Screengrab: Youtube|Don Jupp
പ്രകൃതിയിലെ ചില പ്രതിഭാസങ്ങള്‍ നമ്മളില്‍ വലിയ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. മരുഭൂമിയിലെ മരീചികയും (Mirage), ധ്രുവപ്രദേശങ്ങളിലും തണുപ്പേറിയ രാജ്യങ്ങളിലും ആകാശത്ത് കാണുന്ന അറോറ (Aurora) യും അതിന് ചില ഉദാഹരണങ്ങളാണ്. അത്തരത്തിലുള്ള പല പ്രതിഭാസങ്ങള്‍ക്കും ഇന്ന് വ്യക്തമായ ശാസ്ത്ര വിശദീകരണങ്ങളുണ്ട്. അവ പ്രകൃത്യാതീതമായ കാഴ്ചകളല്ലെന്ന് ഇന്ന് നമുക്കറിയാം.
അത്തരത്തില്‍ പ്രകൃതിയില്‍ നമുക്ക് ചുറ്റുപാടും നമ്മള് കാണുന്ന പ്രതിഭാസങ്ങളിലൊന്നാണ് ജലത്തിന്റെ നിശ്ചലമായ ഒഴുക്ക്. വെള്ളം ഒഴുകുന്നുണ്ടെന്ന് കാഴ്ചയില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത പ്രതിഭാസം. ഒരു വേള ജലം തണുത്തുറഞ്ഞു പോയിക്കാണുമോ എന്ന് പോലും കാണുന്നവര്‍ക്ക് തോന്നിയേക്കാം. എന്താണ് ഇതിന് കാരണം?
ലാമിനാര്‍ ഫ്ളോ (ധാരാരേഖീ പ്രവാഹം)
മുകളില്‍ പരാമര്‍ശിച്ച പ്രതിഭാസത്തെ ശാസ്ത്രലോകം വിളിക്കുന്നത് ലാമിനാര്‍ ഫ്ളോ (ധാരാരേഖീ പ്രവാഹം) എന്നാണ്. പ്രത്യേക രീതിയില്‍ തടസ്സമോ ഇളക്കങ്ങളോ ഇല്ലാതെ ഒരേ പാതയില്‍ തന്നെയുള്ള ദ്രാവകത്തിന്റേയോ വാതകത്തിന്റേയോ ഒഴുക്കിനെയാണ് ലാമിനാര്‍ ഫ്ളോ എന്ന് വിളിക്കുന്നത്. ദ്രാവകത്തിലെ ഓരോ സ്തരവും മറ്റൊന്നിനുമേല്‍ മൃദുവായി (smooth), വിക്ഷോഭത്തിന് (Turbulance) ഇടനല്‍കാതെ തെന്നിനീങ്ങുന്നതാണ് ധാരാരേഖീ പ്രവാഹം. ഒഴുക്കിന്റെ വേഗം ഒരു നിശ്ചിത അളവില്‍ (ക്രാന്തിക പ്രവേഗം) കുറഞ്ഞിരുന്നാല്‍ മാത്രമേ പ്രവാഹം ധാരാരേഖീയമാവുകയുള്ളൂ.
സാധാരണ രീതിയില്‍ വെള്ളം ഒഴുകുന്നതിനെ വിക്ഷുബ്ദ പ്രവാഹം എന്നാണ് വിളിക്കുന്നത്. ഇത്തരം ഒഴുക്ക് നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ദ്രവകണങ്ങള്‍ നിരന്തരം കൂടിക്കലര്ന്നുകൊണ്ടായിരിക്കും വിക്ഷുബ്ദ പ്രവാഹം. ഒഴുക്കിന്റെ വേഗം വര്‍ധിക്കുമ്പോള്‍ ധാരാരേഖി പ്രവാഹം വിക്ഷുബ്ദാവസ്ഥയിലേക്ക് മാറും.
ഒഴുകിക്കൊണ്ടിരിക്കുന്ന പാത ഇടുങ്ങിയതും ദ്രാവകത്തിന്റെ ഒഴുക്കിന്റെ കുറഞ്ഞ വേഗതയും, ഉയര്‍ന്ന ശ്യാനത അഥവാ വിസ്കോസിറ്റിയുമാണ് ധാരാരേഖീ പ്രവാഹത്തിനിടയാക്കുന്നത്.
ശ്യാന്യത കൂടിയ എണ്ണയുടെ ഒഴുക്ക് അതിന് ഉദാഹരണമാണ്. എണ്ണ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഒഴിക്കുമ്പോള്‍ സാധാരണ ധാരാരേഖീ പ്രവാഹമാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഒഴുകിക്കൊണ്ടിരിക്കുന്ന പാതയും വേഗതയും ഇതിനെ സ്വാധീനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..