Photo: Neil Dave
വടക്കന്‍ ഇംഗ്ലണ്ടില്‍ ഒരു കാലത്ത് കാറിന്റെ വലിപ്പമുള്ള തേരട്ട ഉണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍. നോര്‍ത്തംബര്‍ലണ്ടിലെ ഒരു മലഞ്ചെരിവില്‍നിന്ന് വീണ ഒരു കല്ലില്‍നിന്ന് കണ്ടെത്തിയ ഫോസിലാണ് ഇത്തരം ഒരു നിരീക്ഷണത്തിലേക്ക് കേബ്രിജ് സര്‍വകലാശാലയെ നയിച്ചത്.
തീര്‍ത്തും ആകസ്മികമായൊരു കണ്ടെത്തലായിരുന്നു ഇതെന്ന് കേബ്രിജ് സര്‍വകലാസാലയിലെ എര്‍ത്ത് സയന്‍സസ് വിഭാഗത്തില്‍ നിന്നുള്ള ഡോ. നീല്‍ ഡേവിസ് പറഞ്ഞു. മലഞ്ചെരിവില്‍നിന്ന് വീണ പാറ അതിനുള്ളില്‍ മറഞ്ഞിരുന്ന ഫോസില്‍ വെളിവാകും വിധത്തില്‍ പൊട്ടിപ്പിളരുകയായിരുന്നു. അതുവഴി പോയ സര്‍വകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഇത് കണ്ടെത്തിയത്.
ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തേരട്ടയുടെ ഫോസിലാണ് ഇതെന്ന് ഗവേഷക സംഘം പറഞ്ഞു. ഇതിന് 2.7 മീറ്റര്‍ നീളവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നതായും അവര്‍ പറയുന്നു. ഏകദേശം 32.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവ ജീവിച്ചിരുന്നത്. ആര്‍ത്രോപ്ല്യൂറ ജനുസില്‍ പെടുന്നവയാണിവ. ജിയോളജിക്കല്‍ സൊസൈറ്റി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ഭീമന്‍ തേരട്ടയുടെ ഫോസില്‍ അത്യപൂര്‍വമാണ്. കാരണം സാധാരണ തേരട്ടകള്‍ ചത്താല്‍ അവയുടെ ശരീരം കഷ്ണങ്ങളായി വിഭജിച്ച് പോവുകയാണ് പതിവ്.

ഇപ്പോള്‍ കണ്ടെത്തിയ ഫോസിലില്‍ തേരട്ടയുടെ തലയില്ല. അക്കാലത്ത് വളരെ പോഷകമുള്ള വസ്തുക്കളാണ് ഇവ കഴിച്ചിരുന്നത് എന്നാണ് ഗവേഷകരുടെ അനുമാനം. അക്കാലത്ത് ലഭ്യമായിരുന്ന കായ്കളും വിത്തുകളുമായിരിക്കാം ഇവ ഭക്ഷിച്ചിരുന്നത്. അക്കാലത്തുണ്ടായിരുന്ന പാമ്പുകള്‍, മറ്റ് ഇഴജന്തുക്കള്‍, തവളകള്‍ പോലുള്ള ജീവികളെ ഇവ ഭക്ഷിക്കാറുണ്ടായിരുന്നിരിക്കാം.
25 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍ത്രോപ്ല്യൂറ വിഭാഗത്തിലുള്ള ജീവികള്‍ വംശനാശം നേരിട്ടുവെന്നാണ് അറിയപ്പെടുന്നത്. എന്താണ് വംശനാശത്തിന് കാരണമായത് എന്ന് വ്യക്തമല്ല. ചിലപ്പോള്‍ ആഗോള താപനം കൊണ്ടായിരിക്കാം. മറ്റ് ഉരഗ ജീവി വര്‍ഗങ്ങള്‍ വളര്‍ന്നുവന്നതും ഇവയുടെ വംശനാശത്തിന് കാരണമായിട്ടുണ്ടാകാം.
കേബ്രിജ് സെഡ്ഗ്വിക്ക് മ്യൂസിയത്തില്‍ ജനുവരി ഒന്നു മുതല്‍ ഫോസില്‍ പ്രദര്‍ശനത്തിന് വെക്കും.
Content Highlights: Car-sized millipedes once roamed Northern England
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..