Dr. M vijayan (Photo: Dr. M vijayan)
ഡോ. മാമണ്ണവിജയൻ (1 9 4 1 - 2 0 2 2)
അപൂർവമായൊരു വിശേഷാവഗാഹമേഖല പടുത്തുയർത്തി ശിഷ്യസമൂഹത്തെ സൃഷ്ടിച്ച് ഗവേഷണരംഗത്ത് മൗലികസംഭാവനനൽകി ലോകമെങ്ങും ആദരിക്കപ്പെട്ട ജീവശാസ്ത്രജ്ഞനായിരുന്ന ഡോ. എം. വിജയനെ അനുസ്മരിക്കുന്നു. രാസപരിണാമത്തിലും ജീവന്റെ ഉദ്ഭവത്തിലും സ്വാധീനംചെലുത്തുന്ന ഗവേഷണങ്ങളായിരുന്നു എം. വിജയന്റേത്
ശാസ്ത്രജ്ഞനായും മനുഷ്യസ്‌നേഹിയായും തന്റെ ചുറ്റിലുമുള്ളവരെ അദ്ഭുതപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു ഡോ. മാമണ്ണ വിജയന്‍. െബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്‌സി.) മാക്രോമോളിക്യുലാര്‍ ബയോഫിസിക്‌സ് ഹോമിഭാഭ ചെയര്‍ പ്രൊഫസറും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ചെയര്‍ വിശിഷ്ട പ്രൊഫസറുമായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ ജനിച്ച ഡോ. എം. വിജയന്‍, 1941ല്‍ കേരളവര്‍മ കോളേജില്‍നിന്ന് ബിരുദം നേടി. അലഹബാദ് സര്‍വകലാശാലയില്‍ പഠനം തുടരുകയും ഐ.ഐ.എസ്‌സി.യില്‍നിന്ന് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയുംചെയ്തു. 1964ല്‍ രസതന്ത്രത്തില്‍ നൊേബല്‍സമ്മാനം നേടിയ ശാസ്ത്രജ്ഞ പ്രൊഫ. ഡൊറോത്തി ഹോഡ്കിന്റെ സഹഗവേഷകനായിരുന്നു ഡോ. വിജയന്‍. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് കൊളസ്‌ട്രോള്‍, പെന്‍സിലിന്‍, ഇന്‍സുലിന്‍ തുടങ്ങിയ തന്മാത്രകളുടെ അറ്റോമിക് ഘടന കണ്ടെത്തിയ വിശ്വപ്രശസ്തയാണ് ഡൊറോത്തി.
അധ്യാപകനും ഉപദേഷ്ടാവും
പ്രോട്ടീന്‍ ഘടനകള്‍, ലെക്ടിനുകള്‍, മൈക്രോബാക്ടീരിയല്‍ പ്രോട്ടീനുകളുടെ ഇടപെടലുകള്‍ എന്നിവയിലായിരുന്നു വിജയന്റെ പ്രധാന ഗവേഷണം. ഇന്ത്യയില്‍ മാക്രോമോളിക്യുലാര്‍ ക്രിസ്റ്റലോഗ്രാഫിയെ പരിപോഷിപ്പിക്കുന്നതില്‍ അധ്യാപകന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പങ്ക് പരമപ്രധാനമാണ്. ജീവന്റെ രാസപരിണാമത്തിലും ഉദ്ഭവത്തിലും സൂപ്പര്‍മോളികുലാര്‍ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് വിജയന്‍ നടത്തിയ ഗവേഷണം ശാശ്വതമായ ഫലങ്ങള്‍ നല്‍കി. വിജയനും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും നടത്തിയ ഗവേഷണങ്ങള്‍, അമിനോ ആസിഡുകളും പെപ്‌റ്റൈഡുകളും ഉള്‍പ്പെടുന്ന തന്മാത്രാസമുച്ചയങ്ങളെ തിരിച്ചറിയുന്നതിനും അഗ്രഗേഷന്‍ പാറ്റേണുകള്‍ നിര്‍ണയിക്കുന്നതിലും വിജയിച്ചു. രാസപരിണാമത്തിലും ജീവന്റെ ഉദ്ഭവത്തിലും സ്വാധീനംചെലുത്തുന്ന ഗവേഷണമായിരുന്നു അത്.
നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി വേദനസംഹാരികള്‍, അയണോഫോറുകള്‍, അനുബന്ധസംയുക്തങ്ങള്‍ എന്നിവയുടെ ഘടനയും ഇടപെടലുകളും, പ്രോട്ടീനുകളിലെ സൈഡ് ചെയിന്‍ കോണ്‍ഫോര്‍മേഷന്‍, ലൈസോസൈമിലെ അധിക ബൈന്‍ഡിങ് സൈറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ മറ്റുസംഭാവനകള്‍. ലെക്ടിനുകളുടെ ഘടനയെയും കാര്‍ബോഹൈഡ്രേറ്റ് ബൈന്‍ഡിങ് ഗുണങ്ങളെയും സംബന്ധിച്ച് വിജയന്‍ സുപ്രധാനസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രോട്ടീനുകളുടെ ചലനാത്മകതയിലും പ്രവര്‍ത്തനത്തിലും ജലാംശത്തിന്റെ പങ്ക്, മൈക്രോബാക്ടീരിയല്‍ പ്രോട്ടീനുകളുടെ ഘടനാപരമായ ജീവശാസ്ത്രം, കൂടാതെ അമിനോ ആസിഡുകളുടെയും പെപ്‌റ്റൈഡുകളുടെയും തന്മാത്രാതിരിച്ചറിയലും സംയോജനവും അവയുടെ പരിണാമപരമായ പ്രത്യാഘാതങ്ങളും വിജയനെ ലോകപ്രശസ്തനാക്കി.
ലോകശ്രദ്ധനേടിയ ഗവേഷണങ്ങള്‍
പ്രോട്ടീന്‍ ബയോളജിസ്റ്റായി മാറിയ ഭൗതികശാസ്ത്രജ്ഞനായ വിജയന്‍, ക്രിസ്റ്റലോഗ്രാഫിയുടെയും സ്ട്രക്ചറല്‍ ബയോളജിയുടെയും ലോകഭൂപടത്തില്‍ ഇന്ത്യയെ പ്രമുഖസ്ഥാനത്ത് അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്ട്രക്ചറല്‍ ബയോളജി(ഘടനാജീവശാസ്ത്രം) യില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ഒട്ടേറെ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കി ലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2004ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി. സ്വന്തം സ്ഥാപനത്തിലും രാജ്യത്തും ഇങ്ങനെ അപൂര്‍വമായൊരു വിശേഷാവഗാഹമേഖല പടുത്തുയര്‍ത്തി ശിഷ്യസമൂഹത്തെ സൃഷ്ടിച്ച് ഗവേഷണരംഗത്ത് മൗലികസംഭാവനനല്‍കി ലോകമെങ്ങും ആദരിക്കപ്പെട്ട മലയാളിയായ വേറെ ശാസ്ത്രജ്ഞര്‍ അധികമുണ്ടാവില്ല.
ഐ.ഐ.എസ്‌സി.യുടെ അസോസിയേറ്റ് ഡയറക്ടറായി നിയമിക്കപ്പെട്ട അദ്ദേഹം 20072010 കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്റുമായിരുന്നു. 2010ല്‍ കേരളത്തിലെ സി.ബി.സി.എസ്. സംവിധാനം രൂപകല്പന ചെയ്ത ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ തലവനുമായിരുന്നു. കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റും പിന്നീട് 2019ല്‍ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കുകയുണ്ടായി.
ദേശീയഅന്താരാഷ്ട്ര അക്കാദമിക് സമിതികളുടെയും ഗവേഷകയോഗങ്ങളുടെയും പ്രമുഖ സംഘാടകനും ഗവേഷണകേന്ദ്രങ്ങളുടെ സ്ഥാപകനുമായിരുന്നു. ഏഴുവര്‍ഷത്തിലധികം ഐ.ഐ. എസ്‌സി.യിലെ സ്ട്രക്ചറല്‍ബയോളജിയുടെ വിഖ്യാതകേന്ദ്രമായ മോളിക്കുലാര്‍ ബയോഫിസിക്‌സ് യൂണിറ്റിന്റെ ചെയര്‍മാനായിരുന്നു. അഞ്ച് ഡിപ്പാര്‍ട്ടുമെന്റുകളും അറുപതോളം അധ്യാപകരും ഇരുന്നൂറ്റമ്പതോളം വിദ്യാര്‍ഥികളുമുള്ള ബയോളജി ഡിവിഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം അവിടെ ബയോടെക്‌നോളജിയുടെ വിശിഷ്ട ഓണററി പ്രൊഫസറായും ഹോമിഭാഭ ചെയര്‍ പ്രൊഫസറായും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ചെയര്‍ വിശിഷ്ട പ്രൊഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചു.
മനുഷ്യസ്‌നേഹി
മോട്ടോര്‍ ന്യൂറോണ്‍ ഡിസോര്‍ഡര്‍ എന്ന രോഗംമൂലം ശാരീരികശേഷിയും സംസാരശേഷിയും തകര്‍ന്നുപോയിട്ടും അദ്ദേഹം തന്റെ വിദ്യാര്‍ഥികളെയും സഹപ്രവര്‍ത്തകരെയും പ്രചോദിപ്പിച്ചു. മരണംവരെ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിയായിരിക്കേ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘാടനത്തിലും പിന്നീട് ശാസ്ത്രജ്ഞനായിരിക്കേ ശാസ്ത്രമേഖലയിലെ സംഘാടനത്തിലും അദ്ഭുതാവഹമായ മികവുകാട്ടിയ പ്രതിജ്ഞാബദ്ധനായ ഈ കമ്യൂണിസ്റ്റ് മനുഷ്യസ്‌നേഹിയുടെ അനുഭവജീവിതം ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും വിമര്‍ശനബുദ്ധി കൈവിടാത്ത പൗരാവലിക്കും ഒരുപോലെ വഴികാട്ടിയാണ്. അദ്ദേഹവുമായി ഒരു ദശാബ്ദത്തിലേറെ, പ്രധാനമായും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍, അടുത്ത പരിചയം പുലര്‍ത്താനും ഉദാരമതിയും സ്‌നേഹമയിയുമായ ആ വലിയ മനുഷ്യന്റെ സമ്പര്‍ക്കം അനുഭവിച്ചറിയാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.
Content Highlights: About Dr mamanna viajayan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..