ന്യൂട്രോണിന്റെ ഉപഗ്രഹ വിക്ഷേപണം ഭാവനയിൽ | Photo-Rocketlabs
പുനരുപയോഗിക്കാവുന്ന റോക്കറ്റ് അവതരിപ്പിച്ച് ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ റോക്കറ്റ് ലാബ്. 'ന്യൂട്രോണ്‍' എന്നാണിതിന് പേര് നൽകിയിരിക്കുന്നത്. റോക്കറ്റ് ലാബിന്റെ നേതൃത്വത്തില്‍ പ്രത്യേക കാര്‍ബണ്‍ കമ്പോസിറ്റ് ഉപയോഗിച്ചാണ് ന്യൂട്രോണിന്റെ നിര്‍മ്മാണം. വിക്ഷേപണത്തിന് ശേഷം പ്രത്യേകമായി ഡിസൈന്‍ ചെയ്ത ലാന്‍ഡിങ് പാഡില്‍ റോക്കറ്റ് തിരിച്ചിറങ്ങും.സമാനമായ ലാന്‍ഡിങ് ശൈലിയാണ് സ്പേസ് എക്‌സ് അവരുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകളിലും ഉപയോഗിച്ചത്.
കണ്ടു പഴകിയ സ്ഥിരം ശൈലികളില്‍ നിന്ന് വ്യത്യസ്തയാര്‍ന്നതാണ് 'ന്യൂട്രോണ്‍' എന്ന റോക്കറ്റെന്ന് റോക്കറ്റ് ലാബ്‌സ് സി.ഇ.ഒയായ പീറ്റര്‍ ബെക്ക് അറിയിച്ചു. യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് റോക്കറ്റ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
2050 ഓടെ ഇത്തരത്തിലുള്ള റോക്കറ്റുകള്‍ വ്യാപകമാകുമെന്നും 'ന്യൂട്രോണ്‍' 2024 ല്‍ ആദ്യത്തെ പര്യടനത്തിന് തയ്യാറാകുമെന്നും പീറ്റര്‍ ബെക്ക് പറഞ്ഞു. മുമ്പ് റോക്കറ്റ് ലാബ് 'ഇലക്‌ട്രോണ്‍' എന്ന പേരിലൊരു റോക്കറ്റ് അവതരിപ്പിച്ചിരുന്നു. 2017 മുതല്‍ ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റോക്കറ്റ് ലാബ് ആശ്രയിക്കുന്നത് ഇലക്‌ട്രോണിനെയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇലക്‌ട്രോണിനെക്കാള്‍ വലിപ്പമേറിയതും പ്രവര്‍ത്തനക്ഷമതയുള്ളതുമായൊരു റോക്കറ്റ് തങ്ങള്‍ അവതരിപ്പിക്കുമെന്ന് റോക്കറ്റ് ലാബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

131 അടി ഉയരമാണ് ന്യൂട്രോണിനുള്ളത്. ഇലക്‌ട്രോണിന്റെ ഉയരത്തിന്റെ ഇരട്ടിയലധികം വരുമിത്. ആര്‍ക്കമിഡിസ് എന്ന പേരിലറിയപ്പെടുന്ന ഏഴ് പ്രധാന എഞ്ചിനുകളിലാണ് റോക്കറ്റ് പ്രവര്‍ത്തിക്കുക. എട്ട് മുതല്‍ 15 ടണ്‍ വരെ ഭാരം വരുന്ന ചെറു വസ്തുക്കളെ ന്യൂട്രോണിന് ഭൗമ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയും. ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സഹായിക്കുന്ന ന്യൂട്രോണ്‍ മനുഷ്യ ബഹിരാകാശ യാത്രകൾക്കും ഉപയോഗിക്കാം. ന്യൂട്രോണിന്റെ ഏറ്റവും വലിയ സവിശേഷത അത് പുനഃരുപയോഗിക്കാന്‍ കഴിയുമെന്നതാണ്. അതായിത് വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഓരോ ഭാഗവും വീണ്ടും ഭൂമിയില്‍ തന്നെ പതിക്കും.
സാധാരണ റോക്കറ്റുകളുടെ വിക്ഷേപണ രീതിയായിരിക്കില്ല ന്യൂട്രോണിന്. മറ്റ് റോക്കറ്റുകളില്‍ ഉപഗ്രഹങ്ങള്‍ നോസ്കോൺ എന്നറിയപ്പെടുന്ന റോക്കറ്റിന്റെ മുകൾ ഭാഗത്തെ അറയിൽ സൂക്ഷിച്ചാണ് ഭ്രമണ പഥത്തിലെത്തിക്കുക. ബഹിരാകാശത്തിലെത്തിയ ശേഷം മുകള്‍ ഭാഗം റോക്കറ്റിൽ നിന്ന് വേർപെടും. പിന്നീട് ഉപഗ്രഹം ഭ്രമണപഥത്തിൽ വിന്യസിച്ച ശേഷം അവ ഭൂമിയിലേക്ക് പതിക്കും. ഇങ്ങനെ പതിക്കുന്ന ഭാഗങ്ങൾ പലപ്പോഴും കണ്ടെത്താന്‍ സാധിക്കാറില്ല.
എന്നാല്‍ ന്യൂട്രോണില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ശേഷവും മുകള്‍ ഭാഗം വേര്‍പിരിയാതെ റോക്കറ്റിൽ തന്നെ തുടരും. അതായത് വിക്ഷേപണ ജോലി കഴിഞ്ഞ് ഫലത്തിൽ റോക്കറ്റ് അതേ പടി തന്നെ ഭൂമിയിൽ തിരിച്ചറിങ്ങും.
സ്പേസ് എക്‌സ് സാധാരണയായി റോക്കറ്റിന്റെ മുകള്‍ ഭാഗം ബോട്ടുകളിലെ വലകളുപയോഗിച്ചാണ് വീണ്ടെടുക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത് പ്രാവര്‍ത്തികമാകാറില്ലാത്തതിനാല്‍ നേരിട്ട് കടലില്‍ നിന്നും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യാറ് സ്പേസ് എക്‌സ്.
Content Highlights: A Rocket which can be reused after launch; designed by Rocket Labs
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..