Photo: Gettyimages
വിനാശകാരിയായ ഉല്‍ക്കകളെ ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് കണ്ടെത്താനാവുമോ? ആകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോണ്‍ ടോര്‍ണി പറയുന്നത്. അദ്ദേഹം തുടക്കമിട്ട അറ്റ്‌ലസ് എന്ന ദൂരദര്‍ശിനി സംവിധാനം അതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
അടുത്തിടെ ബോട്‌സ്വാനയില്‍ നിന്ന് ഉല്‍ക്കാശിലയില്‍ നിന്നടര്‍ന്നുവീണൊരു ഭാഗം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തില്‍ പതിച്ച് ചിതറിത്തെറിച്ച ഉല്‍ക്കാശിലാ ഭാഗം എവിടെയാണ് വീണത് എന്ന് കൃത്യമായി മനസിലാക്കിയാണ് ഗവേഷകര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
ചെറുതായിരിക്കാന്‍ ഇടയുള്ളതിനാല്‍ അത് മണ്ണിലാണ്ട് പോയിട്ടുണ്ടാവുമോ, കാറ്റില്‍ തെറിച്ചുപോയിട്ടുണ്ടാവുമോ എന്ന ആശങ്കമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. ബഹിരാകാശത്ത് എവിടെയോ നിന്ന് വീണ ആ ചെറിയ കറുത്ത കല്ല് അവര്‍ക്ക് അവിടെ നിന്ന് തന്നെ കിട്ടി.
ഉല്‍ക്കാശില എവിടെ പതിക്കുമെന്ന് കൃത്യമായ പ്രവചനം സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു ഗവേഷകര്‍ ഇതിലൂടെ. ഹവായ് സര്‍വകലാശാലയിലെ ആസ്‌ട്രോയിഡ് ടെറസ്ട്രിയല്‍-ഇംപാക്ട് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (അറ്റ്‌ലസ്) ആണ് അതിന് സഹായിച്ചത്. ജോണ്‍ ടോര്‍ണിയാണ് ഇത് സ്ഥാപിച്ചത്.
'2018 എല്‍എ' എന്ന ഉല്‍ക്ക ഭൂമിയില്‍ പതിച്ച് ചിതറിത്തെറിച്ച ഭാഗമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആ ഉല്‍ക്കാ ശിലാഭാഗം ഭൂമിയില്‍ എവിടെ പതിക്കുമെന്ന് ബഹിരാകാശ ഗവേഷകര്‍ ഒരുമാസം മുമ്പ് തന്നെ പ്രവചിച്ചിരുന്നു. ആ പ്രവചനം പിന്തുടര്‍ന്നാണ് കൃത്യമായ ഭൂപ്രദേശത്ത് തന്നെ അവര്‍ തിരച്ചില്‍ നടത്തിയത്.

ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ബഹിരാകാശത്ത് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഛിന്നഗ്രഹത്തില്‍ നിന്നുള്ള ഉല്‍ക്കാ ശിലയുടെ ശകലങ്ങള്‍ കണ്ടെത്തുന്നത്.
നാസയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കാറ്റലിന സ്‌കൈ സര്‍വേയുടെ ഭാഗമായാണ് 2018 എല്‍എ എന്ന് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. അതിന് ശേഷം അറ്റ്‌ലസിലെ ഗവേഷകര്‍ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവന്നു.
വലിയ ബഹിരാകാശ ശിലകളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് അറ്റ്‌ലസിന്റെ ദൂരദര്‍ശിനികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹവായില്‍ രണ്ട് ദൂരദര്‍ശിനികളാണ് അറ്റ്‌ലസിനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ മൂന്നാമത്തെ ദൂരദര്‍ശിനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ടോര്‍ണിയും സംഘവും. നാലാമത്തെ ദൂരദര്‍ശിനിയ്ക്ക് വേണ്ടിയുള്ള ധനസമാഹരണം നടക്കുകയാണ്.

അതിഭീകരമായ ഉല്‍ക്കാപതനങ്ങള്‍ അത്യപൂര്‍വമായാണ് സംഭവിച്ചിട്ടുള്ളത്. അത്തരത്തില്‍ ഏറ്റവും ഒടുവിലത്തേത് 113 വര്‍ഷം മുമ്പാണ്. തുന്‍ഗസ്‌ക സംഭവം എന്നറിയപ്പെടുന്ന ഉല്‍ക്കാപതന ദുരന്തം നടന്നത് 1908 ജൂണ്‍ 30നാണ്.
റഷ്യയിലെ മധ്യ സൈബീരിയയിലെ തുന്‍ഗസ്‌ക വനപ്രദേശത്ത് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ഛിന്നഗ്രഹം ഭൂമിയ്ക്ക് എട്ട് കിലോമീറ്റര്‍ മുകളില്‍ നിന്ന് പൊട്ടിത്തെറിച്ചു. ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ സ്‌ഫോടനമായിരുന്നു അത്. വനമേഖലയിലായതിനാല്‍ ലക്ഷക്കണക്കിന് ഏക്കർ വനമേഖല നശിപ്പിക്കപ്പെട്ടു. ജനവാസമേഖലയിലായിരുന്നെങ്കില്‍ കനത്ത ആള്‍ നാശം സംഭവിക്കുമായിരുന്നു. അന്ന് പക്ഷെ രണ്ടോ മൂന്നോ പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറ്റ്‌ലസ് പദ്ധതി പൂര്‍ത്തിയായാല്‍ ഉല്‍ക്കാപതനങ്ങള്‍ കൃത്യമായി എവിടെ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്ന് ടോര്‍ണി പ്രതീക്ഷിക്കുന്നു. ആളുകളെ ഒഴിപ്പിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇത് സഹായിക്കും. അറ്റ്‌ലസിന് അത് സാധിക്കുമെന്നതിനുള്ള തെളിവാണ് ബോട്‌സ്വാനയിലെ കണ്ടെത്തല്‍.

ഭൂമിയ്ക്ക് ചുറ്റും ചെറുതും വലുതുമായ നിരവധി ബഹിരാകാശ ശിലകള്‍ സഞ്ചരിക്കുന്നുണ്ട്. അതില്‍ ഭൂമിയ്ക്ക് അപകടമുണ്ടാക്കാനിടയുള്ളത് കണ്ടെത്തുകയാണ് അറ്റ്‌ലസിന്റെ ജോലി. ഒരു രാത്രികൊണ്ടു തന്നെ ലക്ഷക്കണക്കിന് വസ്തുക്കളെ അറ്റ്‌ലസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും നക്ഷത്രങങ്ങളും സൂപ്പര്‍നോവകളും സുരക്ഷിതമായ പാതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളുമാണ്. അതില്‍ പത്തോ ഇരുപതോ എണ്ണം പുതിയതായി കണ്ടെത്തിയതാവാം. എന്തെങ്കിലും ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ടെങ്കില്‍ തന്നെ അറ്റ്‌ലസ് വെബ്‌സൈറ്റിലൂടെ ആ വിവരം പുറത്തുവിടും.
നാസയോ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ മൈനര്‍ പ്ലാനറ്റ് സെന്റര്‍ പോലുള്ള സ്ഥാപനങ്ങളിലെ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പുതിയ വിവരങ്ങള്‍ക്കായി അത്തരം വെബ് പേജുകള്‍ തിരയുന്ന ഓട്ടോമാറ്റിക് സ്‌ക്രിപ്റ്റുകള്‍ ഉണ്ട്. സാധ്യമായ ഒരു കണ്ടുപിടിത്തം നടന്നയുടനെ അവര്‍ അറിയുന്നത് ഇങ്ങനെയാണ്. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഈ വിവരം ലഭിക്കുന്നതോടെ സഞ്ചാരപഥങ്ങള്‍ ആസൂത്രണം ചെയ്യാനും ആഘാത പ്രദേശങ്ങൾ പ്രവചിക്കാനും സാധിക്കും.
കനത്ത ആള്‍നാശം മുതല്‍ ഭൂമിയിലെ കാലാവസ്ഥയില്‍ ഗുരുതരമായ മാറ്റങ്ങളുണ്ടാകുന്നതിന് വരെ ഉല്‍ക്കാപതനങ്ങള്‍ കാരണമായേക്കും. ഭൂമിയിലുണ്ടായെന്ന് പറയപ്പെടുന്ന കൂട്ടവംശനാശ ചരിത്രങ്ങളില്‍ ഉല്‍ക്കാപതനത്തിന്റെ സാധ്യതകളും ഗവേഷകര്‍ കൂട്ടിവായിക്കാറുണ്ട്. ഉല്‍ക്കാപതനങ്ങളെ മുന്‍കൂട്ടി അറിയേണ്ടതിന്റെ ആവശ്യകത അവിടെയാണ്.
Credits:
https://www.seti.org/press-release/asteroid-hit-botswana-2018-likely-came-vesta
https://www.bbcearth.com/news/can-we-spot-a-killer-asteroid-before-it-hits-earth
https://en.wikipedia.org/wiki/Tunguska_event
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..