ഗ്രിഗർ മെൻഡൽ @ 200: കാലത്തിന് മുമ്പേ സഞ്ചരിച്ച പ്രതിഭ


By ജോസഫ് ആന്റണി 

7 min read
Read later
Print
Share

ജനിതകശാസ്ത്രത്തിന് തുടക്കം കുറിച്ച ഗ്രിഗര്‍ മെന്‍ഡലിന്റെ ഇരുന്നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്

ഗ്രിഗർ മെൻഡൽ

ത്തൊന്‍പതാം നൂറ്റാണ്ടില്‍ തിയോളജിയില്‍ നിന്ന് ബയോളജിയിലെത്തിയ രണ്ടുപേരാണ് ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറ ഉറപ്പിച്ചത്. അതിലൊരാള്‍ വൈദികനാകാന്‍ പോയി പരാജയപ്പെട്ടു, രണ്ടാമത്തെയാള്‍ വൈദികനായെങ്കിലും വൈദികവൃത്തിയില്‍ പരാജയപ്പെട്ടു..! പരിണാമസിദ്ധാന്തം അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ ആണ് ഇതില്‍ ആദ്യയാള്‍, ജനിതകശാസ്ത്രത്തിന് തുടക്കംകുറിച്ച ഗ്രിഗര്‍ മെന്‍ഡല്‍ രണ്ടാമത്തെയാളും.

അത്രകാലവും ആശയക്കുഴപ്പത്തില്‍ പെട്ട ജീവശാസ്ത്രം അതിന്റെ ആധുനികമാനം കൈവരിച്ചത് പരിണാമശാസ്ത്രവും ജനിതകശാസ്ത്രവും സമ്മേളിച്ചപ്പോഴാണ്.

ഡാര്‍വിനും മെന്‍ഡലും ഒരേ ചോദ്യത്തിന്റെ രണ്ടു വകഭേദങ്ങളാണ് ഉന്നയിച്ചതെന്ന് പ്രശസ്ത ശാസ്ത്രഗ്രന്ഥകാരന്‍ സിദ്ധാര്‍ഥ മുഖര്‍ജി പറയുന്നു. 'ഒരു ജീവി അടുത്ത തലമുറയിലേക്ക് പാരമ്പര്യ വിവരങ്ങള്‍ എങ്ങനെ കൈമാറുന്നു' എന്ന് മെന്‍ഡല്‍ ചോദിച്ചപ്പോള്‍, 'ജീവിവര്‍ഗ്ഗങ്ങള്‍ അവയുടെ സവിശേഷതകള്‍ ആയിരക്കണക്കിന് തലമുറകളിലേക്ക് എങ്ങനെ കൈമാറുന്നു' എന്ന ചോദ്യമാണ് ഡാര്‍വിന്‍ ഉന്നയിച്ചത്. ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ചേരുമ്പോള്‍, അത് പാരമ്പര്യം സംബന്ധിച്ച ഏറ്റവും ശക്തമായ അറിവ് മാത്രമല്ല, ആധുനിക ജീവശാസ്ത്രത്തിന്റെ ബലമുള്ള അടിത്തറയും ആകുന്നു.

ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും, അദ്ദേഹം രചിച്ച 'ജീവജാതികളുടെ ഉത്ഭവം' എന്ന വിഖ്യാതഗ്രന്ഥത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും 2009 ല്‍ ലോകം ആചരിച്ചു. ഇന്ന് മെന്‍ഡലിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികമാണ്. രണ്ടുനൂറ്റാണ്ട് മുമ്പ് ഇതേ ദിവസം (1822 ജൂലായ് 20) ആണ് ചെക്ക് റിപ്പബ്ലിക്കിലെ സൈലീഷ്യ (Silesia) യില്‍ ഒരു കര്‍ഷക കുടുംബത്തില്‍ മെന്‍ഡല്‍ ജനിച്ചത്.

ഗ്രാമീണ വിദ്യാലയത്തിലെ പഠനത്തിന് ശേഷം 1843 ല്‍ ബെര്‍ണോയിലെ അഗസ്തീനിയന്‍ സന്ന്യാസിമഠത്തില്‍ മെന്‍ഡല്‍ ചേര്‍ന്നു. പഴയ മൊറാവിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു ബെര്‍ണോ. അവിടുത്തെ തിയോളജിക്കല്‍ കോളേജില്‍ നിന്ന് ദൈവശാസ്ത്രം (തിയോളജി), ചരിത്രം, നാച്ചുറല്‍ സയന്‍സ് തുടങ്ങിയവ പഠിച്ച ആ യുവാവിന്, 1847 ഓഗസ്റ്റ് ആറിന് വൈദികപട്ടം ലഭിച്ചു. അതിന്റെ ഭാഗമായി, ജോഹാന്‍ എന്ന പേര് ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡല്‍ എന്ന് മാറ്റി.

സന്ന്യാസിജീവിതം തിരഞ്ഞെടുത്തെങ്കിലും ആത്മീയകാര്യങ്ങളില്‍ ആ യുവാവ് അത്ര ഉത്സാഹം കാട്ടിയില്ല. അതേസമയം, അറിവ് സമ്പാദിക്കുന്ന കാര്യത്തില്‍ നിലപാട് നേരെ തിരിച്ചായിരുന്നു. ഗാര്‍ഡനിങിലും പ്രാഗത്ഭ്യം കാട്ടി. ഭാഗ്യവശാല്‍, അഗസ്തീനിയന്‍ സന്ന്യാസിമാര്‍ക്ക് മതവും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് തോന്നിയിരുന്നില്ല. ശാസ്ത്രപഠനം ദൈവികമായ മറ്റൊരു വഴിയായി അവര്‍ കരുതി.

പരാജയത്തിന്റെ തുടര്‍ക്കഥ

1848 ല്‍ ബെര്‍ണോയിലെ ഒരു ഇടവകയില്‍ വികാരിയായി നിയമിക്കപ്പെട്ടെങ്കിലും, മെന്‍ഡല്‍ ആ പദവിയില്‍ തികഞ്ഞ പരാജയമായിരുന്നു. ഇടവകക്കാരില്‍ ഭൂരിപക്ഷവും സംസാരിക്കുന്ന ചെക്ക് ഭാഷ പോലും ആ യുവവൈദികന് പിടിയില്ലായിരുന്നു. (ജര്‍മന്‍ സംസാരിക്കുന്ന പ്രദേശത്താണ് മെന്‍ഡല്‍ ജനിച്ചുവളര്‍ന്നത്). ഇടവക വികാരിയെന്ന 'ദുരിത'ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മെന്‍ഡലിന് മുന്നില്‍ ഒരു മാര്‍ഗ്ഗം തെളിഞ്ഞു-സ്‌കൂള്‍ അധ്യാപകനാവുക!

മഠാധിപനായ നാപ്പ് ശുപാര്‍ശ ചെയ്തു. ബെര്‍ണോയിലെ സ്‌നെയിം ഹൈസ്‌കൂളില്‍ ശാസ്ത്രാധ്യാപകനായി മെന്‍ഡലിന് ജോലി കിട്ടി. പക്ഷേ, യോഗ്യതാപരീക്ഷയില്‍, പ്രത്യേകിച്ചും ജീവശാസ്ത്രത്തില്‍, ആ യുവവൈദികന്‍ ദയനീയമായി തോറ്റു. അധ്യാപകനാകാന്‍ നാച്ചുറല്‍ സയന്‍സില്‍ കൂടുതല്‍ വിദ്യാഭ്യാസം വേണമെന്ന് വ്യക്തമായി. മെന്‍ഡലിന്റെ ശാസ്ത്രാഭിരുചിയില്‍ മതിപ്പുണ്ടായിരുന്ന മഠാധിപതി വീണ്ടും തുണയ്‌ക്കെത്തി. അങ്ങനെയാണ് വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനത്തിന് ചേരുന്നത്.

1851 ല്‍ മെന്‍ഡല്‍ ചേരുമ്പോള്‍, സയന്‍സിന്റെ ആവേശത്തിലായിരുന്നു വിയന്ന യൂണിവേഴ്‌സിറ്റി. മെന്‍ഡല്‍ തന്റെ 'ബൗദ്ധികജ്ഞാനസ്‌നാനം' സ്വീകരിക്കുന്നത് അവിടെവെച്ചാണ്. 'ഡോപ്ലര്‍ പ്രഭാവം' (ഡോപ്ലര്‍ ഇഫക്ട്) കണ്ടെത്തി ശാസ്ത്രചരിത്രത്തില്‍ അനശ്വരസ്ഥാനം നേടിയ ക്രിസ്റ്റിയന്‍ ഡോപ്ലാര്‍ ആയിരുന്നു വിയന്നയില്‍ മെന്‍ഡലിന്റെ ഫിസിക്‌സ് അധ്യാപകന്‍. മെന്‍ഡലിന്റെ മാര്‍ഗ്ഗദര്‍ശിയും അധ്യാപകനും ആരാധ്യപുരുഷനുമായി ഡോപ്ലാര്‍ മാറി.

പക്ഷേ, അധ്യാപകനാകുന്ന കാര്യത്തില്‍ ബിരുദപഠനവും മെന്‍ഡലിനെ തുണച്ചില്ല. ബയോളജിയില്‍ വീണ്ടും തോറ്റു! അതോടെ, അധ്യാപകമോഹം ഉപേക്ഷിച്ചു. മഠാധിപതി വീണ്ടും മെന്‍ഡിന്റെ സഹായത്തിനെത്തി. പാരമ്പര്യം (heredity) സംബന്ധിച്ച കാര്യങ്ങളില്‍ അതീവ തത്പ്പരനായിരുന്നു മഠാധിപതി നാപ്പ്. പാരമ്പര്യഘടകങ്ങളുടെ സാധ്യതകളുപയോഗിച്ച് വളര്‍ത്തുമൃഗങ്ങളെയും കാര്‍ഷികവിളകളെയും എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന് ചിന്തിച്ച വ്യക്തിയാണ് അദ്ദേഹം. എന്താണ് പാരമ്പര്യമായി ലഭിക്കുന്ന ഘടകങ്ങള്‍, അത് എങ്ങനെ ലഭിക്കുന്നു? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ആ ഉത്തരം കണ്ടെത്താന്‍ മഠാധിപതി യുവാവായ മെന്‍ഡലിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് 'പാരമ്പര്യത്തിന്റെ ഘടകങ്ങള്‍' കണ്ടെത്താനുള്ള പഠനം മെന്‍ഡല്‍ ആരംഭിക്കുന്നത്.

സന്ന്യാസിമഠത്തിലെ തന്റെ ചെറിയ മുറിയില്‍ എലികളെ ഇണചേര്‍ത്ത് സങ്കരയിനങ്ങള്‍ സൃഷ്ടിച്ച് പഠനം ആരംഭിച്ചു. എന്നാല്‍, എലികളെ ആയാല്‍പ്പോലും ഒരു വൈദികന്‍ ഇണചേര്‍ക്കുന്ന ഏര്‍പ്പാട് അനുചിതമായി മഠാധിപതിക്ക് തോന്നി. ഭാഗ്യത്തിന്, പയര്‍ചെടികളില്‍ കൃത്രിമ പരാഗണം നടത്തുന്നത് ഇണചേര്‍ക്കലിന്റെ ഒരു വകഭേദമാണെന്ന് അദ്ദേഹത്തിന് തോന്നിയില്ല! അങ്ങനെ, പയര്‍ചെടികള്‍ ഉപയോഗിച്ച് എട്ടുവര്‍ഷത്തിലേറെ നീണ്ട അത്യന്തം ദുര്‍ഘടമായ പരീക്ഷണം മെന്‍ഡല്‍ ആ സന്ന്യാസിമഠത്തിന്റെ പിന്നിലെ കൃഷിയിടത്തില്‍ ആരംഭിച്ചു.

28,000 പയര്‍ചെടികള്‍

പരിസരപ്രദേശത്തെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പയര്‍ ചെടികളുടെ 34 വകഭേദങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷണം ആരംഭിച്ചത്. ചെടിയുടെ പൊക്കം, പൂക്കളുടെയും പയര്‍മണികളുടെയും നിറം എന്നിങ്ങനെ ഏഴ് പ്രകടഗുണങ്ങള്‍ക്ക് തലമുറകള്‍ പിന്നിടുമ്പോള്‍ എന്തുസംഭവിക്കുന്നു എന്നാണ് മെന്‍ഡല്‍ പരിശോധിച്ചത്. എതിര്‍ഗുണങ്ങളുള്ള ചെടികളെ (ഉദാ: പൊക്കം കൂടിയവയും പൊക്കം കുറഞ്ഞവയും) പരസ്പരം കൃത്രിമപരാഗണത്തിന് വിധേയമാക്കി സങ്കരയിനങ്ങള്‍ സൃഷ്ടിച്ചായിരുന്നു പഠനം.

തന്റെ പരീക്ഷണത്തിന് മെന്‍ഡല്‍ തിരഞ്ഞെടുത്ത പയര്‍ ചെടികളിലെ ഏഴ് സഹജഗുണങ്ങള്‍. ചിത്രം കടപ്പാട്: Wikipedia.

'പ്രകൃതിനിര്‍ധാരണം (നാച്ചുറല്‍ സെലക്ഷന്‍) വഴിയുള്ള ജീവപരിണാമം' എന്ന ഡാര്‍വിന്റെ (ആല്‍ഫ്രഡ് റസ്സല്‍ വാലസ്സിന്റെയും) കണ്ടെത്തല്‍ ലണ്ടനിലെ ലിനേയന്‍ സൊസൈറ്റിയില്‍ 1858 ജൂലായ് ഒന്നിനാണ് അവതരിപ്പിച്ചത്. അതിന്റെ തലേവര്‍ഷം, മെന്‍ഡലിന്റെ തോട്ടത്തില്‍ ആദ്യതലമുറ സങ്കരയിനം പയറുചെടികള്‍ പൂവിട്ടു. ഓരോ തലമുറയിലും പ്രത്യക്ഷപ്പെട്ട പാരമ്പര്യഗുണങ്ങള്‍ സൂക്ഷ്മതയോടെ മെന്‍ഡല്‍ കുറിച്ചുവെച്ചു. വലിയ ക്ഷമ ആവശ്യമായ പണിയായിരുന്നു അത്. തലമുറകള്‍ പിന്നിടുന്നതോടെ, അതുവരെ സമാഹരിച്ച ഡേറ്റയില്‍ നിന്ന് ചില പാറ്റേണുകള്‍ പ്രത്യക്ഷപ്പെടുന്നത് മെന്‍ഡല്‍ ആഹ്ലാദത്തോടെ കണ്ടു.

പൊക്കം കൂടിയ ചെടികളെ പൊക്കംകുറഞ്ഞവയുമായി പരാഗണം നടത്തുമ്പോള്‍, ഈ രണ്ടു പ്രകടഗുണങ്ങളും കൂടിച്ചേര്‍ന്ന് 'ഇടത്തരം പൊക്കമുള്ള' സസ്യങ്ങളല്ല അടുത്ത തലമുറയില്‍ ഉണ്ടാകുന്നതെന്ന് മെന്‍ഡല്‍ മനസിലാക്കി. ആദ്യതലമുറയില്‍ പൊക്കമുള്ള സന്തതികളാണ് പ്രത്യക്ഷപ്പെട്ടത്. അതുപോലെ, ഉരുണ്ട് മിനുസമുള്ള പയര്‍മണിയും ചുളിവുള്ള പയറുമണിയും ഉള്ള ചെടികളുടെ സങ്കരയിനത്തിന്റെ ആദ്യ തലമുറയില്‍ ഉരുണ്ട മിനുസമുള്ള പയര്‍മണികളുള്ള ചെടികളാണുണ്ടായത്. ഈ പാറ്റേണ്‍ മെന്‍ഡല്‍ നിരീക്ഷിച്ച ഏഴ് പ്രകടഗുണങ്ങളുടെ കാര്യത്തിലും ആവര്‍ത്തിച്ചു.

1857 മുതല്‍ 1864 വരെയുള്ള കാലത്ത്, ആ സന്ന്യാസിമഠത്തിന്റെ ഒരു തുണ്ട് ഭൂമിയില്‍ നിന്ന്, വന്‍തോതിലുള്ള ഡേറ്റ മെന്‍ഡല്‍ സമാഹരിച്ചു. 28,000 പയര്‍ചെടികള്‍, 40,000 പൂക്കള്‍, 400,000 പയര്‍വിത്തുകള്‍-ശരിക്കും ഡേറ്റ വെച്ചുള്ള കളിയായി ആ പരീക്ഷണം മാറി.

മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ പ്രകാരം, പാരമ്പര്യഘടകങ്ങള്‍ എന്നത് അച്ഛനമ്മമാരില്‍ നിന്ന് സന്തതിയിലേക്ക് എത്തുന്ന ഇന്‍ഫര്‍മെഷന്‍ ഉപയോഗിച്ചു മാത്രമേ വിശദീകരിക്കാനാകൂ. ജോടികളായാണ് പാരമ്പര്യഘടകങ്ങള്‍ സന്തതിയിലേക്ക് എത്തുന്നത്. ആ ജോടികളില്‍ ഒരെണ്ണം മാതാവില്‍ നിന്നും മറ്റൊരെണ്ണം പിതാവില്‍ നിന്നും സന്തതിക്ക് ലഭിക്കുന്നു. സന്തതിയുടെ ഡി.എന്‍.എ.യില്‍ പകുതി പിതാവില്‍ നിന്നും അടുത്ത പകുതി മാതാവില്‍ നിന്നുമാണ് എത്തുന്നത്. പാരമ്പര്യഗുണങ്ങളെ നിശ്ചയിക്കുന്ന വിവരശേഖരത്തിന് മെന്‍ഡല്‍ പ്രത്യേകം പേര് കൊടുത്തില്ല എങ്കിലും, ജീനിന്റെ സവിശേഷതകളാണ് അദ്ദേഹം കണ്ടുപിടിച്ചതെന്ന് പില്‍ക്കാലത്ത് വ്യക്തമായി.

1865 ഫെബ്രുവരി എട്ടിന് 'ബെര്‍ണോ നാച്ചുറല്‍ സയന്‍സ് സൊസൈറ്റി'യുടെ യോഗത്തില്‍, കര്‍ഷകരും സസ്യശാസ്ത്രജ്ഞരും ഉള്‍പ്പടെ ഏതാണ്ട് 40 പേരടങ്ങിയ സദസ്സിന് മുന്നില്‍, മെന്‍ഡല്‍ തന്റെ പരീക്ഷണഫലം രണ്ടുഭാഗങ്ങളായി (രണ്ടാംഭാഗം ഒരുമാസം കഴിഞ്ഞ്) അവതരിപ്പിച്ചു. ഡസണ്‍ കണക്കിന് പട്ടികകളും, പാറ്റേണുകളുമടങ്ങിയ ആ പേപ്പര്‍, സ്ഥിതിവിവര വിദഗ്ധര്‍ക്ക് പോലും വെല്ലുവിളിയായിരുന്നു. സ്വാഭാവികമായും, മെന്‍ഡലിന്റെ അവതരണം ആ സദസിനെ തെല്ലും സ്പര്‍ശിച്ചില്ല.

താന്‍ കണ്ടെത്തിയ 'പാരമ്പര്യത്തിന്റെ യൂണിറ്റുകളും' ഡാര്‍വീനിയന്‍ പരിണാമവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ പറ്റി മെന്‍ഡലിന് ധാരണയുണ്ടായിരുന്നു എന്ന് അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകള്‍ സൂചന നല്‍കുന്നു. എന്നാല്‍, അത്തരമൊരു ബന്ധത്തെ കുറിച്ച് തന്റെ പേപ്പറില്‍ ഒരു സൂചനയും മെന്‍ഡല്‍ നല്‍കിയില്ല. 1866 ല്‍ മെന്‍ഡലിന്റെ പേപ്പര്‍ 'പ്രോസീഡിങ്‌സ് ഓഫ് ദി ബെര്‍ണോ നാച്ചുറല്‍ സൊസൈറ്റി'യില്‍ പ്രസിദ്ധീകരിച്ചു. 'Experiments in Plant Hybridization' എന്നായിരുന്നു 44 പേജ് വരുന്ന ആ പ്രബന്ധത്തിന്റെ പേര്.

മെന്‍ഡലിന്റെ പേപ്പറിന്റെ കോപ്പികള്‍ ലണ്ടനിലെ റോയല്‍, ലിനേയന്‍ സൊസൈറ്റികള്‍ക്കും, യു.എസില്‍ വാഷിംങ്ടണിലെ സ്മീത്സോണിയന്‍ ഇന്‍സ്റ്റിട്യൂഷനും അയച്ചു. മുന്‍കൂര്‍ കോപ്പികള്‍ (പ്രീപ്രിന്റ്) 40 എണ്ണം മെന്‍ഡല്‍ ചോദിച്ചുവാങ്ങി പ്രമുഖശാസ്ത്രജ്ഞര്‍ക്ക് നേരിട്ട് അയച്ചു. എന്നാല്‍, ഡാര്‍വിന്‍ ആ പേപ്പര്‍ വായിച്ചു എന്നതിന് തെളിവില്ല.

നാപ്പ് അധികം വൈകാതെ മരിച്ചു. സന്ന്യാസിമഠത്തിന്റെ ഭരണച്ചുമതല മൂലം മെന്‍ഡല്‍ പരീക്ഷണം നിര്‍ത്തി. 1884 ജനുവരി ആറിന് മെഡന്‍ഡലും വിടവാങ്ങി. മെന്‍ഡലിന്റെ ചരമവാര്‍ത്ത ഒരു പ്രാദേശികപത്രത്തില്‍ വന്നു. എന്നാല്‍, പതിറ്റാണ്ടുകളോളം മെന്‍ഡല്‍ നടത്തിയ ശാസ്ത്രപരീക്ഷണത്തെപ്പറ്റി ഒരു പരാമര്‍ശവും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല!

മെന്‍ഡലിന്റെ രണ്ടാംവരവ്

മെന്‍ഡലിന്റെ പേപ്പര്‍ പ്രമുഖ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കിട്ടിയിട്ടും, ആ പേപ്പര്‍ ആരിലും ആവേശമുണര്‍ത്തിയില്ല എന്നത് ചരിത്രകാരന്‍മാരെ അമ്പരപ്പിക്കുന്ന സംഗതിയാണ്. 1866 മുതല്‍ 1900 വരെയുള്ള കാലയളവില്‍ ആ പേപ്പറിന് ലഭിച്ചത് വെറും നാല് സൈറ്റേഷനുകള്‍ മാത്രം! സയന്റിഫിക് ലിറ്ററേച്ചറില്‍ നിന്ന് ആ പേപ്പര്‍ അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി എന്നുപറയാം.

ഒരു ജനിതകശാസ്ത്രജ്ഞന്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയത് ഇങ്ങനെ: 'ബയോളജിയുടെ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ നിശബ്ദത'യാണ് ആ പേപ്പറിന്റെ കാര്യത്തിലുണ്ടായത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍, അതിന് ഒറ്റ ഉത്തരമേയുള്ളൂ. മെന്‍ഡല്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച ശാസ്ത്രപ്രതിഭയായിരുന്നു!

1900 ആകുമ്പോഴേയ്ക്കും മൂന്ന് യൂറോപ്യന്‍ ഗവേഷകര്‍ (കാള്‍ കോറന്‍സ്, ഹ്യൂഗോ ഡി വിരീസ്, എറിക് വോണ്‍ ചെര്‍മാക് എന്നിവര്‍) വ്യത്യസ്ത സാഹചര്യങ്ങളില്‍ മെന്‍ഡലിനെയും അദ്ദേഹത്തിന്റെ പേപ്പറിനെയും 'കണ്ടുപിടിച്ചു'. അങ്ങനെ, അവതരിപ്പിക്കപ്പെട്ട് 35 വര്‍ഷത്തിന് ശേഷം മെന്‍ഡലിന്റെ പേപ്പര്‍ ശാസ്ത്രലോകം ആവേശത്തോടെ വായിക്കാന്‍ തുടങ്ങി! പിന്നീട് സംഭവിച്ചതെല്ലാം, ചരിത്രമാണ്.

മെന്‍ഡല്‍ തുടങ്ങിവെച്ച പഠനശാഖയ്ക്ക് പ്രമുഖ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍ വില്ല്യം ബാറ്റെസണ്‍ 1905 ല്‍ 'ജനറ്റിക്‌സ്' എന്നു പേര് നല്‍കി. മെന്‍ഡലിന്റെ പ്രാധാന്യം പുനസ്ഥാപിക്കാന്‍ ഏറ്റവുമധികം പരിശ്രമിച്ച ശാസ്ത്രജ്ഞനാണ് ബാറ്റെസണ്‍. അതിനായി അദ്ദേഹം യൂറോപ്പിലും യു.എസിലും സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തി.

1900 നും 1910 നുമിടയ്ക്ക്, മെന്‍ഡലിന്റെ 'പാരമ്പര്യത്തിന്റെ യൂണിറ്റുകളെ' ('units of heredity') ശരിവെയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കുന്നുകൂടാന്‍ തുടങ്ങി. പുതിയ സിദ്ധാന്തത്തിന്റെ അനന്തരഫലങ്ങള്‍ ജീവശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള ബയോളജിക്കല്‍ വിവരങ്ങളുടെ വിനിമയം പാരമ്പര്യത്തിന്റെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ബാറ്റെസന് ബോധ്യമായി. പാരമ്പര്യഗുണങ്ങളുടെ കൈമാറ്റം, ബയോളജിക്കല്‍ വിവരവിനിമയത്തിന്റെ ഫലങ്ങളില്‍ ഒന്നു മാത്രമാണെന്ന് അദ്ദേഹം അമ്പരപ്പോടെ മനസിലാക്കി.

ആഴത്തില്‍ നോക്കിയാല്‍, ജീവലോകത്താകെ ഈ വിവരവിനിമയം കാണാനാകും. ഭ്രൂണം വളരുമ്പോഴും, സൂര്യപ്രകാശം കിട്ടാന്‍ ചെടികള്‍ മത്സരിക്കുമ്പോഴും, ഉറുമ്പുകള്‍ ആചാരപരമായി നൃത്തം ചെയ്യുമ്പോഴും ഈ വിനിമയത്തിന് നാം സാക്ഷ്യംവഹിക്കുകയാണ്. 'നമ്മള്‍ ഇപ്പോള്‍ ഒരു രാജ്യത്തിന്റെ അതിരില്‍ തൊട്ടിട്ടേയുള്ളൂ, രാജ്യം മുഴുവന്‍ നമുക്ക് മുന്നിലുണ്ട്', ജനിതകശാസ്ത്രത്തിന്റെ ഭാവിസാധ്യതകളെ ആലങ്കാരികമായി ബാറ്റെസണ്‍ ഇങ്ങനെ വിവരിച്ചു.

മെന്‍ഡല്‍ കണ്ടെത്തിയ പാരമ്പര്യഘടകങ്ങളുടെ ഭൗതിക അടിത്തറ കോശങ്ങളിലെ ക്രോമസോമുകള്‍ ആകാമെന്ന്, ന്യൂയോര്‍ക്കില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വാള്‍ട്ടര്‍ സറ്റോണ്‍ 1902 ല്‍ തന്റെ പ്രബന്ധത്തില്‍ പറഞ്ഞു. പാരമ്പര്യത്തിന്റെ ഘടകങ്ങള്‍ക്ക് 1909 ല്‍ വില്‍ഹെം ജോഹാന്‍സണ്‍ 'ജീന്‍' എന്ന് പേരിട്ടു.

പഴയ ബെര്‍ണോയിലെ അഗസ്തീനിയന്‍ സന്ന്യാസിമഠത്തിന്റെ സ്ഥാനത്ത് ഇപ്പോഴുള്ള മെന്‍ഡല്‍ മ്യൂസിയം. ചിത്രം കടപ്പാട്: Wikipedia.

തുടക്കത്തില്‍ മെന്‍ഡലിന്റെ കണ്ടെത്തലിനെ എതിര്‍ത്ത ഗവേഷകരുമുണ്ടായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ തോമസ് ഹണ്ട് മോര്‍ഗന്‍, ബ്രിട്ടീഷ് ഗവേഷകനായ ആര്‍തര്‍ ഡാര്‍ബിഷൈര്‍ എന്നിവര്‍ ഉദാഹരണം. മെന്‍ഡലിന്റെ കണ്ടെത്തലുകള്‍ നിരാകരിക്കാന്‍ പഴയീച്ചകളെ വളര്‍ത്തി മോര്‍ഗനും, എലികളെ ഉപയോഗിച്ച് ഡാര്‍ബിഷൈറും നടത്തിയ പരീക്ഷണങ്ങള്‍ ഒടുവില്‍ മെന്‍ഡലാണ് ശരിയെന്ന് സ്ഥിരീകരിക്കുന്ന കൗതുകത്തിനും ശാസ്ത്രം സാക്ഷ്യം വഹിച്ചു.

പരിണാമസിദ്ധാന്തത്തിന്റെ യഥാര്‍ഥ സത്ത മെന്‍ഡലിന്റെ കണ്ടെത്തലിലാണ് കുടികൊള്ളുന്നതെന്ന് ക്രമേണ മനസിലായി. ബ്രിട്ടീഷ് ഗവേഷകന്‍ റോലാന്‍ഡ് ബിഫെന്‍ മെന്‍ഡലിയന്‍ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരിനം പൂപ്പല്‍ രോഗത്തെ ചെറുക്കുന്ന ഗോതമ്പ് വികസിപ്പിച്ചത് വലിയ ആവേശമുണര്‍ത്തി. കാര്‍ഷിക ജനിതകശാസ്ത്രത്തിന്റെ സാധ്യത കാട്ടിത്തന്ന മുന്നേറ്റമായിരുന്നു അത്.

ജനിതകതത്ത്വങ്ങള്‍ പ്രകാരം മുന്തിയയിനം മനുഷ്യരെ മാത്രം വാര്‍ത്തെടുക്കാനുദ്ദേശിച്ച് രംഗത്തെത്തിയ വികലശാസ്ത്രമാണ് യൂജനിക്‌സ്. ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതികള്‍ അത് നരഹത്യയ്ക്കുള്ള ആയുധമാക്കി. യൂജനിക്‌സിന്റെ കറുത്ത അധ്യായം ഒഴിവാക്കിയാല്‍, ഇരുപതാം നൂറ്റാണ്ടില്‍ ജനിതകശാസ്ത്രത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഡി.എന്‍.എ.യുടെ രഹസ്യങ്ങളിലൂടെ, ജനിതക കോഡുകള്‍ ഉയര്‍ത്തിയ അമ്പരപ്പിലൂടെ, ബയോടെക്‌നോളജിയുടെ നവസാധ്യതകളിലൂടെ, ജീനോം കണ്ടത്തലും കടന്ന് ജനിതകശാസ്ത്രം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങിന്റെയും നിര്‍ദ്ദേശിത പരിണാമത്തിന്റെയും-ഇവയുള്‍പ്പെടുന്ന സിന്തറ്റിക് ബയോളജിയുടെയും തിരുമുറ്റത്താണ്.

തിരിഞ്ഞു നോക്കിയാല്‍, ഇതിന്റെയെല്ലാം തുടക്കമായി, കണ്ണടവെച്ച ഒരു കുറിയ മനുഷ്യന്‍ ബെര്‍ണോയിലെ ആ തോട്ടത്തില്‍ പയര്‍ചെടികളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നത് നമുക്ക് മനക്കണ്ണില്‍ കാണാനാകും!

അവലംബം -

* The Gene: An Intimate History (2016). By Siddhartha Mukherjee. Penguin Random House India pvt.Ltd, Gurgaon, Haryana, India.
* Life's Greatest Secret: The Race to Crack the Genetic Code (2015). By Matthew Cobb. Profile Books, London.
* DNA: The Secret of Life (2004). By James Watson. Arrow Books, London.

Content Highlights: Biologist Gregor Mendel 200th birth anniversary

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr. e k janaki ammal
JANAKI AMMAL @125

4 min

ഡോ. ഇ.കെ. ജാനകി അമ്മാള്‍; മലയാളികള്‍ ഇനിയും അറിയാത്ത ശാസ്ത്രപ്രതിഭ

Nov 4, 2022


New Frog, Minervarya pentali, Sathyabhama Das Biju

2 min

സസ്യശാസ്ത്രജ്ഞന്‍ ദീപക് പെന്റാലിന്റെ പേരില്‍ പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു കുഞ്ഞന്‍ തവള

Aug 2, 2021


Science Day, Women in Science

5 min

ശാസ്ത്രരംഗത്തെ സ്ത്രീകള്‍

Feb 28, 2020

Most Commented