ആവര്‍ത്തിക്കുന്ന നിഗൂഢ റേഡിയോസ്പന്ദനം അന്യഗ്രഹജീവികളുടെ സൃഷ്ടിയോ!


ജോസഫ് ആന്റണി | jamboori@gmail.com

Science Matters

Pic Credit: University of Oxford

'അന്യനാഗരികതയില്‍ സ്‌പേസിലൂടെയുള്ള ചരക്കുനീക്കത്തിന് ശക്തിയേറെ പ്രകാശധാര ഉപയോഗിക്കുന്നതാകാം! അവിടെ നിന്നെത്തുന്നതാകാം പുതിയതായി കണ്ടെത്തിയ റേഡിയോസ്പന്ദനങ്ങള്‍'

------------

ജ്യോതിശാസ്ത്രജ്ഞരെ 2007 മുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് ഒരിനം വിചിത്ര റേഡിയോസ്പന്ദനങ്ങള്‍. പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ നിന്ന് നിഗൂഢമാംവിധം പ്രത്യക്ഷപ്പെടുന്ന അവയ്ക്ക് 'ധ്രുത റേഡിയോ സ്‌ഫോടനങ്ങള്‍' ('fast radio bursts'- FRBs) എന്നാണ് പേര്. 13 വര്‍ഷത്തിനിടെ ഇത്തരം 110 റേഡിയോസ്പന്ദനങ്ങള്‍ എഫ് ആര്‍ ഐ കാറ്റലോഗില്‍ ഇടംപിടിച്ചിട്ടുണ്ട്.

ക്രമരഹിതമായാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. റേഡിയോ അസ്‌ട്രോണമി രംഗത്തുള്ളവര്‍ക്ക് ഇത്തരം റേഡിയോ സ്പന്ദനങ്ങള്‍ക്ക് ഒരു പൊതുവായ പാറ്റേണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, ഇത്തരം റേഡിയോസ്പന്ദനങ്ങള്‍ക്ക് കാരണം കണ്ടെത്താനും സാധിച്ചിട്ടില്ല. വ്യത്യസ്ത അനുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും അങ്ങോട്ട് കൃത്യമായി ഒത്തുവരുന്നില്ല!

പുതിയതായി രൂപംകൊണ്ട, കാന്തികപ്രഭാവമേറിയ ന്യൂട്രോണ്‍ താരങ്ങളെ 'മാഗ്നറ്റാര്‍സ്' (magnetars) എന്നാണ് വിളിക്കുന്നത്. വിദൂരപ്രപഞ്ചത്തില്‍ മാഗ്നറ്റാര്‍സ് സൃഷ്ടിക്കുന്ന ജ്വാലകളാകാം, എഫ് ആര്‍ ബി കള്‍ക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. അതിനിടെ, കനേഡിയന്‍ ഗവേഷകര്‍ പുതിയതായി കണ്ടെത്തിയ എഫ് ആര്‍ ബി, ഒരു അന്യനാഗരികത (Alien Civilization) യുടെ സൂചനയല്ലേ എന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകനായ അവി ലോബ് (Avi Loeb).

magnetar, magnetic nutron star
മാഗ്നറ്റാര്‍, ചിത്രകാരന്റെ ഭാവന. Pic Credit: NASA/CXC/M.Weiss

ഇതുവരെ നിരീക്ഷിച്ചവയില്‍ നിന്ന് പുതിയ എഫ് ആര്‍ ബി ക്കുള്ള പ്രത്യേകത, 16 ദിവസമുള്ള സമയചക്രത്തില്‍ അത് ആവര്‍ത്തിക്കുന്നു എന്നതാണ്. ആദ്യമായാണ് ഒരു എഫ് ആര്‍ ബി ഇത്തരമൊരു പാറ്റേണില്‍ പ്രത്യക്ഷപ്പെടുന്നതായി നിരീക്ഷിക്കുന്നത്. അതൊരു 'കൃത്രിമ ഉറവിട'ത്തില്‍ നിന്നാകാം വരുന്നതെന്നാണ് ലോബിന്റെ വാദം! 'എഫ്.ആര്‍.ബി.കളുടെ സ്വഭാവം വ്യക്തമായി വിവരിക്കാന്‍ ഇപ്പോള്‍ കഴിയില്ല'-അദ്ദേഹം പറഞ്ഞു. 'അതിനാല്‍, കൃത്രിമ ഉറവിടം ഉള്‍പ്പടെ എല്ലാ സാധ്യതയും നമ്മള്‍ പരിഗണിച്ചേ തീരൂ'.

ലോബ് മുന്നോട്ടുവെയ്ക്കുന്ന പ്രധാന സാധ്യത ഇതാണ്: 'ഒരു അന്യനാഗരികതയില്‍, സ്‌പേസിലൂടെയുള്ള ചരക്കുനീക്കത്തിന് ശക്തിയേറെ പ്രകാശധാര ഉപയോഗിക്കുന്നതാകാം! അവിടെ നിന്ന് ചോര്‍ന്നെത്തുന്നതാകാം കനേഡിയന്‍ ഗവേഷകര്‍ കണ്ടെത്തിയ റേഡിയോസ്പന്ദനങ്ങള്‍'. അത് അന്യഗ്രഹജീവികളുടെ സൃഷ്ടിയാകാം എന്നാണ് ലോബ് പറയാതെ പറയുന്നത്!

CHIME Radio Telescope
ബ്രിട്ടീഷ് കൊളംബിയയിലെ 'ചിം' (CHIME) റേഡിയോ ടെലസ്‌കോപ്പ്. Pic Credit: Andre Renard/Dunlap Institute/University of Toronto/CHIME

കാനഡയില്‍ ടൊറന്റോ സര്‍വകലാശാലയിലെ നക്ഷത്രഭൗതിക ഗവേഷക ഡോങ്‌സി ലി (Dongzi Li) യും സഹപ്രവര്‍ത്തകരുമാണ്, ഭൂമിയില്‍ നിന്ന് 50 കോടി പ്രകാശവര്‍ഷം അകലെ ഒരു ഗാലക്‌സിയില്‍ നിന്നുള്ള റേഡിയ സ്പന്ദനം 16 ദിവസത്തെ കാലയളവില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന കാര്യം കണ്ടെത്തിയത്. എഫ് ആര്‍ ബി കളെ കുറിച്ച് പഠിക്കുന്ന ഒരു പദ്ധതിയില്‍ ('Canadian Hydrogen Intensity Mapping Experiment Fast Radio Burst Project' - CHIME/FRB) ഉള്‍പ്പെട്ട ഗവേഷകരാണ് ലിയും സംഘവും.

Dongzi Li
ഡോങ്‌സി ലി. Pic Credit:
University of Toronto

ബ്രിട്ടീഷ് കൊളംബിയയില്‍ സ്ഥാപിച്ചിട്ടുള്ള 'ചിം' (CHIME) റേഡിയോ ടെലസ്‌കോപ്പ് ഉപയോഗിച്ച് 2018 സെപ്റ്റംബര്‍ 16 മുതല്‍ 2019 ഓക്ടോബര്‍ 26 വരെ നടത്തിയ നിരീക്ഷണം വഴിയാണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. ഈ കാലയളവില്‍ 28 തവണ ആ റേഡിയോ സ്പന്ദനം രേഖപ്പെടുത്താന്‍ ലിയ്ക്കും സംഘത്തിനും സാധിച്ചു. 'ആര്‍ക്‌സൈവ്' (arXiv, Feb 13, 2020) വെബ്ബ്‌സൈറ്റില്‍ പഠനറിപ്പോര്‍ട്ട് ലഭ്യമാണ്.

'ഏതെങ്കിലും തരം എഫ് ആര്‍ ബി സ്ഥിരം കാലപരിധിയില്‍ ആവര്‍ത്തുന്നത് ആദ്യമായാണ് കണ്ടെത്തുന്നത്'-ഗവേഷകര്‍ പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞു. ഭൂമിയില്‍ നിന്ന് 50 കോടി പ്രകാശവര്‍ഷം അകലെയാണ് പുതിയ റേഡിയോ സ്പന്ദനത്തിന്റെ ഉത്ഭവസ്ഥാനം എന്നു കേള്‍ക്കുമ്പോള്‍ വളരെ അകലെയാണതെന്ന് തോന്നാം. യഥാര്‍ഥത്തില്‍, ഇതുവരെ കണ്ടെത്തിയ എഫ് ആര്‍ ബി കളില്‍ നമുക്ക് ഏറ്റവും അടുത്തള്ളതാണ് പുതിയതായി കണ്ടെത്തിയ എഫ് ആര്‍ ബി.

ഒരു ഭീമന്‍ നക്ഷത്രവും അത്യധികം സാന്ദ്രതയുള്ള ന്യൂട്രോണ്‍ താരവും ഉള്‍പ്പെട്ട ഇരട്ടസംവിധാനമാണോ, ഇത്ര ശക്തമായ റേഡിയോ സ്പന്ദനങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് ഗവേഷകര്‍ക്ക് സംശയമുണ്ട്. ചില എഫ് ആര്‍ ബി കള്‍ക്ക് കാരണം മാഗ്നറ്റാര്‍സ് സൃഷ്ടിക്കുന്ന ജ്വാലകളാകാം എന്ന് മുമ്പ് ഗവേഷകര്‍ അഭിപ്രായപ്പെട്ട കാര്യം സൂചിപ്പിച്ചല്ലോ. എന്നാല്‍, മാഗനറ്റാര്‍സ് സൃഷ്ടിക്കുന്ന സ്പന്ദനങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ആവര്‍ത്തിക്കും. അതിനാല്‍, 16 ദിവത്തെ സമയചക്രത്തില്‍ ആവര്‍ത്തിക്കുന്ന സിഗ്നലുകളുമായി അവ യോജിക്കുന്നില്ല.

Fast Radio Burst, FRB
പുതിയതായി കണ്ടെത്തിയ റേഡിയോസ്പന്ദനങ്ങളുടെ ഉത്ഭവസ്ഥാനം, 50 കോടി പ്രകാശവര്‍ഷം അകലെയാണിത്. Pic Credit: B. Marcote et al./ Arxiv

ഇവിടെയാണ്, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട വിശദീകരണവുമായി അവി ലോബ് രംഗത്തെത്തിയത്. സ്‌പേസിലൂടെ ചരക്കുനീക്കാന്‍ ഊര്‍ജധാരകള്‍ ഉപയോഗിക്കുന്നതാകാം പുതിയ എഫ് ആര്‍ ബി ക്ക് കാരണമെന്നാണല്ലോ അദ്ദേഹം അഭിപ്രായപ്പെട്ടത്. 2017 ലെ ഒരു പ്രബന്ധത്തില്‍ താന്‍ ഇക്കാര്യം പരിശോധിച്ചത് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഊര്‍ജകിരണങ്ങളുടെ സഹായത്തോടെ സ്‌പേസിലൂടെ ചരക്കുനീക്കം നടത്താന്‍ അമ്പരപ്പിക്കുന്നത്ര വലിയ തോതില്‍ ഊര്‍ജം ആവശ്യമാണ്-ഇതായിരുന്നു ലോബിന്റെ കണക്കുകൂട്ടല്‍. ഭൂമിയില്‍ പതിക്കുന്ന മുഴുവന്‍ സൂര്യപ്രകാശത്തിന്റത്ര ഊര്‍ജമുള്ള കിരണങ്ങള്‍ക്കേ അത് സാധിക്കൂ. ഒരോ മണിക്കൂറിലും 430 ക്വിന്റില്ല്യണ്‍ ജൂള്‍ (430 quintillion Joules) ഊര്‍ജമാണ് സൂര്യനില്‍ നിന്ന് ഭൂപ്രതലത്തില്‍ പതിക്കുന്നതെന്നോര്‍ക്കുക. 430 കഴിഞ്ഞ് 18 പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയാണ് 430 ക്വിന്റില്ല്യണ്‍ എന്നത്! മനുഷ്യരെല്ലാം ചേര്‍ന്ന് ഒരുവര്‍ഷം ഉപയോഗിക്കുന്നത് 410 ക്വിന്റില്ല്യണ്‍ ജൂള്‍ ഊര്‍ജമാണെന്ന് ഓര്‍ക്കുക!

Avi Loeb
അവി ലോബ്. Pic Credit: cfa.harvard.edu/

'ഭൂമിയിലുള്ളതിലും വലിയ തോതിലുള്ള എഞ്ചിനിയറിങ് പദ്ധതി വഴിയേ, ഊര്‍ജകിരണങ്ങള്‍ കൊണ്ട് സ്‌പേസിലൂടെ ചരക്കുനീക്കം സാധിക്കൂ. ഇത് ഗൗരവപൂര്‍വ്വം പരിഗണിക്കാവുന്ന ഒരു സാധ്യതയാണെ'ന്ന് അവി ലോബ് വിശ്വസിക്കുന്നു. വ്യത്യസ്ത എഫ് ആര്‍ ബി കള്‍ വ്യത്യസ്ത കാരണങ്ങളാല്‍ ഉത്ഭവിക്കുന്നതാകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അന്യഗ്രഹജീവകളെക്കുറിച്ച് ആദ്യമായല്ല ലോബ് അഭിപ്രായ പ്രകടനം നടത്തുന്നത്. ബാഹ്യപ്രപഞ്ചത്തില്‍ നിന്ന് 'ഔമുവാമുവ' (Oumuamua) എന്ന വസ്തു 2018 ല്‍ സൗരയൂഥത്തിലൂടെ കടന്നു പോകുമ്പോള്‍, അത് അന്യഗ്രഹജീവികള്‍ വിക്ഷേപിച്ച പേടകമാണെന്ന് ലോബ് പ്രസ്താവിച്ചിരുന്നു. ഒരു നക്ഷത്രാന്തര വസ്തു (Interstellar object) സൗരയൂഥത്തിലൂടെ കടന്നുപോകുന്നത് ആദ്യമായി കാണുകയായിരുന്നു ശാസ്ത്രലോകം.

Oumuamua
സൗരയൂഥത്തിന് വെളിയില്‍ നിന്നെത്തിയ ഔമുവാമുവ ഛിന്നഗ്രഹം, ചിത്രകാരന്റെ ഭാവന. Pic Credit: ESO/M. Kornmesser

ഔമുവാമുവ അന്യഗ്രഹജീവികളുടെ പേടകമാകാമെന്നതിന് കൗതുകമുള്ള വിശദീകരണമാണ് ലോബ് അന്ന് നല്‍കിയത്. ഒരു ഗുഹാമനുഷ്യനെ സെല്‍ഫോണ്‍ കാണിക്കുന്ന കാര്യം സങ്കല്‍പ്പിക്കാനാണ് അദ്ദേഹം പറഞ്ഞത്. അതൊരു പാറക്കഷണമാണ് എന്നാകും ഗുഹാമനുഷ്യന്‍ പറയുക. ശിലകള്‍ ഉപയോഗിക്കുന്നയാളാണ് ഗുഹാമനുഷ്യന്‍. 'ഇനി ഔമുവാമുവ എന്നത് ഐഫോണ്‍ ആണെന്നും, നമ്മള്‍ ഗുഹാമനുഷ്യരാണെന്നും സങ്കല്‍പ്പിച്ച് നോക്കുക'-അദ്ദേഹം പറഞ്ഞു!

ഹൗവായ് സര്‍വകലാശാലയിലെ കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ജെ.വെറിക് ആണ് 2017 ഒക്ടോബര്‍ 19 ന് ഔമുവാമുവയെ കണ്ടുപിടിച്ചത്. വാല്‍നക്ഷത്രമാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് അതൊരു ഛിന്നഗ്രഹം (Asteroid) എന്ന് നിശ്ചയിക്കപ്പെട്ടു.

അവലംബം-

* A repeating fast radio burst source localized to a nearby spiral galaxy. By B.Marcote, et al. Nature, Jan 06, 2020.
* Periodic activity from a fast radio burst source. The CHIME/FRB Collaboration. arXiv.org, Feb 13, 2020.
* Something in Deep Space Is Sending Signals to Earth in Steady 16-Day Cycles. By Becky Ferreira. Vice, Feb 8, 2020.
* Harvard Prof: Deep Space Signal May Be From Alien Civilization. By Jon Christian. Futurism.com, Feb 12, 2020.
* Fast Radio Bursts from Extragalactic Light Sails. By Manasvi Lingam and Abraham Loeb. The Astrophysical Journal Letters, 837:L23, March 10, 2017.
* Magnetar Mysteries in our Galaxy and Beyond. By Whitney Clavin. Caltech, Jan 09, 2019.

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Alien Civilization, Radio Astronomy, Avi Loeb, Harvard University, Extraterrestrial Civilization, Fast Radio Burst, Magnetar, Radio Astronomy

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented