.
സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച സസ്യശാസ്ത്രജ്ഞന്‍ ഡോ.മാമിയില്‍ സാബുവിന് കഴിഞ്ഞദിവസമാണ് വര്‍ഗ്ഗീകരണശാസ്ത്രത്തിലെ (ടാക്സോണമി) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ 'ഇ.കെ ജാനകി അമ്മാള്‍ ടാക്സോണമി ദേശീയ പുരസ്‌കാരം' സമ്മാനിച്ചത്. കാട്ടിഞ്ചി, കാട്ടുവാഴ, കൂവ്വ തുടങ്ങിയ സസ്യഗണങ്ങളെപ്പറ്റി പതിറ്റാണ്ടുകളോളം നീണ്ട പഠനം, 11 പുസ്തകങ്ങള്‍, 160-ലേറെ പഠനപ്രബന്ധങ്ങള്‍, ഇഞ്ചിവര്‍ഗ്ഗത്തില്‍ പെട്ട 190 ഇനങ്ങളുടെ സംരക്ഷണത്തിനായി രൂപം നല്‍കിയ ജീന്‍ ബാങ്ക്...അധ്യാപന, ഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ച 36 വര്‍ഷത്തിനിടെ 67 സസ്യങ്ങളാണ് ഡോ.സാബുവിന്റെ നേതൃത്വത്തില്‍ കണ്ടുപിടിക്കപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അഞ്ച് പുതിയ സസ്യയിനങ്ങള്‍ക്ക് ഡോ.സാബുവിന്റെ പേര് നല്‍കി ഗവേഷകര്‍.
കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം മുന്‍ മേധാവിയും കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സിഎസ്‌ഐആര്‍ എമിറിറ്റസ് പ്രഫസറുമാണ് ഡോ.മാമിയില്‍ സാബു
പുരസ്‌കാരലബ്ധിയുടെ പശ്ചാത്തലത്തില്‍ ഡോ.മാമിയില്‍ സാബു മാതൃഭൂമി.കോമിനോട് സംസാരിക്കുന്നു;
ടാക്സോണമിയില്‍ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഇ.കെ ജാനകിയമ്മാള്‍ പുരസ്‌കാരം. ഈ പുരസ്‌കാരലബ്ധിയെ എങ്ങനെ നോക്കിക്കാണുന്നു?
.jpg?$p=1dd8c95&&q=0.8)
അങ്ങനെയൊരു ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഈ അംഗീകാരം എന്റെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കുമായി സമര്‍പ്പിക്കുന്നു
സാധ്യതകളുടെ വലിയൊരു ലോകമാണ് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. മുന്‍പങ്ങനെയായിരുന്നില്ല. അക്കാലത്ത് താങ്കള്‍ക്കെങ്ങനെയാണ് ഈ മേഖലയോട് അഭിരുചി ഉണ്ടായത്?
കര്‍ഷക കുടുംബമായിരുന്നു എന്റേത്. ഇഞ്ചി, മഞ്ഞള്‍ തുടങ്ങി ധാരാളം കൃഷികള്‍ ചെയ്തിരുന്ന വീടായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല പണ്ടുമുതലേ ബോട്ടണിയോടൊരു ചായ് വുണ്ടായിരുന്നു. അതില്‍,തന്നെ ടാക്സോണമിയോടാണ് കൂടുതല്‍ താത്പര്യം തോന്നിയത്. ഈ മേഖലയിലേക്ക് ആളുകള്‍ വരുന്നത് മറ്റ് മേഖലയെ അപേക്ഷിച്ച് നന്നേ കുറവാണ്. മരിച്ചുകൊണ്ടിരിക്കുന്ന വിഷയമെന്ന് വേണമെങ്കില്‍ പറയാം. നല്ല കഠിനാധ്വാനം വേണം ഇവിടെ. ബാക്കി വിഷയങ്ങള്‍ക്ക് ഫീല്‍ഡില്‍ പോകേണ്ട കാര്യമില്ല. ലാബിലിരുന്ന് ചെയ്യാം. പക്ഷേ ചെടി കണ്ടുപിടിക്കാനും അത് ഏത് വര്‍ഗത്തില്‍ പെടുന്നു എന്നൊക്കെ അറിയാനും ലാബിലിരുന്നാല്‍ പോരല്ലോ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമൊക്കെയായി ധാരാളം യാത്രയും അന്വേഷണങ്ങളും വേണ്ടിവരും. അതിന്റേതായ റിസ്‌കും ഉണ്ട്. ഇതൊക്കെ ഓര്‍ത്തിട്ടായിരിക്കണം പലരും ഈ മേഖല തെരഞ്ഞെടുക്കാറില്ല.
അപ്പോള്‍ ടാക്സോണമി എന്ന പഠനവിഭാഗം തന്നെ നാളെ ഇല്ലാതാവുമെന്നാണോ?
അങ്ങനെ പറയാറായിട്ടില്ല. പോസിറ്റീവായൊരു മാറ്റം കാണുന്നുണ്ട്. ടാക്സോണമിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പെം ടാക്‌സോണമി (IAAT-Indian Asosciation for Angiosperm Taxonomy ) എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വാകലാശാല പ്രഫസറും വിഖ്യാത ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ വിവര്‍ത്തകനുമായ പ്രഫ.കെ.എസ് മണിലാലും പ്രഫ.വി.വി ശിവരാജനുമാണ് അതിന്റെ സ്ഥാപകന്‍. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം ആസ്ഥാനമായി 1990ല്‍ സ്ഥാപിതമായ സംഘടനയുടെ ലക്ഷ്യം തന്നെ ടാക്‌സോണമിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അത് പുതിയ തലമുറയെ ടാക്സോണമിയിലേക്ക് കൊണ്ടുവരാന്‍ ഏറെ സഹായകമായി. തുടക്കകാലത്ത് നൂറില്‍ താഴെ മാത്രം അംഗങ്ങളുണ്ടായിരുന്ന സംഘടനയില്‍ ഇപ്പോള്‍ 900-ല്‍ ഏറെ അംഗങ്ങളുണ്ട്. പുതുതായി ഈ മേഖലയിലേക്ക് ആളുകള്‍ കടന്നുവരുന്നുണ്ട്. പുതിയ ഗവേഷണപ്രബന്ധങ്ങളും വര്‍ക്കുകളും നടക്കുന്നുണ്ട്. കഴിവുള്ള കുട്ടികള്‍ പുതുതായി വരുന്നു എന്നത് ആശാവഹമാണ്
ടാക്സോണമിയില്‍ സ്പെഷ്യലൈസ് ചെയ്തവരായിരിക്കില്ല പലപ്പോഴും സര്‍വകലാശാലകളിലും കോളേജുകളിലും ഈ മേഖല കൈകാര്യം ചെയ്യുന്നുണ്ടാവുക. സ്വാഭാവികമായും കുട്ടികള്‍ക്ക് ആ വിഷയത്തോട് അഭിരുചി ഇല്ലാതെ പോകും. ആ വിഷയം പഠിച്ചവരില്ലാതെ വരുമ്പോള്‍ സ്വാഭാവികമായും മറ്റ് മേഖലകളില്‍ സ്പെഷ്യലൈസേഷനുള്ളവരായിരിക്കുമല്ലോ വരിക. പകരം ടാക്സോണമി തന്നെ പഠിച്ചുവന്ന അധ്യാപകരാണെങ്കില്‍ കുട്ടികളിലും അതേ അഭിരുചി വളര്‍ത്താന്‍ അവര്‍ക്ക് കഴിയും. ഇത് എല്ലാ വിഷയത്തില്‍ അങ്ങനെതന്നെയാണ്.

ടാക്സോണമിയില്‍ ആദ്യകാലം മുതലേ കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. അത്തരത്തില്‍ ടാക്സോണമിയില്‍ പുതിയ സാധ്യത തുറക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്?
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇന്ന് ടാക്സോണമി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി, തിരുവനന്തപുരം ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള സര്‍വകലാശാല ബോട്ടണി വിഭാഗം എന്നിവിടങ്ങളിലൊക്കെ ഇപ്പോള്‍ മികച്ച സൗകര്യമൊരുക്കുന്നുണ്ട്.
മറ്റ് കലാ-സാംസ്‌കാരിക രംഗത്തുള്ള പ്രതിഭകളെപ്പോലെ ജനപ്രിയരല്ല ശാസ്ത്രജ്ഞര്‍. എന്തുകൊണ്ടായിരിക്കുമിത്. അവരെ സമൂഹം വേണ്ടവിധം പരിഗണിക്കാറില്ല എന്ന് തോന്നിയിട്ടുണ്ടോ ?
ശാസ്ത്രമേഖലകള്‍, പ്രത്യേകിച്ച് ഞാനുള്‍പ്പെടുന്ന ഈ ടാക്സോണമി മേഖല പൊതുജനവുമായി നേരിട്ട് ഇടപെടുന്ന മേഖലയല്ല. അങ്ങനെ വരുമ്പോഴാണല്ലോ ജനങ്ങള്‍ അറിയുക. സൈറ്റേഷനുകള്‍, പുതിയ സ്പീഷിസുകള്‍, ചെടികള്‍ കണ്ടെത്തല്‍, അവയെ റെക്കോഡ് ചെയ്യല്‍ എന്നിവയൊക്കെയാണ് ടാക്സോണമിയില്‍ വരിക. പ്രസിദ്ധീകരണങ്ങള്‍ എടുത്താലും അത്തരം ഇംപാക്ട് ഫാക്ടറുകളുള്ള ജേണലുകള്‍ വളരെ കുറവാണ്.
നമ്മള്‍ പുതുതായൊരു വാഴ കണ്ടുപിടിച്ചു, ഇഞ്ചിയുടെ ഒരു സ്പീഷിസ് കണ്ടെത്തി. ഇതൊന്നും പൊതുജനത്തിന് നമ്മളില്‍ നിന്ന് നേരിട്ട് ഉപയോഗപ്പെടുത്താനോ അറിയാനോ പറ്റുന്ന കാര്യങ്ങളല്ല. ഇത്തരം സസ്യവര്‍ഗങ്ങള്‍ ക്രോസ് ബ്രീഡ് ചെയ്ത് ഉപയോഗപ്പെടുത്താന്‍ പറ്റുമെന്നല്ലാതെ നേരിട്ട് ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുമാവില്ല. ഇതുവരെ അറിയപ്പെടാത്ത ജൈവവൈവിധ്യങ്ങളാണ് നാം കണ്ടെത്തുന്നത്. അത്തരത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ അത്ര പ്രസിദ്ധിയില്ലെങ്കിലും ശാസ്ത്രലോകത്ത് നാം അംഗീകരിക്കപ്പെടുന്നുണ്ട്. ഒരുപേപ്പര്‍ പബ്ലിഷ് ചെയ്താലോ പ്രബന്ധമവതരിപ്പിച്ചാലോ ഒക്കെ നാം അവിടെ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. മാധ്യമങ്ങളിലോ പൊതുസമൂഹത്തിലോ അത് വരുന്നില്ലാ എന്നേയുള്ളൂ.
.jpg?$p=31e08d7&&q=0.8)
സ്‌കൂള്‍ കാലം മുതല്‍ തന്നെ കുട്ടികളില്‍ സയന്‍സിനോടുള്ള അഭിരുചി വളര്‍ത്തേണ്ടത് ആവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ട്. പുതിയകാലത്ത് അത് ഏറെക്കുറേ പ്രാവര്‍ത്തികമാവുന്നുമുണ്ട്. ഈ ലക്ഷ്യം വെച്ച് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി & എന്‍വയോണ്‍മെന്റ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സയന്‍സ് കോണ്‍ഗ്രസ് ഒക്കെ ഇതുമായി ചേര്‍ത്തുവായിക്കാം. മിടുക്കരായ വിദ്യാര്‍ഥികള്‍ ഇതിലേക്ക് ആകൃഷ്ടരാകാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുണ്ട്.
എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ബോട്ടണിയിലേക്ക് കുട്ടികള്‍ വരാന്‍ താത്പര്യപ്പെട്ടിരുന്നില്ല. പ്ലസ്ടുവിന് ശേഷം നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളൊക്കെയാണ് കൂടുതല്‍ പേരും പ്രവേശനം നേടിയത്. ആ സ്ഥിതിക്ക് ഇന്ന് ഏറെ മാറ്റം വന്നിട്ടുണ്ട്.
ആവാസവ്യവസ്ഥയുടെ നാശം നമ്മുടെ നാട്ടില്‍ മാത്രം കാണപ്പെടുന്ന സസ്യ വൈവിധ്യങ്ങള്‍ ഇല്ലാതാവാന്‍ കാരണമാകില്ലേ?
തീര്‍ച്ചയായും. പ്രത്യേക ആവാസവ്യവസ്ഥയില്‍ മാത്രം കണ്ടു വരുന്ന ധാരാളം സസ്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ആ ആവാസ വ്യവസ്ഥ നശിക്കാനിടയായാല്‍ ആ സസ്യം തന്നെയാണ് ഇല്ലാതായിപ്പോവുക. അങ്ങനെ സംഭവിക്കാതെ പ്രകൃതിയെ പരിരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പഠനം നടത്തിയ ബോസെന്‍ ബെര്‍ജിയ അല്‍ബോലൂടീആ, ബോസെന്‍ ബെര്‍ജിയ റബ്രോലൂടെയാ (ഇവ രണ്ടും ഇഞ്ചിവര്‍ഗം)മ്യൂസ സംഗിനെയാ (വാഴ വിഭാഗത്തില്‍ പെടുന്ന സസ്യം)എന്നീ സസ്യങ്ങളെ പിന്നീടാ പ്രദേശത്ത് കാണാനായിട്ടില്ല. ഒന്ന് ആന്‍ഡമാനിലും ഒന്ന് മേഘാലയയിലുമായിരുന്നു. വംശനാശം സംഭവിച്ച സസ്യവിഭാഗത്തിലാണ് ആ സസ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേകവിഭാഗത്തില്‍ പഠനം നടത്തിയതുകൊണ്ടാണ് ഈ ചെടികളുടെ പേര് വന്നത്. മറ്റ് വിഭാഗങ്ങള്‍ പരിശോധിച്ചാല്‍ വംശനാശഭീഷണി നേരിടുന്ന ഇത്തരത്തില്‍ ധാരാളം സസ്യങ്ങള്‍ ഉണ്ടാകും. ഒന്നുകില്‍ ആവാസ വ്യവസ്ഥ ഒന്നാകെ സംരക്ഷിക്കപ്പെടണം. അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ വളര്‍ത്തി അവയില്‍ നിന്ന് കൂടുതല്‍ ചെടികളുണ്ടാക്കി സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ നടണം. ഈ രീതികള്‍ അവലംബിച്ചാല്‍ നമ്മുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് തന്നെ കഴിയും.
.jpg?$p=e46f401&&q=0.8)
നമ്മുടെ നാട്ടിലെ പലവിത്തിനങ്ങളുടെയും പകര്‍പ്പവകാശം മറ്റ് വിദേശരാജ്യങ്ങളുടെ കൈകളിലാണിപ്പോള്‍. നമ്മുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത് നമ്മളല്ലേ?
തീര്‍ച്ചയായും. ധാരാളം സസ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോയിട്ടുണ്ട്. മുന്‍പ് അഗസ്ത്യമലകളില്‍ മാത്രം കണ്ടെത്തിയിരുന്ന ഓര്‍ക്കിഡ് ഇനമായ ലേഡിസ് സ്ലിപ്പര്‍ (lady's slipper Orchid) ഇന്ന് വിദേശരാജ്യങ്ങളിലടക്കം സുലഭമാണ്. നമ്മുടെ വനപ്രദേശങ്ങളില്‍ അതിമനോഹരമായ അലങ്കാരച്ചെടികള്‍ ധാരാളമുണ്ട്. ചെടികള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും കര്‍ശനമാകണം. നമ്മുടെ ജൈവവൈവിധ്യം കൈവിടാതെ സംരക്ഷിക്കാനുള്ള പ്രയത്നം നമ്മുടെ ഭാഗത്ത് നിന്നാണുണ്ടാവേണ്ടത്. കാരണം ആ വൈവിധ്യമാണ് നമ്മുടെ സ്വത്ത്
പുതുതലമുറയോട് എന്താണ് പറയാനുള്ളത്
ധാരാളം പഠനസാധ്യതയുള്ള പഠനമേഖലയാണ് ടാക്സോണമി. പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരണം. നമ്മുടെ ജൈവവൈവിധ്യത്തിലുള്‍പ്പെടുന്ന അനേകം ചെടികളെ ഇനിയും കണ്ടെത്താനുണ്ട്. അവയെക്കുറിച്ച് അറിയാനും പഠിക്കാനുമുണ്ട്. അത് നല്ലരീതിയില്‍ വിനിയോഗിക്കപ്പെടേണ്ടത് നമ്മുടെ ആവശ്യമാണ്.

ഡോ.മാമിയില്‍ സാബുവിന് 'ഇ കെ ജാനകിഅമ്മാള്‍ പുരസ്‌കാരം' ഏറ്റുവാങ്ങുന്നു
കുടുംബം
മീന സാബു ആണ് ഡോ.സാബുവിന്റെ പത്‌നി. അശ്വതി, ആഷിക് എം.സാബു എന്നിവരാണ് മക്കള്‍
ഇന്ത്യൻ സസ്യശാസ്ത്രജ്ഞ ഡോ ഇ.കെ ജാനകി അമ്മാളിന്റെ സ്മരണാര്‍ഥം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയമാണ് സസ്യവര്‍ഗ്ഗീകരണ രംഗത്തെ പ്രമുഖര്‍ക്ക് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അഞ്ചുലക്ഷം രൂപയും മെഡലുമാണ് സമ്മാനം. 2018 ലെ പുരസ്‌കാരമാണ് ഡോ.സാബുവിന് ലഭിച്ചത്.
ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി (IBS) യുടെ പ്രൊഫ. പഞ്ചാനന്‍ മഹേശ്വരി ഗോള്‍ഡ് മെഡല്‍ (2010), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആഞ്ചിയോസ്പേം ടാക്സോണമി (IAAT) ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. വി വി ശിവരാമന്‍ ഗോള്‍ഡ് മെഡല്‍ (2014), കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് റിസര്‍ച്ചര്‍ അവാര്‍ഡ് (2012), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, ദല്‍ഹി (2019), ഇന്ത്യന്‍ അക്കാദമി ഓഫ് സന്‍സ്, ബാംഗ്ലൂര്‍ (2019), ഐ.എ.എ.ടി, ഐ.ബി.എസ്, ലീനേയന്‍ സൊസൈറ്റി എന്നിവയുടെ ഫെലേഷിപ്പുകള്‍ ഡോ.സാബുവിനെ തേടിയെത്തിയ ബഹുമതികളാണ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: E.KJanaki Ammal National Award, Angiosperm Taxonomy, Mamiyil Sabu,M Sabu, Botany
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..