖുരാനയുടെ പക്കല്‍ ആകെ ഉണ്ടായിരുന്നത്. അതിനാല്‍ സൂറിക്കിലെ പഠനം 11 മാസംകൊണ്ട് നിര്‍ത്തേണ്ടി വന്നു.

പക്ഷേ അവിടെയുള്ളപ്പോള്‍, തന്റെയും രസതന്ത്രത്തിന്റെ ഭാവിയെയും ഗതി തിരിച്ചുവിടാന്‍ പോന്ന ഒരു 'കണ്ടെത്തല്‍' ഖുരാന നടത്തി. 'കാര്‍ബോഡിമൈഡുകള്‍' എന്ന രാസവസ്തുക്കള്‍ (അവയില്‍ തന്നെ 'ഡൈസൈക്ലോഹെക്‌സൈല്‍ കാര്‍ബോഡിമൈഡ്'-ഡി.ഡി.സി. എന്ന സംയുക്തം) ആയിരുന്നു ആ കണ്ടെത്തല്‍. 1870 കളില്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടും ആ സംയുക്തങ്ങളെ കുറിച്ച് അധികമാര്‍ക്കും അറിയുമായിരുന്നില്ല. 1938 ല്‍ ഫ്രിറ്റ്‌സ് ശേഷ് (Fritz Zetzsche) ജര്‍മനില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വായിച്ചപ്പോള്‍ അക്കാര്യം ഖുരാനയുടെ ശ്രദ്ധയില്‍പെട്ടു. പില്‍ക്കാലത്ത് ന്യൂക്ലിയോടൈഡുകള്‍ പോലുള്ള ജീവതന്മാത്രാഘടകങ്ങള്‍ ലാബില്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള വജ്രായുധമായി ഖുരാനയുടെ പക്കല്‍ ഡി.സി.സി. മാറി.

സൂറിക്ക് വിട്ട ഖുരാന, 1949 ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. വിഭജനവേളയില്‍ ഖുരാനയുടെ കുടുംബം ഇന്ത്യയിലേക്ക് പോന്നിരുന്നു. വിഭജനത്തിന്റെ മുറിവുകളും അനിശ്ചിതത്ത്വവും നിലനില്‍ക്കുന്നിടത്ത് ഒരു ജോലി കണ്ടെത്താന്‍ ആ യുവാവിന് കഴിഞ്ഞില്ല. സുഹൃത്തായ ജോര്‍ജ് കെന്നറുടെ സഹായത്തോടെ ഒരു ഫെലോഷിപ്പ് കിട്ടിയത് രക്ഷയായി. കേംബ്രിഡ്ജില്‍ അലക്‌സാണ്ടര്‍ ടോഡിന്റെ ലാബില്‍ 1949 ല്‍ രണ്ടാമത്തെ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് ഖുരാന ചേര്‍ന്നു. ജീവതന്മാത്രാശാസ്ത്രത്തിന്റെ പ്രഭവകേന്ദ്രമായി കേംബ്രിഡ്ജ് മാറുന്ന സമയമായിരുന്നു അത്. ന്യൂക്ലിക് ആസിഡുകളുടെ ലോകത്തേക്ക് ആ യുവഗവേഷകന്‍ ആദ്യമായി പ്രവേശിച്ചു. ന്യൂക്ലിക് ആഡിഡുകള്‍ സംബന്ധിച്ച മുന്നേറ്റത്തിന് 1957 ലെ രസതന്ത്ര നൊബേല്‍ ലഭിക്കാനിരിക്കുന്ന ശാസ്ത്രജ്ഞനായിരുന്നു ടോഡ്.

മൂന്നുവര്‍ഷം ഖുരാന കേംബ്രിഡ്ജില്‍ പഠനം നടത്തി. 1952 ല്‍ കാനഡയിലെ 'ബ്രിട്ടീഷ് കൊളംബിയ റിസര്‍ച്ച് കൗണ്‍സിലി'ല്‍ സ്വന്തം ഗവേഷണഗ്രൂപ്പിന് നേതൃത്വം നല്‍കാന്‍ വന്‍കൂവറിലേക്ക് അദ്ദേഹം യാത്രയായി. 1947ല്‍ പരിചയത്തിലായ സ്വിസ്സ് യുവതി എസ്തര്‍ സിബ്‌ളറെ, കാനഡയ്ക്ക് തിരിക്കും മുമ്പ് ഖുരാന ജീവിതസഖിയാക്കി. നവവധുവുമൊത്താണ് അദ്ദേഹം വന്‍കൂവറിലെത്തിയത് (ആ ദാമ്പത്യത്തില്‍ മൂന്നു മക്കള്‍ പിറന്നു).

വന്‍കൂവറിലെ ഗവേഷണം 1952 മുതല്‍ 1960 വരെ നീണ്ടു. കെമിസ്ട്രിയില്‍ നിന്ന് വിട്ട് കൂടുതലായി ബയോളജിയിലേക്ക് ഖുരാന ആകര്‍ഷിക്കപ്പെട്ടു. ബയോളജിയിലെ മൗലികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രസതന്ത്രവിദ്യകള്‍ എങ്ങനെ പ്രയോഗിക്കാം എന്ന് ഖുരാനയും സംഘവും നടത്തിയ അന്വേഷണങ്ങള്‍ ലോകശ്രദ്ധ നേടി. വന്‍കൂവറില്‍ നിന്നുള്ള പേപ്പറുകള്‍ ലോകമെങ്ങും ബയോകെമിസ്ട്രി രംഗത്തെ പ്രഗത്ഭര്‍ ആകാംക്ഷയോടെ കാക്കാന്‍ തുടങ്ങി. 'കെമിക്കല്‍ ബയോളജി' എന്ന പഠനശാഖയ്ക്ക് തുടക്കമിടുകയായിരുന്നു ഖുരാന.

1960 ല്‍ കാനഡ വിട്ട ഖുരാന, യു.എസിലെ മാഡിസണില്‍ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയ്ക്ക് കീഴിലെ 'എന്‍സൈം റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി'ന്റെ സഹഡയറക്ടറായി ചുമതലയേറ്റു. 1966 ല്‍ വിസ്‌കോന്‍സിലുള്ളപ്പോഴാണ് ഖുരാന യു.എസ്.പൗരത്വം സ്വീകരിക്കുന്നത്. ജനിതകോഡ് അനാവരണം ചെയ്യുന്നതും, അതിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതും അവിടെയുള്ളപ്പോഴാണ്.

ഏതൊരു ജീവിയുടെയും ഡിഎന്‍എ എന്നത് ജനിതകവിവരങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള മാസ്റ്റര്‍ തന്മാത്രയാണ്. ഖുരാന കേംബ്രിഡ്ജ് വിട്ടതിന്റെ പിറ്റേ വര്‍ഷം, 1953 ല്‍ ആണ് ഡിഎന്‍എ യുടെ ഇരട്ടപ്പിരിയന്‍ (ഡബിള്‍ ഹെലിക്‌സ്) ഘടന ജെയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടെത്തുന്നത്. റോസലിന്റ് ഫ്രാങ്ക്‌ലിന്‍ നടത്തിയ ക്രിസ്റ്റലോഗ്രാഫി പഠനമാണ് ആ കണ്ടെത്തലിന് സഹായിച്ചത്. ജനിതകവിവരങ്ങള്‍ മുഴുവന്‍ ബേസ് ജോടികളുടെ ദീര്‍ഘശ്രേണികളായി ഡിഎന്‍എ യില്‍ സ്ഥിതിചെയ്യുന്നു. ഡിഎന്‍എ ശ്രേണിയിലെ ചെറുഭാഗങ്ങളാണ് ജീനുകള്‍, ശരാശരി ആയിരത്തോളം ബേസ് ജോടികളുടെ ശൃംഖല. കോശങ്ങള്‍ക്ക് പ്രോട്ടീന്‍ രൂപപ്പെടുത്താനുള്ള ജനിതകനിര്‍ദ്ദേശങ്ങള്‍ ജീനുകള്‍ നല്‍കുന്നത് ആര്‍എന്‍എ വഴിയാണ്.

ഹര്‍ ഗോവിന്ദ് ഖുരാന. ചിത്രം കടപ്പാട്: Nobel Foundation

ഒരു ജീവിയിലെ ജീവല്‍കര്‍മങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രോട്ടീനുകളുടെ പ്രവര്‍ത്തനഫലമാണ്. 20 വ്യത്യസ്ത അമിനോആഡിസുകള്‍ കൊണ്ടാണ് പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നത്. ഡിഎന്‍എ ഭാഷ, ആദ്യം ആര്‍എന്‍എ ഭാഷയായും, പിന്നീട് പ്രോട്ടീന്‍ ഭാഷയായും മാറണം. എങ്കിലേ കാര്യങ്ങള്‍ നടക്കൂ. ഡിഎന്‍എ യിലെ ബേസ് ജോടികളായ അക്ഷരങ്ങള്‍ എങ്ങനെ 20 അമിനോആഡിഡുകളുള്ള പ്രോട്ടീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു? ജീനുകളുടെ ഈ ഗൂഢഭാഷ (ജനിതക കോഡ്) കണ്ടെത്തുക എന്നതായി ജീവശാസ്ത്രത്തിലെ കേന്ദ്രപ്രശ്‌നം!

ജീനുകളുടെ ഗൂഢഭാഷയുടെ പൂട്ട് ആദ്യം തുറന്നത് 1961 ല്‍ മാര്‍ഷല്‍ നീരന്‍ബര്‍ഗ്, ഹയ്ന്‍ട്രിക് മാത്തീ എന്നിവര്‍ ചേര്‍ന്നാണ്. 'ഫീനൈല്‍അലനിന്‍' (phenylalanine) എന്ന അമിനോആസിഡിന്റെ ജനിതക കോഡ്, ആവര്‍ത്തിച്ചു വരുന്ന യൂര്‍സില്‍ (UUU) ബേസുകളാണെന്ന് അവര്‍ കണ്ടെത്തി. സന്ദേശവാഹകരായ ആര്‍എന്‍എ (mRNA) എത്തിക്കുന്ന ജനിതക വിവരങ്ങള്‍ മുമ്മൂന്ന് ബേസുകള്‍ ചേര്‍ന്ന യൂണിറ്റുകളായി (കോഡോണുകളായി) വായിച്ചെടുത്താണ് കോശങ്ങളില്‍ പ്രോട്ടീന്‍ നിര്‍മ്മാണം നടക്കുന്നതെന്ന് ക്രമേണ വ്യക്തമായി. ആദ്യം കണ്ടെത്തിയ കോഡോണ്‍ ആണ് 'UUU'.

സുപ്രധാനമായ ചുവടുവെപ്പായിരുന്നു നീരന്‍ബര്‍ഗും മാത്തീയും നടത്തിയത്. പിന്നീട് ഖുരാനയാണ് അത് മുന്നോട്ടു നയിച്ചത്. ഖുരാനയുടെ പഠനങ്ങള്‍ നിരന്‍ബര്‍ഗ്, മാത്തീ എന്നിവരുടെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. മാത്രമല്ല, ഡിഎന്‍എ യിലെ ബേസുകള്‍ മൂന്നുവീതമുള്ള 64 വ്യത്യസ്ത കോഡോണുകള്‍ (യൂണിറ്റുകള്‍) ആയി മാറിയാണ്, പ്രോട്ടീനുകളുടെ ഘടകങ്ങളായ 20 അമിനോആഡിഡുകള്‍ക്ക് രൂപംനല്‍കുന്നതെന്ന് ഖുരാന തെളിയിച്ചു. വ്യത്യസ്ത ആര്‍എന്‍എ ശൃംഖലകള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി രൂപപ്പെടുത്തി ഖുരാന നടത്തിയ ബയോകെമിക്കല്‍ പഠനങ്ങള്‍ വഴി ഓരോ അമിനോആഡിഡിനും കാരണമായ കോഡോണുകളേതെന്ന് വെളിവായി. (ഇത്ര വിപുലമായ പഠനത്തിന് ഖുരാനയെ തുണച്ചതും മുമ്പ് സൂറിക്കില്‍ വെച്ച് പരിചയപ്പെട്ട ഡി.ഡി.സി. ആയിരുന്നു!)

അതിനിടെ, കോഡോണുകളെ കൃത്യമായി പ്രോട്ടീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന 'ട്രാന്‍സ്ഫര്‍ ആര്‍എന്‍എ' (tRNA) യുടെ പ്രാധാന്യം തിരിച്ചറിയുകയും, അവയുടെ ഘടന കണ്ടെത്തുകയും ചെയ്യുന്നതില്‍ റോബര്‍ട്ട് ഡബ്ല്യു. ഹോളിയും സംഘവും വിജയിച്ചു.

ആ കണ്ടെത്തലുകളോടെ 'ജീവന്റെ ഗൂഢഭാഷ' (ജനിതക കോഡ്) അനാവരണം ചെയ്യപ്പെട്ടു. ജനിതകശാസ്ത്രത്തിന്റെ ഭാവി നിശ്ചയിച്ച ആ സുപ്രധാന മുന്നേറ്റത്തിന് നീരന്‍ബര്‍ഗ്, ഖുരാന, ഹോളി എന്നിവര്‍ക്ക് 1968 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

1970 ല്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലേക്ക് ഖുരാന താവളം മാറ്റി. ആ വര്‍ഷം തന്നെ, ജനിതകശാസ്ത്രത്തിലെ നിര്‍ണായകമായ മറ്റൊരു മുന്നേറ്റം ആ ശാസ്ത്രജ്ഞന്‍ നടത്തി. പരീക്ഷണശാലയില്‍ ഒരു കൃത്രിമ ജീനിന് രൂപംനല്‍കി! യീസ്റ്റിലെ ഒരു ജീന്‍ (alanine transfer RNA) ആണ് സൃഷ്ടിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അത് ജീവനുള്ള കോശത്തില്‍ പ്രവര്‍ത്തിച്ചില്ല. 1976 ല്‍ മറ്റൊരു കൃത്രിമ ജീന്‍ ബാക്ടീരിയയില്‍ പ്രവര്‍ത്തിപ്പിച്ച് കാട്ടി ശാസ്ത്രലോകത്തെ ഖുരാന അമ്പരപ്പിച്ചു. ജനിതക എന്‍ജിനിയറിങ്ങിനും സിന്തറ്റിക് ബയോളജിക്കും വഴിതുറന്ന മുന്നേറ്റമായിരുന്നു അത്.

1970 കളുടെ പകുതിയോടെ ജനിതക ഗവേഷണം നിര്‍ത്തി, കാഴ്ച എങ്ങനെ സാധ്യമാകുന്നു എന്നറിയാനുള്ള തന്മാത്രാതല പഠനത്തിലേക്ക് ഖുരാന ശ്രദ്ധ തിരിച്ചു. 2007 ല്‍ സജീവഗവേഷണത്തില്‍ നിന്ന് വിരമിക്കും വരെ പഠനമേഖല അതായിരുന്നു.

മരിക്കുംവരെ മരിക്കാത്ത ജിജ്ഞാസ ഖുരാനയെ പിന്തുടര്‍ന്നു. വലിയ ലക്ഷ്യങ്ങളില്‍ കണ്ണുവെയ്ക്കുകയും, അവ സാക്ഷാത്ക്കരിക്കുകയും ചെയ്ത ഗവേഷകനായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കെല്ലാം അദ്ദേഹം തുറന്ന മനസുള്ള ആചാര്യനായിരുന്നു. തലമുറകള്‍ക്ക് പ്രചോദനമേകാന്‍ അറിവിന്റെ വിലപ്പെട്ട കനലുകള്‍ ബാക്കിയാക്കി 2011 നവംബര്‍ 9 ന് ഖുരാന വിടവാങ്ങി.

(അവലംബം: 1. Cell, Dec 23, 2011; 2. Nature, Dec 15, 2011; 3. nobelprize.org).

Content Highlights: Har Gobind Khorana, Khorana@100, Indian Scientist, first artificial gene, genetic code, Chemical Bio

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented