Photo: Armageddon Movie poster, Dart Nasa
ഭൂമിയ്ക്ക് പുറത്ത് ബഹിരാകാശ ശൂന്യതയില്‍ പലവഴിക്കായി നീങ്ങിക്കൊണ്ടിരിക്കുന്ന ഭീമന്‍ ശിലകള്‍. ഛിന്നഗ്രഹമെന്നും ഉല്‍ക്കയെന്നുമെല്ലാം അവയെ നമ്മള്‍ വിളിക്കുന്നു. ഭൂമിയിലേക്ക് ഉല്‍ക്ക പതിക്കുന്നതിനെ കുറിച്ച് പലപ്പോഴായി നമ്മള്‍ കേട്ടിട്ടുണ്ട്. ഭൂമിയ്ക്ക് അപകടകരമായ വിധത്തില്‍ ഒരു വലിയ ഉല്‍ക്കാ ശില ഭൂമിയിലേക്ക് കുതിച്ചുവരുന്നതിനെ കുറിച്ചും അതിനെ ബഹിരാകാശത്ത് നിന്ന് തന്നെ തകര്‍ക്കുന്നതിനെ കുറിച്ചും എടുത്ത ഒരു ഹോളിവുഡ് സിനിമയുണ്ട് ആര്‍മഗെഡന്‍ (Armageddon). യഥാര്‍ത്ഥത്തില്‍ മൈക്കല്‍ ബേ സംവിധാനം ചെയ്ത ഈ ഹൈപ്പര്‍ റിയലിസ്റ്റിക് സിനിമയെ മാതൃകയാക്കിയാണ് നാസ ഡാര്‍ട്ട് (DART) പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഭീമന്‍ ഛിന്നഗ്രഹത്തിലേക്ക് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം ഓയില്‍ ഡ്രില്ലര്‍മാര്‍ക്ക് പരിശീലനം നല്‍കി അയക്കുകയും അവിടെ ചെന്ന് ശിലയില്‍ തുളയുണ്ടാക്കി അതിനുള്ളില്‍ ആണുബോംബ് സ്‌ഫോടനം നടത്തി ഛിന്നഗ്രഹത്തെ തകര്‍ക്കുന്നതുമാണ് ആര്‍മഗെഡന്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്.
സിനിമയെ അപ്പാടെ പകര്‍ത്തിയില്ലെങ്കിലും ഭൂമിയിക്ക് അപകടം സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് തന്നെ ഗതിമാറ്റുന്നതിനുള്ള സാധ്യതയാണ് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) പദ്ധതിയിലൂടെ നാസ പരിശോധിക്കുന്നത്. ഇതിനായി മനുഷ്യനെ അയക്കുകയോ അണുബോംബ് സ്‌ഫോടനം നടത്തുകയോ നാസ ചെയ്യുന്നില്ല. പകരം ഡാര്‍ട്ട് പേടകം അതിവേഗത്തില്‍ ഇടിച്ചിറക്കി ഛിന്നഗ്രഹത്തിന്റെ സ്ഥാനം മാറ്റാനാകുമോ എന്നാണ് നോക്കുന്നത്.

ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഒരു തരത്തിലും ഭീഷണി സൃഷ്ടിക്കുന്നവയല്ല.
ചെറിയ ഛിന്നഗ്രഹങ്ങള്‍ ഇടക്കിടെ ഭൂമിയിലേക്ക് വരാറുണ്ട്. അതില്‍ ഭൂരിഭാഗവും ഭൗമോപരിതലത്തില്‍ എത്തുന്നതിന് അന്തരീക്ഷത്തില്‍ വെച്ച് തന്നെ കത്തിത്തീരുകയാണ് പതിവ്. എന്ന് കരുതി എല്ലാ ചിന്നഗ്രഹങ്ങളും അന്തരീക്ഷത്തില്‍ കത്തിത്തീരുമെന്ന് കരുതി പേടിക്കാനൊന്നുമില്ല എന്ന് കരുതരുത്. ഛിന്നഗ്രഹങ്ങളെ എല്ലായിപ്പോളും പേടിക്കേണ്ടത് തന്നെയാണ്.
ദിനോസറുകളും അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ജീവജാലങ്ങളും ഈ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത് 6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതിനെ തുടര്‍ന്നാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഒരു നഗരത്തോളം വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് പുറത്ത് സൗരയൂഥത്തിലുണ്ട്. 100 മീറ്റര്‍ മുതല്‍ 900 കിലോമീറ്റര്‍ വരെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളുണ്ട്. ആര്‍മഗഡന്‍ സിനിമയില്‍ 1000 കിലോമീറ്റര്‍ വീതിയുള്ള ഒരു ഛിന്നഗ്രഹത്തെയാണ് ചിത്രീകരിച്ചിട്ടുള്ളത്. അത് ടെക്‌സാസ് നഗരത്തിന് തുല്യമായ വലിപ്പമാണ്. ഡാര്‍ട്ട് പേടകം ചെന്നിടിക്കാന്‍ പോവുന്ന ഡൈമോര്‍ഫസ് ഛിന്നഗ്രഹത്തിന് 160 മീറ്റര്‍ ആണ് വീതിയുള്ളത്.
അടുത്ത നൂറ് വര്‍ഷക്കാലത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രങ്ങള്‍ വരുന്നുണ്ടോ എന്ന് നാസയ്ക്ക് അറിയില്ലെങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് ബഹിരാകാശ ശിലകള്‍ എത്തിയേക്കാം എന്നാണ് നാസ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

ബഹിരാകാശത്തിലെ ഛിന്നഗ്രഹത്തിന്റെ ചലനം മാറ്റുന്നതിനായി ഒരു ബഹിരാകാശ പേടകം ബോധപൂര്‍വം ഒരു ഛിന്നഗ്രഹവുമായി ഉയര്‍ന്ന വേഗതയില്‍ കൂട്ടിയിടിക്കുന്ന 'കൈനറ്റിക് ഇംപാക്റ്റര്‍' സാങ്കേതികതയുടെ ആദ്യ പരീക്ഷണമായിരിക്കും ഡാര്‍ട്ട്. എന്ന് നാസ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്റ്‌ലി ജോണ്‍സണ്‍ പറഞ്ഞു.
കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ആസ്ഥാനത്ത് നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്. 2022 സെപ്റ്റംബർ 26 നും ഒക്ടോബർ ഒന്നിനുമിടിയിലാവും പേടകം ഡൈമോര്‍ഫസിന് സമീപമെത്തുക.. ഡൈമോര്‍ഫസിന്റെ കേന്ദ്രഭാഗത്താണ് സ്‌ഫോടനം നടക്കുക. 24140 കിമീ വേഗത്തിലാണ് പേടകം ഇടിച്ചിറങ്ങുക. ഇടിയുടെ ആഘാതത്തില്‍ ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
കൂട്ടിയിടിക്ക് പത്ത് ദിവസം മുമ്പ് ലിസിയ ക്യൂബ് (LICIACube) എന്നൊരു ഒരു കുഞ്ഞന്‍ ഇറ്റാലിയന്‍ ബഹിരാകാശ പേടകം കൂട്ടിയിടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയക്കും.
ആര്‍മഗെഡനെ പോലെ അണുബോംബ് ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ട്?
അതേസമയം ആര്‍മഗെഡന്‍ സിനിമിയിലേത് പോലെ ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനം നടത്തുന്ന രീതി പരീക്ഷിക്കുന്നതിന് പകരം കൈനറ്റിക് ഇംപാക്ട് സാങ്കേതിക വിദ്യ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എന്ന് നാസ വ്യക്തമാക്കിയിട്ടില്ല.
അതിനുള്ള പ്രധാന കാരണം 1998 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വസ്തുതാപരമായി തെറ്റും യുക്തിക്ക് നിരക്കാത്തതുമായ നിരവധി ഘടകങ്ങളുണ്ടായിരുന്നുവെന്നതാണ്. തീര്‍ത്തും അസംഭവ്യം എന്ന രീതിയിലാണ് ആളുകള്‍ ചിത്രത്തിലെ പല രംഗങ്ങളെയും വിലയിരുത്തിയത്. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തിന് വലിയ സ്വീകാര്യത നേടാനും സാധിച്ചില്ല.
മാത്രവുമല്ല ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ഹൈഡ്രജന്‍ ബോംബ് ഉപയോഗിക്കുന്നത് അസാധ്യമാണെന്ന് 2011 ല്‍ നാല് ഭൗതികശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. സിനിമയില്‍ കാണിച്ചത് പോലുള്ള ഒരു ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ഇന്ന് ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും ശക്തിയേറിയ ആണവായുധമായ സാര്‍ ബോംബ എന്ന സോവിയറ്റ് ആര്‍ഡിഎസ്-220 എന്ന ഹൈഡ്രജന്‍ ബോംബിനേക്കാള്‍ ശക്തിയേറിയ ബോംബ് കന്നെ വേണ്ടിവരുമെന്ന് പഠനത്തില്‍ പറയുന്നു. ഒരു ഛിന്നഗ്രത്തെ തകര്‍ത്ത് രണ്ട് കഷ്ണങ്ങളാക്കി മാറ്റുന്നതിന് 80 ലക്ഷം ടെറാ ജൂള്‍സ് ഊര്‍ജം വേണ്ടിവരും. സോവിയറ്റ് ആര്‍ഡിഎസ്-220 ബോംബ് പരീക്ഷണത്തില്‍ 417,000 ടെറാജ്യൂള്‍ ഊര്‍ജം മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
എണ്ണകുഴിച്ചെടുക്കുന്ന ഓയില്‍ ഡ്രില്ലര്‍മാരെ ബഹിരാകാശ സഞ്ചാരത്തിനുള്ള പരിശീലനം നല്‍കുന്നത് എളുപ്പമുള്ള കാര്യമാണോ എന്നും ആളുകള്‍ അന്ന് ചോദിച്ചു.
Sources
- https://en.wikipedia.org/wiki/Armageddon_(1998_film)#cite_note-25
- https://en.wikipedia.org/wiki/Tsar_Bomba
- https://thenextweb.com/news/why-is-nasa-slamming-dart-spacecraft-into-asteroid
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..