Representative Image/Getty images
1960കളില്‍ ക്ഷണിച്ചുകൊണ്ടുവന്ന ഗ്വാളിയര്‍ റയോണ്‍സ് കമ്പനി ഈറ്റയും മുളയും വെട്ടിയെടുത്ത് കേരളത്തിലെ കാടുകളെ വെളുപ്പിക്കുകയും ചാലിയാര്‍നദിയെ മലീമസപ്പെടുത്തുകയും ചെയ്ത സംഭവകഥയില്‍ ഒരു സന്ദേശമുണ്ടല്ലോ. അവിടെനിന്നായിരിക്കണം നാം നമ്മുടെ സംസ്ഥാനത്തിന്റെ വികസനപരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കേണ്ടതെന്നു തോന്നുന്നു. ഈറ്റയും മുളയും അപ്രത്യക്ഷമായതോടെ അതുപയോഗിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് അടിസ്ഥാനമില്ലാതെയായി. പുഴയുടെ നാശത്തിലൂടെ ജീവിതം വഴിമുട്ടിയവര്‍ മത്സ്യബന്ധനം എന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അവസാനം ഫാക്ടറി അടയ്‌ക്കേണ്ടിവന്നപ്പോള്‍ അവിടെ തൊഴില്‍ചെയ്തവരുടെ ജീവിതവും വഴിമുട്ടി. ഇന്ത്യയുടെ ഇതരപ്രദേശങ്ങളിലും മറ്റു രാജ്യങ്ങളിലും പ്രകൃതിചൂഷണത്തില്‍ അധിഷ്ഠിതമായി നടപ്പാക്കിയിട്ടുള്ള വ്യാവസായിക സമ്പ്രദായങ്ങളുടെ മാതൃകതന്നെയായിരുന്നു അറുപതുകളില്‍ കേരളത്തിലും പരീക്ഷിച്ചുതുടങ്ങിയത്. വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു.
ജൈവവ്യവസ്ഥയില്‍ ഇടപെടുമ്പോള്‍
ഉത്പാദനപ്രക്രിയയില്‍ ഇപ്പോഴും എല്ലാവരും കാണുന്നത് മൂലധനത്തെയും അധ്വാനത്തെയും മാത്രമാണ്. ഈ സാമ്പ്രദായിക കാഴ്ചപ്പാടില്‍ ഭൗമമണ്ഡലത്തിന്റെ പങ്ക് അവഗണിക്കപ്പെടുന്നു. സാങ്കേതികശാസ്ത്രപരമായ ഇടപെടലുകള്‍കൊണ്ട് അത്തരം ഭൗമസംബന്ധിയായ പ്രശ്‌നങ്ങളെ പരിഹൃതമാക്കാം എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ജൈവവ്യവസ്ഥയോ അതിനോടടുപ്പിച്ചുള്ള സേവനങ്ങളോ ഒരു പ്രാകൃതിക മൂലധനമെന്ന രീതിയില്‍ കാണുകയും ഇന്ന് പിന്തുടരുന്ന സാമ്പത്തികക്രമത്തില്‍ അതിനെ അനുബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍മാത്രമേ സ്ഥായിയായ ഒരു സാമൂഹികനിര്‍മിതിക്കുള്ള ഇടം ലഭിക്കുകയുള്ളൂ. പ്രകൃതിവിഭവങ്ങള്‍ പുതുക്കാനാകാത്ത രീതിയില്‍ വ്യാപകമായ ശോഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നുള്ളതാണ് നമ്മുടെ ഇന്നത്തെ വിഷമസന്ധിക്കുള്ള അടിസ്ഥാനകാരണം. ഇതുതന്നെയാണ് നിയോലിബറല്‍ സാമ്പത്തികക്രമത്തിലെ പരിധിയില്ലാത്ത വളര്‍ച്ച എന്ന പ്രഥമതത്ത്വം ചോദ്യംചെയ്യപ്പെടാനുള്ള കാരണവും. വളര്‍ച്ചയുടെ കണക്കെടുപ്പ് കേവലം സാമ്പത്തിക ഇടപാടുകള്‍ അടിസ്ഥാനപ്പെടുത്തി മാത്രമല്ല, ഭൗമഭൗതികജീവ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രസക്തിയും ഇവിടെ നാം അംഗീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കൃഷി എന്നുപറയുമ്പോള്‍ വിളവെടുക്കലും അതില്‍നിന്നുണ്ടാകുന്ന ലാഭവും മാത്രമല്ല, അതോടൊപ്പം രാസവളപ്രയോഗത്തിലൂടെ മണ്ണിനുണ്ടാകുന്ന അപക്ഷയവും ഭൂഗര്‍ഭജലത്തിനും ജലവിതാനത്തിനും വരുന്ന മാറ്റങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.
ഡൊണെല മെഡോസിന്റെ മുന്നറിയിപ്പ്
പ്രാകൃതിക മൂലധനത്തെക്കുറിച്ചുള്ള അവബോധം വേരൂന്നിയത് 1970കളുടെ തുടക്കത്തിലാണ്. ഇതിനൊരു പ്രധാന പങ്കുനിര്‍വഹിച്ചത് 1972ല്‍ പുറത്തിറങ്ങിയ 'വളര്‍ച്ചയുടെ പരിധികള്‍' എന്ന പ്രസിദ്ധീകരണമാണ്. പുതുക്കല്‍ സാധ്യമല്ലാത്ത പ്രകൃതിവിഭവങ്ങളുടെ ശോഷണം ലോക സാമ്പത്തികഘടനയെ കാലക്രമേണ തകര്‍ക്കാന്‍ ഇടയാക്കുമെന്ന് 50 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ ആ പുസ്തകത്തില്‍ പ്രവചിക്കുന്നുണ്ട്. അമേരിക്കയിലെ എം.ഐ.ടി.യിലെ ഒരു സംഘം സാമ്പത്തികവിദഗ്ധര്‍ അന്ന് ലഭ്യമായിരുന്ന ആദ്യകാല കംപ്യൂട്ടറുകളെയും കോഡുകളെയും ഉപയോഗിച്ച് സാധ്യമാക്കിയ മോഡലുകളെ ആശ്രയിച്ചാണ് അന്ന് ലോകത്തെ ഞെട്ടിച്ച പ്രവചനങ്ങള്‍ നടത്തിയത്. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്തില്‍ ഊന്നിക്കൊണ്ടുമാത്രമുള്ള സാമ്പത്തികവളര്‍ച്ച 2070 ആകുന്നതോടെ ലോക വ്യവസ്ഥയെത്തന്നെ അപ്പാടേ തകിടംമറിക്കുമെന്നും മനുഷ്യരാശിയുടെ തകര്‍ച്ചയ്ക്ക് അത് വഴിയൊരുക്കുമെന്നും ഡൊണെല മെഡോസ് എന്ന സാമ്പത്തികശാസ്ത്രജ്ഞ നേതൃത്വംനല്‍കിയ ആ പഠനസംഘം മുന്നറിയിപ്പുനല്‍കുന്നു. 50 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അവരുടെ മുന്നറിയിപ്പുകള്‍ എല്ലാംതന്നെ ശരിയായിക്കൊണ്ടിരിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനസൂചികയെ (ജി.ഡി.പി.) മാത്രം ആശ്രയിക്കാതെ പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തെക്കൂടിയും ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രമേ വളര്‍ച്ചത്തോതിനെ അളക്കാന്‍ സാധിക്കുകയുള്ളൂ എന്ന സൂചനയും ആ പുസ്തകം നല്‍കുന്നുണ്ട്.
പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച വ്യാവസായികതരംഗം ഇപ്പോള്‍ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതോടൊപ്പംതന്നെ മണ്ണിന്റെയും സമുദ്രത്തിന്റെയും അന്തരീക്ഷത്തിന്റെയും രാസചേരുവകള്‍ മനുഷ്യന്‍ മാറ്റിയെടുത്തിയിരിക്കുന്നു. ഭൗമശാസ്ത്രകല്പങ്ങളില്‍ ഒരു ആന്ത്രോയുഗം (ആന്ത്രോപ്പോസീന്‍) ഉദയംചെയ്തിരിക്കുന്നു. പ്രകൃതിയിലുള്ള മനുഷ്യപ്രചോദിതമായ ഇടപെടലുകള്‍ നമ്മെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകാന്‍ വിധിച്ചിരിക്കുന്നു. പ്രകൃതിസംവിധാനങ്ങളിലെ സംവഹനശേഷിയുടെ അതിരുകള്‍ ഭേദിക്കപ്പെട്ടാല്‍ ആ വ്യവസ്ഥിതികള്‍ക്ക് ഒരിക്കലും പഴയക്രമങ്ങളിലേക്ക് തിരിച്ചെത്താനാവുകയില്ല. മനുഷ്യന്‍ ഇതിനകംതന്നെ കാലാവസ്ഥ, ജൈവവൈവിധ്യം, നൈട്രജന്‍ഫോസ്ഫറസ് ചാക്രികത്വം തുടങ്ങിയ വ്യവസ്ഥിതികളുടെ 'ടിപ്പിങ് പോയന്റുകളില്‍' എത്തിക്കഴിഞ്ഞു എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.
എന്താണ് അഭിവൃദ്ധി
ലോകത്തെ എഴുപതുശതമാനം ജനങ്ങളും ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേമഐശ്വര്യങ്ങളുടെ പുറത്തുനില്‍ക്കുന്നവരാണ്. വിലകുറഞ്ഞ എണ്ണയുടെ കാലംകഴിഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില ലോകമാകെ ഉയരുകയാണ്. ശുദ്ധജലം ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ക്കുവേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വര്‍ഷപാതത്തോതിനെ ബാധിക്കുമെന്നുള്ളതാണ് വസ്തുത. എല്ലാ പ്രകൃതിവ്യവസ്ഥിതികളും ആഗോളതലത്തില്‍ അനോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രാഷ്ട്രസങ്കല്പങ്ങള്‍തന്നെ അര്‍ഥരഹിതമാകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.
അഭിവൃദ്ധി എന്നാല്‍, ഒരു ന്യൂനപക്ഷത്തിന്റെ ഭൗതികസുഖങ്ങളില്‍ മാത്രമല്ല, ബഹുഭൂരിപക്ഷത്തിന്റെയും ആരോഗ്യത്തിലും സന്തോഷത്തിലുമാണ് കുടികൊള്ളുന്നത്. നേരത്തേ സൂചിപ്പിച്ച 'വളര്‍ച്ചയുടെ പരിധികള്‍' എന്ന പുസ്തകം അതാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. മൊത്ത ആഭ്യന്തര വളര്‍ച്ചസൂചികയില്ല, സുസ്ഥിരമായ മനുഷ്യാഭിവൃദ്ധിയെ സൂചിപ്പിക്കുന്ന ഒരു മൊത്ത സന്തോഷസൂചിക(Gross happiness Index)യെയാണ് നാം വികസിപ്പിക്കേണ്ടത്. 'പഴയഭൂമി, പുതിയലോകം' എന്നാകണം നമ്മുടെ മുദ്രാവാക്യം, മുഷ്ടിചുരുട്ടിയാലും ഇല്ലെങ്കിലും.
ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രൊഫസറാണ് ലേഖകന്‍
Content Highlights: development and new age society
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..