ഗണിതത്തിലെ നൊബേല്‍ 'ഫീല്‍ഡ്‌സ് മെഡല്‍' വീണ്ടും ഒരു വനിതാ ഗണിതജ്ഞയെ തേടിയെത്തുമ്പോൾ


അമ്പാട്ട് വിജയകുമാര്‍

ഹെല്‍സിങ്കിയില്‍  ജൂലായ് 6 മുതല്‍ 14 വരെ ഓണ്‍ലൈന്‍ ആയി നടത്തിയ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് മാത്തമാറ്റിക്‌സ് (ഐസിഎം) സമ്മേളനത്തില്‍ ആ വനിതയുടെ പേര് വിളിച്ചപ്പോള്‍ അത് റഷ്യയോടുള്ള ഗണിത ലോകത്തിന്റെ മധുര പ്രതികാരമായി പലര്‍ക്കും തോന്നി

maryna vazovska

'ശാസ്ത്രത്തിന്റെ റാണിയാണ് ഗണിതം'. ഇങ്ങനെ അഭിപ്രായപ്പെട്ടത് വിശ്വഗണിതജ്ഞനായ, 'കണക്കിന്റെ രാജകുമാരന്‍ ' എന്നറിയപ്പെടുന്ന കാള്‍ ഫ്രഡറിക് ഗൗസ്സ് ആയിരുന്നു. പ്രകൃതിയുടെ ഭാഷ ഗണിതമാണെന്ന് ഒരു തത്വചിന്തകന്‍ കൂടി ആയിരുന്ന ഗലീലിയോ പറഞ്ഞിരുന്നു. ഗണിതം കലയുടെ പൂര്‍ണമായ രൂപമാണെന്ന് സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവ് കൂടി ആയിരുന്ന പ്രശസ്ത ബ്രിട്ടീഷ് ചിന്തകനായ ഗണിതജ്ഞന്‍ ബെര്‍ട്രണ്ട് റസ്സലും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഗണിതത്തിന്റെ വേറിട്ട തലവും സ്വാധീനവും ശാസ്ത്രത്തിന്റെ വിവിധ രംഗങ്ങളിലുള്ള പ്രഗത്ഭര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഗണിതത്തിന് എന്തൊക്കയോ പ്രത്യേകത ഉണ്ടെന്ന് അര്‍ത്ഥം. എല്ലാ വിജ്ഞാനമേഖലകളിലും ഗണിതത്തിന്റെ പ്രകടമായ സ്വാധീനവും പ്രായോഗികതയും കാണാം. ശുദ്ധ ഗണിതം, പ്രായോഗിക ഗണിതം എന്നൊക്കെ വേര്‍തിരിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഐസക്ക് ന്യൂട്ടന്റെ കാലത്തൊക്കെ, ഊര്‍ജതന്ത്രത്തിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു ഗണിതത്തിലെ പുതിയ സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്. കലനസിദ്ധാന്തം (CALCULUS ) ഏറ്റവും നല്ല ഉദാഹരണമാണ് . പക്ഷെ, ഇപ്പോള്‍ ജന്തു ശാസ്ത്രവും, ധനതത്വശാസ്ത്രവും മറ്റുമാണ് ഗണിത ശാസ്ത്രത്തിന്റെ സുഹൃദ് ബന്ധം തേടി പോകുന്നത്.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, സ്വാഭാവിക തിരഞ്ഞെടുപ്പിന്റെ തത്വവും ഇപ്പോള്‍ ഗണിതഞ്ജര്‍ വിശകലനം ചെയ്യുന്നു. ഗണിതത്തിന്റെ ഏറ്റവും പുതിയ ഒരു പ്രായോഗിക തലമാണിത് .അത്ഭുതം തോന്നിയേക്കാം. അത്ഭുതം, അപ്രതീക്ഷിതം എന്നിവയ്ക്ക് ഒട്ടും പ്രസക്തി ഇല്ലാതെയാണ് ശാസ്ത്ര ഗവേഷണത്തിന്റെ കുതിപ്പ്. ഒരു നൂതന ശാഖ തന്നെ ഈയിടെ ഉടലെടുത്തു- 'എവോലുഷനറി ഗ്രാഫ് തിയറി'(EVOLUTIONARY GRAPH THEORY). ഗ്രാഫ് സിദ്ധാന്തം, സംഭവ്യതാ സിദ്ധാന്തം, മാത്തമറ്റിക്കല്‍ ബയോളജി എന്നീ വിഷയങ്ങളുടെ സംയുക്ത വിഷയമാണിത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മാര്‍ട്ടിന്‍ നോവാക് ആണ് ഈ ഗവേഷണ മേഖലയുടെ അമരക്കാരന്‍. ജന്തു ശാസ്ത്രത്തിലെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് മാത്രം ഇതിന്റെ വിശദീകരണം സാധ്യമല്ലെന്ന് അദ്ദേഹം മനസ്സിലാക്കിയപ്പോള്‍, ഗണിതത്തിലെ ഗ്രാഫ് സിദ്ധാന്തത്തിന്റെ സഹായം തേടി. വളരെ ഗഹനമായ ഒരു ഗവേഷണ മേഖലയാണിത്.

GRIGORI PERELMAN

നമ്മുടെ മസ്തിഷ്‌കത്തില്‍ ഒരു ജിപിഎസ് ഉണ്ടെന്നും, അതിലൂടെ നമ്മുടെ മസ്തിഷ്‌കത്തില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ അവ ആവശ്യം വരുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുത്താന്‍ സാധിക്കുമെന്നും ഈയിടെ തെളിയിക്ക പ്പെട്ടു. എഡ്വേര്‍ഡ് മോസേര്‍ - മെയ് ബ്രിട്ട് മോസേര്‍ ദമ്പതികള്‍ക്കും ,ജോണ്‍ ഓ കീഫ് നും, ഈ കണ്ടുപിടിത്തത്തിന് 2014ല്‍ മെഡിസിന്‍ നൊബേല്‍ സമ്മാനം ലഭിച്ചു . ഗണിത ശാസ്ത്രപരമായ സമീപനമായിരുന്നു അവരുടേത് . അതോടെ, മസ്തിഷ്‌ക പഠനവും കണക്കിനോട് കൂടുതല്‍ അടുത്തു.

എന്തുകൊണ്ടാണ് നൊബേല്‍ കണക്കിനെ ഒഴിവാക്കിയത്? ഗണിതത്തിന് സമൂഹത്തെ സ്വാധീനിക്കാന്‍ പറ്റിയ പ്രകടമായ പ്രായോഗികത ഇല്ല എന്നാണ് നൊബേല്‍ വിലയിരുത്തിയത്. വളരെ വിഡ്ഢിത്തമായില്ലേ? അന്തരിച്ച ആല്‍ഫ്രഡ് നൊബേല്‍ പുനര്‍ജനിച്ചാല്‍ തീര്‍ച്ചയായും ഗണിതത്തിനും കൊടുക്കും നൊബേല്‍ സമ്മാനം. മൗലിക പ്രതിഭയായ ശ്രീനിവാസ രാമാനുജന്‍ തീര്‍ച്ചയായും നൊബേല്‍ പട്ടികയില്‍ ഇടം പിടിച്ചേനെ. പക്ഷെ , ഗണിതജ്ഞര്‍ക്കു മറ്റു വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്, അതില്‍ പ്രമുഖരാണ് ബെര്‍ട്രാന്‍ഡ് റസ്സല്‍, ജോണ്‍ നാഷ്, സര്‍ റോജര്‍ പെന്റോസ് തുടങ്ങിയവര്‍.

ഗണിതത്തിലെ നൊബേല്‍ എന്ന് പരക്കെ അറിയപ്പെടുന്ന 'ഫീല്‍ഡ്‌സ് മെഡല്‍ ', ഈ വര്‍ഷം വീണ്ടും ഒരു വനിതയെ തേടി എത്തി. ഹെല്‍സിങ്കിയില്‍ ജൂലായ് 6 മുതല്‍ 14 വരെ ഓണ്‍ലൈന്‍ ആയി നടത്തിയ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് മാത്തമാറ്റിക്‌സ് (ഐസിഎം) സമ്മേളനത്തില്‍ ആ വനിതയുടെ പേര് വിളിച്ചപ്പോള്‍ അത് റഷ്യയോടുള്ള ഗണിത ലോകത്തിന്റെ മധുര പ്രതികാരമായി പലര്‍ക്കും തോന്നി. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ , റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ മഹാസമ്മേളനം രണ്ടു മാസങ്ങള്‍ക്കു മുമ്പാണ്, പ്രധാന സംഘാടകരായ ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്‍ (ഐഎംയു) യുക്രൈനിലെ ഗണിതജ്ഞരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാറ്റിവെച്ചത്. ശാസ്ത്ര ലോകം പ്രകീര്‍ത്തിച്ച ഒരു തീരുമാനം ആയിരുന്നു അത്. ഫീല്‍ഡ്‌സ് പുരസ്‌കാരത്തിന് അര്‍ഹയായ, രണ്ടാമത്തെ വനിത മരിന സെര്‍ഗിവ്‌ന വ്യാസോവ്‌സ്‌ക (Maryna Sergiivna Viazovska) എന്ന മുപ്പത്തെട്ടുകാരിയായ യുക്രൈന്‍ ഗണിതജ്ഞയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ഗണിത ഗവേഷകര്‍ ഹര്‍ഷാരവത്തോടെയാണ് ഈ സന്തോഷ വാര്‍ത്ത സ്വീകരിച്ചത്.

Andrew Wiles

സംഖ്യാശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഇവര്‍ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇപിഎഫ്എലില്‍ (EPFL)പ്രൊഫസര്‍ ആണ്. ഓക്‌സ്ഫഡ് കേന്ദ്രീകരിച്ചുള്ള ക്ലേ റിസര്‍ച്ച് ഫൗണ്ടേഷന്‍ 1999 മുതല്‍, ഗണിതത്തിലെ ഉദാത്തമായ സംഭാവനകള്‍ക്ക് നല്‍കി വരുന്ന 'ക്ലേ റിസര്‍ച്ച് അവാര്‍ഡ്', തഞ്ചാവൂരിലെ ശാസ്ത്രാ യൂണിവേഴ്‌സിറ്റി നല്‍കിവരുന്ന 'ശാസ്ത്രാ-രാമാനുജന്‍ പുരസ്‌കാരം', 1989 മുതല്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കി വരുന്ന' ഫെര്‍മാ പുരസ്‌കാരം' എന്നിവ ലഭിച്ചിട്ടുള്ള ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗണിതശാസ്ത്ര ഒളിംപ്യാഡുകളില്‍ ഉന്നത സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഹ്യൂഗോ ഡുമിനില്‍-കോപിന്‍ (ജനീവ യൂണിവേഴ്‌സിറ്റി), ജൂണ്‍ ഹൂ(പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി), ജെയിംസ് മെയ്‌നാര്‍ഡ് (ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി) എന്നിവരും ഈ വര്‍ഷത്തെ ഫീല്‍ഡ്‌സ് പുരസ്‌കാരത്തിന് അര്‍ഹരായി.

2014 ലെ ഫീല്‍ഡ്‌സ് പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മറിയം മിര്‍സാഖനിയും ഉള്‍പ്പെട്ടിരുന്നു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയും, ആദ്യ ഇറാനിയന്‍ ഗണിതജ്ഞയും ആയി അവര്‍ ചരിത്രത്തില്‍ സ്ഥാനം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ ആയിരുന്ന അവര്‍ അര്‍ബുദ രോഗം കാരണം 2017 ല്‍ നാല്‍പ്പതാം വയസ്സില്‍ അന്തരിച്ചു. അവരുടെ ജന്മദിനമായ 2018 മെയ് 12 മുതല്‍ 'അന്താരാഷ്ട്ര വനിതാ ഗണിതജ്ഞ ദിനം' ആയി ആചരിക്കുന്നു. അന്തര്‍ദേശീയ ഗണിതശാസ്ത്ര ഒളിംപ്യാഡില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ കുടുംബത്തില്‍, കാനഡയില്‍ ജനിച്ച പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ മഞ്ജുള്‍ ഭാര്‍ഗവ, ആര്‍തര്‍ ആവില, മാര്‍ട്ടിന്‍ ഹൈറെര്‍ എന്നിവര്‍ക്കും 2014 ല്‍ ഈ പുരസ്‌കാരം ലഭിച്ചു.

Akshay Venkatesh

ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്‍ (ഐഎംയു ) സംഘടിപ്പിക്കാറുള്ള ഗണിതജ്ഞരുടെ മഹാ സമ്മേളനമാണ് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് മാത്തമാറ്റിക്‌സ് (ഐസിഎം). സ്വിറ്റ്‌സര്‍ലണ്ടിലെ സുറിച്ച് നഗരത്തില്‍ 1897 ലായിരുന്നു ആദ്യ സമ്മേളനം. 2010 ലെ ഐസിഎം ഹൈദരാബാദിലാണ് നടന്നത്.

1936 മുതലാണ് ഫീല്‍ഡ്‌സ് പുരസ്‌കാരങ്ങള്‍ നല്‍കി തുടങ്ങിയത്. 1924 ല്‍ ടൊറന്റോയില്‍ നടത്തപ്പെട്ട ഐസിഎമ്മിന്റെ മുഖ്യ സംഘാടകന്‍ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫ. ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സ് ആയിരുന്നു. നടത്തിപ്പിലെ മിച്ചം വന്ന തുക ഗണിതത്തിലെ മൗലിക ഗവേഷണം നടത്തുന്ന യുവ ഗവേഷകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ നീക്കിവെച്ചു. 1932 ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ വില്‍പത്രത്തിലെ ഈ തീരുമാനം 1936 ല്‍ നടപ്പിലാക്കിയത് , സുഹൃത്തായ ഐറിഷ് ഗണിതജ്ഞന്‍ ജോണ്‍ ലൈറ്റന്‍ സിന്‍ജു ( John Lighton Synge ) ആയിരുന്നു.

ഗണിതത്തില്‍ ഉദാത്തമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള, മറ്റുള്ളവരെ അത്തരം ഗവേഷണങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, നാല്‍പ്പത് വയസ്സ് തികയാത്ത , പരമാവധി നാല് പേര്‍ക്ക്, നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഐസിഎമ്മില്‍ വെച്ചാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുക പതിവ്. മെഡലിന്റെ ഒരു വശത്ത് ആര്‍ക്കമെഡീസിന്റെ ചിത്രവും മറുവശത്ത്, 'ലോകത്തെമ്പാടുമുള്ള ഗണിതജ്ഞര്‍, ഉന്നത രചനകള്‍ക്ക്' എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

നൊബേല്‍ സമ്മാനത്തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയതാണ് സമ്മാനത്തുകയെങ്കിലും ഈ പുരസ്‌കാരം ഗണിതത്തിന്റെ നൊബേല്‍ സമ്മാനമായി കണക്കാക്കപ്പെടുന്നു. ഒരിക്കല്‍ മാത്രമേ നാമ നിര്‍ദേശം ചെയ്യാവൂ എന്ന നിബന്ധനയുമുണ്ട്. നൊബേല്‍ സമ്മാനങ്ങള്‍ക്കു ഈ നിബന്ധന ഇല്ല.ലോകമെമ്പാടുമുള്ള 64 യുവ ഗണിതജ്ഞര്‍ക്കു ഇതുവരെ ഫീല്‍ഡ്‌സ് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. ഭാരതീയരായ നൊബേല്‍ ജേതാക്കളുണ്ടെങ്കിലും , ഇതുവരെ ഒരു ഭാരതീയനും ഈ പുരസ്‌കാരം ലഭിച്ചിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്.

ഫിന്‍ലാന്‍ഡിലെ ഗണിതജ്ഞനും വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമായ 'കോംപ്ലക്‌സ് അനാലിസിസ്' എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ ലാര്‍സ് .വി.അല്‍ഫോര്‍സിനും അമേരിക്കന്‍ ഗണിതജ്ഞനായ ജെസ്സെ ഡഗ്ലസിനും സംയുക്തമായി ആദ്യത്തെ ഫീല്‍ഡ്‌സ് പുരസ്‌കാരം നല്‍കി. ഫ്രഞ്ച് ഗണിതജ്ഞനായ ജീന്‍-പിയര്‍ സെറിന് (Jean-Pierre Serre) 1954 ല്‍ ഈ പുരസ്‌കാരം ലഭിച്ചപ്പോള്‍ വെറും 27 വയസ് മാത്രം. അദ്ദേഹത്തിന് 2003 ല്‍ പ്രഥമ ആബേല്‍ പുരസ്‌കാരവും ലഭിച്ചു.

അലക്‌സാണ്ടര്‍ ഗ്രൊതെണ്ടിക്ക്, സെര്‍ഗെയ്വ് നോവിക്കോവ്, ഗ്രിഗറി മാര്‍ഗുലിസ് എന്നിവര്‍ക്ക് വിവിധ കാരണങ്ങളാല്‍ ഈ പുരസ്‌കാരം നേരിട്ട് സ്വീകരിക്കാന്‍ സാധിച്ചില്ല. ഇക്കൂട്ടരില്‍ ഗ്രിഗറി മാര്‍ഗലീസ് 1962-ല്‍ അന്തര്‍ദേശീയ ഗണിത ഒളിംപ്യാഡില്‍ വെള്ളി മെഡലും, 2020 ല്‍ ആബേല്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞന്‍ എന്ന ബഹുമതിക്ക് 1990-ല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്രൊഫ. എഡ്വേര്‍ഡ് വിറ്റന്‍ അര്‍ഹനായി.

വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതരായ ബ്രിട്ടീഷ് ഗണിതജ്ഞന്‍ തിമോത്തി ഗോവെര്‍സ്, ഓസ്ട്രേലിയന്‍ ഗണിതജ്ഞന്‍ ടെറന്‍സ് ടാവോ ,ഇന്ത്യയില്‍ ജനിച്ച ഓസ്ട്രേലിയന്‍ പൗരന്‍ അക്ഷയ് വെങ്കടേഷ് എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

John charles fields.

ഫീല്‍ഡ്സ് മെഡലിന്റെ ചരിത്രത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട രണ്ടു രസകരമായ കാര്യങ്ങളുണ്ട്. ഫ്രഞ്ച് ഗണിതജ്ഞനായിരുന്ന പിയറി ദു ഫെര്‍മാ (Pierre de Fermat), 1637 ല്‍ എഴുതിയ, 'ഫെര്‍മാ യുടെ അവസാനത്തെ സിദ്ധാന്തത്തിന്'(Fermat's Last Theorem) , 358 വര്‍ഷത്തിന് ശേഷം, സര്‍ ആന്‍ഡ്രൂ ജോണ്‍ വൈല്‍സ് നല്‍കിയ തെളിവുകള്‍ ഗണിതലോകത്തെ സുവര്‍ണരേഖകളാണ്. 1995 ലാണ് ഇത് പൂര്‍ണമായും തെളിയിക്കപ്പെട്ടത്. അപ്പോള്‍, ആന്‍ഡ്രൂ വൈല്‍സിന് നാല്‍പത് വയസ്സ് പിന്നിട്ടിരുന്നു. അക്കാരണത്താല്‍ അദ്ദേഹത്തിന് ഫീല്‍ഡ്‌സ് പുരസ്‌കാരം ലഭിച്ചില്ല. പക്ഷെ 1998 ലെ ബെര്‍ലിന്‍ ഐസിഎമ്മില്‍, ചരിത്രത്തിലാദ്യമായി അദ്ദേഹത്തിന് ഒരു വെള്ളി ഫലകം സമ്മാനിച്ചു .' ക്വാന്റൈസ്ഡ് ഫീല്‍ഡ്‌സ് മെഡല്‍' (Quantised Fields Medal) ' എന്നാണ് അതിനെ വിശേഷിപ്പിച്ചത്. മഞ്ജുള്‍ ഭാര്‍ഗവ ഇദ്ദേഹത്തിന്റെ ഒരു ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്നു എന്നത് മറ്റൊരു രസം. പിന്നീട്, 2016-ല്‍ ഇതേ സംഭാവനയ്ക്ക് ആബേല്‍ പുരസ്‌കാരം കിട്ടി എന്നതും കൂടുതല്‍ രസം!

പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചതില്‍ ഒരു പ്രശ്‌നമാണ് 'പോയന്‍കാരെ അഭ്യൂഹം '(POINCARE CONJECTURE) . 1904 മുതലുള്ള ഈ അഭ്യൂഹം 2002 ല്‍, റഷ്യന്‍ ഗണിതജ്ഞനായ ഗ്രിഗറി പെരെല്‍മാന്‍ തെളിയിച്ചു. ഗണിതലോകത്തെ ഞെട്ടിച്ച ഈ സംഭാവനക്ക്, 2006 ല്‍ ഫീല്‍ഡ്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹം അതുനിരസിച്ചത് കൂടുതല്‍ ഞെട്ടലുണ്ടാക്കി! യൂറോപ്യന്‍ ഗണിത സംഘടനയുടെ പുരസ്‌കാരം, ഒരു മില്യണ്‍ ഡോളര്‍ പുരസ്‌കാരം എന്നിവയും അദ്ദേഹം നിരസിച്ചിട്ടുണ്ട്. ഗണിതം പോലെത്തന്നെ ചില ഗണിതജ്ഞരും ഒരു പ്രഹേളികയാണ്. അതാണതിന്റെ ഒരു സൗന്ദര്യവും.

എല്ലാ ഗണിത ഗവേഷകരും ഉറ്റുനോക്കുന്ന അടുത്ത ഐസിഎം ,2026 ല്‍ അമേരിക്കയിലാണ് നടക്കുന്നത്.

മറിയം മിര്‍സാഖാനിയും മഞ്ജുള്‍ ഭാര്‍ഗ്ഗവയും ഫീല്‍ഡ്‌സ് പുരസ്‌കാരം, കൊറിയയിലെ സിയോളില്‍ വെച്ച് സ്വീകരിക്കുന്നതും, പെരെല്‍മാന്‍ ഈ പുരസ്‌കാരം നിരസിച്ചു എന്ന വാര്‍ത്ത മാഡ്രിഡില്‍ വെച്ച് നേരിട്ട് കേള്‍ക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

അമ്പാട്ട് വിജയകുമാര്‍, ഗണിത വിഭാഗം,കൊച്ചി സര്‍വകലാശാല
(പ്രണവം, മാവേലിനഗര്‍, കൊച്ചി -682033 )

Content Highlights: fields medal 2022 Maryna Viazovska

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented