ലണ്ടന്‍: വന്‍നാശം വിതയ്ക്കാന്‍ ശക്തിയുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുവാനുള്ള സാധ്യത വര്‍ധിച്ചു വരികയാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 

ജൂണ്‍ 30-ന് ഛിന്നഗ്രഹദിനം ആചരിക്കാനിരിക്കെയാണ് ഇതേക്കുറിച്ച് ഗൗരവകരമായ മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. 1908 ജൂണ്‍ 30-ന് റഷ്യയിലെ സൈബീരിയയില്‍ ഛിന്നഗ്രഹം പതിച്ചതിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം ഛിന്നഗ്രഹദിനം ആചരിക്കുന്നത്. 

ഛിന്നഗ്രഹം പതിച്ച് സൈബീരിയയില്‍ 2000 ച.കിലോ മീറ്റര്‍ വിസ്തൃതിയിലുള്ള വനങ്ങളും ജീവികളും കത്തിനശിച്ചെന്നാണ് കണക്ക്. 

സൈബീരിയയില്‍ സംഭവിച്ചത് പോലെ ഒരു ഛിന്നഗ്രഹം ഇന്ന് ഭൂമിയില്‍ പതിച്ചാല്‍ ഒരു നഗരമൊന്നാകെ കത്തിചാമ്പാലാവും എന്നാണ് ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന ക്യൂന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ അലന്‍ ഫിറ്റ്‌സ്മന്‍സ് പറയുന്നത്. 

എങ്കിലും ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിലും അവ സൃഷ്ടിക്കുന്ന ഭീഷണി മനസ്സിലാക്കുന്നതിലും നമ്മുടെ ശാസ്ത്രജ്ഞര്‍ നേടിയ പുരോഗതി ആശ്വാസകരമാണെന്നും ഫിറ്റ്‌സ്മന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. 

ഭൂമിയ്ക്ക് സമീപത്തുള്ള 1800-ഓളം ഛിന്നഗ്രഹങ്ങളെ ഇതിനോടകം നമുക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഒരോ ദിവസവും ഇത്തരം പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അവയില്‍ ഭൂരിപക്ഷവും ഭൂമിക്ക് ഭീഷണിയല്ലതാനും.

എന്നാല്‍ കണ്ടെത്തിയതിലുമേറെ ഛിന്നഗ്രഹങ്ങള്‍ നമ്മുടെ കാണാമറയത്താണുള്ളത്. അതിനാല്‍ തന്നെ മറ്റൊരു സൈബീരിയ ഏത് സമയത്തും ആവര്‍ത്തിക്കാം എന്ന ജാഗ്രത നമുക്ക് വേണം. ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്ന കാര്യത്തിലുള്ള മികവ് അവയെ നേരിടുന്ന കാര്യത്തിലും ഉണ്ടാവണം. ഫിറ്റ്‌സ്‌മെന്‍സ് ഓര്‍മ്മിപ്പിക്കുന്നു. 

ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഭീമന്‍ ഛിന്നഗ്രങ്ങളുടെ സാന്നിധ്യം വര്‍ഷങ്ങള്‍ കഴിയും തോറും വര്‍ധിച്ചു വരികയാണെന്ന് നേരത്തെ ഉല്‍ക്കാപതനങ്ങളെക്കുറിച്ച് പഠിച്ച ചെക്ക് റിപ്പബ്‌ളിക്ക് ശാസ്ത്രജ്ഞരും കണ്ടെത്തിയിരുന്നു.

2013 ഫിബ്രുവരിയില്‍ റഷ്യയിലുണ്ടായ ഉല്‍ക്കാ പതനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍