Photo: CSIR-NIIST
സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലുവയിലെ കീഴ്മാടില്‍ പെര്‍ക്ലോറേറ്റ് മൂലം മലിനമായ കിണര്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ഉല്പാദിപ്പിക്കുന്നു. ജലസ്രോതസ്സുകളിലെ പെര്‍ക്ലോറേറ്റ് മലിനീകരണം ഇന്ത്യയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു പ്രശ്നമാണ്. ശക്തമായ ഓക്സിഡൈസിംഗ് ഏജന്റ് ആയതിനാല്‍ തന്ത്രപ്രധാന മേഖലകളിലും ബഹിരാകാശ ഗവേഷണ വികസന യൂണിറ്റുകളിലും, പടക്കം, തീപ്പെട്ടി നിര്‍മ്മാണം എന്നിവയുള്‍പ്പെടെ നിരവധി വ്യവസായങ്ങളിലും പെര്‍ക്ലോറേറ്റ് ലവണങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
പെര്‍ക്ലോറേറ്റ് ലവണങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഭൂഗര്‍ഭജലവും ഉപരിതല ജലസ്രോതസ്സുകളും രൂക്ഷമായ മലിനീകരണം നേരിടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ സാധാരണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതുമൂലം ഹൈപ്പോതൈറോയിഡിസത്തിലേക്കും അനുബന്ധ ശാരീരിക വൈകല്യങ്ങളിലേക്കും നയിക്കുന്നു എന്നുള്ളതാണ് പെര്ക്ലോറേറ്റിനെക്കുറിച്ചുള്ള പൊതുജനാരോഗ്യ ആശങ്ക.
2009 മുതല്‍ 2015 വരെ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി നടത്തിയ പഠനങ്ങളില്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ സ്ഥിതിചെയ്യുന്ന അമോണിയം പെര്‍ക്ലോറേറ്റ് പരീക്ഷണശാലയ്ക്ക് ചുറ്റുമുള്ള പ്രദേശത്തു നിന്നുള്ള കിണര്‍ വെള്ളത്തിന്റെ സാമ്പിളുകളില്‍ ഉയര്‍ന്ന അളവിലുള്ള പെര്ക്ലോറേറ്ററിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യയിലെ കുടിവെള്ള സാമ്പിളുകളില്‍ ഇത്രയും ഉയര്‍ന്ന അളവിലുള്ള പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യം ആദ്യമായാണ് കണ്ടെത്തുന്നത്.
കീഴ്മാട്, എടത്തല പഞ്ചായത്തുകളിലാണ് മലിനീകരണം കണ്ടെത്തിയത്. കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് മേഖലയിലെ പൊതു കിണറുകളില്‍ പെര്‍ക്ലോറേറ്റിന്റെ അളവ് ലിറ്ററില്‍ 45,000 മൈക്രോഗ്രാം വരെയായിരുന്നു. കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ തുടര്‍ന്നുള്ള പഠനങ്ങളില്‍ കീഴ്മാടിലെ പെര്‍ക്ലോറേറ്റ് മലിനമായ കിണര്‍ വെള്ളം കുടിച്ചവരില്‍ ഉയര്‍ന്ന ടിഎസ്എച്ച് അളവുണ്ടെന്ന് (ഹൈപ്പോതൈറോയിഡിസത്തെ സൂചിപ്പിക്കുന്നു) കണ്ടെത്തി. കീഴ്മാട് പഞ്ചായത്തിലെ മലിനമായ മൂന്ന് പൊതുകിണറുകള്‍ ആരോഗ്യവകുപ്പ് സ്ഥിരമായി അടച്ചു. കൂടാതെ ദുരിതബാധിത മേഖലയിലെ (കുളക്കാട് മേഖല) ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കേരള വാട്ടര്‍ അതോറിറ്റി മറ്റൊരിടത്ത് നിന്ന് ജലം എത്തിച്ചു.
പത്ത് വര്‍ഷത്തിനു ശേഷവും അടഞ്ഞുകിടക്കുന്ന കമ്മ്യൂണിറ്റി കിണറുകളിലെ പെര്‍ക്ലോറേറ്റിന്റെ അളവ് ലിറ്ററിന് 9090 മുതല്‍ 1490 മൈക്രോഗ്രാം വരെയാണെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി നടത്തിയ സമീപകാല പഠനങ്ങള്‍ കണ്ടെത്തി (ജൂലായ്, 2021). കുടിവെള്ളത്തില്‍ പെര്‍ക്ലോറേറ്റ്, ലിറ്ററിന് 70 മൈക്രോഗ്രാം വരെ ആകാവൂ എന്ന ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശത്തേക്കാള്‍ വളരെ കൂടുതലാണ് ഇത്.
വെള്ളത്തിലെ പെര്‍ക്ലോറേറ്റ് അയോണ്‍ വളരെ സ്ഥിരതയുള്ളതും പരമ്പരാഗത ജല ശുദ്ധീകരണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ പ്രയാസവുമാണ്. ഈ പ്രശ്നത്തിന് സുസ്ഥിരമായ ഒരു പരിഹാരമായി പെര്‍ക്ലോറേറ്റ് മലിനമായ ജലത്തെ ശുദ്ധീകരിക്കുന്നതിനായി ഒരു ഹൈബ്രിഡ് പ്രക്രിയ (ബയോ-ഫിസിക്കല്‍) വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി.
ഈ പ്രക്രിയയില്‍ മലിനമായ ജലം ആദ്യം ഒരു ബയോ-റിയാക്ടറില്‍ പ്രത്യേകം പോഷിപ്പിച്ചെടുത്ത ബാക്റ്റീരിയകളുടെ സഹായത്തോടെ ദോഷകരമല്ലാത്ത ക്ലോറൈഡും ഓക്സിജനുമായി മാറ്റം തുടര്‍ന്ന് കസ്റ്റം-ഡിസൈന്‍ ചെയ്ത അള്‍ട്രാഫില്‍ട്രേഷന്‍ (യുഎഫ്), റിവേഴ്സ് ഓസ്മോസിസ് (ആര്‍ഒ) യൂണിറ്റുകള്‍ എന്നിവയുടെ സംയോജനത്തിലൂടെ ബയോറിയാക്ടറില്‍ നിന്നുള്ള വെള്ളത്തിലെ അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. യുഎഫ്, ആര്‍ഒ യൂണിറ്റുകളില്‍ നിന്നുളള റീജക്ടറും ബയോ റിയാക്ടറില്‍ തന്നെ ശുദ്ധീകരിക്കുന്നതിനാല്‍ ഈ നൂതന സാങ്കേതിക വിദ്യ ഒരു സീറോ ഡിസ്ചാര്‍ജ് പ്രോസസ്സാണ്. തിരുവനന്തപുരം സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയിലെ പരിസ്ഥിതി സാങ്കേതിക വിഭാഗത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാര്‍ ബി.യുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് മുഴുവന്‍ പ്രക്രിയയും (പേറ്റന്റ് ഫയല്‍ ചെയ്തത്) വികസിപ്പിച്ചെടുത്തത്.
നിലവില്‍ ആലുവയിലെ കീഴ്മാട് പഞ്ചായത്തിലെ മലിനമായ സ്ഥലത്ത് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിക്ക് വേണ്ടുന്ന പൂര്‍ണ്ണ ധനസഹായം നല്‍കുന്നത് ഭാരത സര്‍ക്കാര്‍ ജല്‍ ശക്തി മന്ത്രാലയത്തിന്റെ ജല്‍ ജീവന് മിഷനാണ്. ഈ പദ്ധതിയിലൂടെ, ഉപേക്ഷിക്കപ്പെട്ട (അടച്ച) കിണറുകളിലൊന്നില്‍ നിന്നുള്ള പെര്‍ക്ലോറേറ്റ് മലിനമായ വെള്ളം പമ്പ് ചെയ്ത് കുടിവെള്ള നിലവാരത്തിലേക്ക് ശുദ്ധീകരിക്കും.
ഏകദേശം 2000 ലിറ്റര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ പ്രദര്‍ശന പ്ലാന്റിന് കഴിയും. ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം കുളക്കാട് മേഖലയിലെ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യും. പ്രാരംഭഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് ഈ സ്ഥലത്ത് ഡെമോണ്സ്ട്രേഷന് പ്ലാന്റ് പ്രവര്‍ത്തിക്കും. പ്രതിദിനം 2000 ലിറ്റര്‍ ജലം ഉല്പാദിപ്പിക്കാന് കഴിയുന്ന പ്ലാന്റിന്റെ മൂലധനച്ചെലവ് മൂന്ന് ലക്ഷം രൂപ ആണ്.
ശുദ്ധജല ഉല്പാദനച്ചെലവ് ലിറ്ററിന് 20 പൈസ ആയിരിക്കും (ഓപ്പറേറ്റര്‍ ചാര്‍ജ് ഉള്‍പ്പെടെ). ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കലും പ്രവര്‍ത്തനവും കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെയും കുളക്കാട് കോളനിയിലെ നാട്ടുകാരുടെയും പൂര്‍ണ പിന്തുണയോടും സഹകരണത്തോടും കൂടിയാണ്. 2022 ജനുവരി 14-ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സത്യല്ലു, ശ്രീമതി സ്നേഹ മോഹനന് (വാര്‍ഡ് അംഗം), മറ്റ് എല്‍എസ്ജി അംഗങ്ങള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പ്രോജക്ട് ടീം , കൂടാതെ കുളക്കാട് പ്രദേശവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
പെര്‍ക്ലോറേറ്റ് വിലയിരുത്തലും പരിഹാരവും സംബന്ധിച്ച് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയില്‍ കഴിഞ്ഞ 12 വര്‍ഷമായി തുടരുന്ന ഗവേഷണത്തില്‍ മണ്ണും മറ്റും പെര്‍ക്ലോറേറ്റ് വിമുക്തമാക്കുന്നതിനുള്ള ഒരു പ്രക്രിയയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പെര്‍ക്ലോറേറ്റ് ലവണങ്ങള്‍ വന്‍തോതില്‍ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളില്‍, മലിനമായ മണ്ണ് ഭൂഗര്‍ഭജല മലിനീകരണത്തിന് ഒരു പ്രധാന കാരണമാണ്.
പെര്‍ക്ലോറേറ്റ് അടങ്ങിയ മണ്ണ് ശുദ്ധീകരിക്കുന്നതിനു എന്‍ഐഐഎസ്ടി വികസിപ്പിച്ചെടുത്ത എക്സ്-സീറ്റു റീമെയ്ഷന് സിസ്റ്റം, ഇതിനായി വിദേശ രാജ്യങ്ങളില്‍ നിലവിലിരിക്കുന്ന സാങ്കേതികവിദ്യമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടേറെ ഗുണങ്ങള്‍ ഉള്ളതാണ്. പെര്‍ക്ലോറേറ്റ് കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്.
Content Highlights: CSIR-NIIST scientists developed perchlorate polluted water purification tech
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..