സര്‍വചരാചരങ്ങളെയും അയ്യപ്പനായിക്കാണുന്ന ഒരു പതിവ് ഈ മണ്ഡലകാലത്തുണ്ട്. എല്ലാ അയ്യപ്പന്‍മാരും മറ്റുള്ള അയ്യപ്പന്‍മാരെ സ്വാമി എന്നോ, അയ്യപ്പനെന്നോ, അതല്ലെങ്കില്‍ മണികണ്ഠന്‍ എന്നോ, മാളികപ്പുറം എന്നൊക്കെയാണ് വിളിക്കുക. എന്തുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്? നമ്മുടെ ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഈശ്വരീയമാണ്. ഈ ഈശ്വരീയതത്ത്വത്തെ തിരിച്ചറിയുക എന്നത് എല്ലാവരുടെയും കടമയാണ്. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കുകയും ചെയ്യണം. അതുകൊണ്ട് എഴുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്, 'ഞാനെന്ന ഭാവം' ഉണ്ടാകാന്‍ പാടില്ല. ഉണ്ടാവുകയാണെങ്കില്‍ 'അഖിലം ഞാനിതെന്ന ബോധം വരണം'. ഈ ലോകത്ത് എല്ലായിടത്തും ഞാന്‍ ഉണ്ട് എന്ന ബോധം വരണം. ആ ബോധം എങ്ങനെയാണ് ഉണ്ടാവുക? നമ്മുടെ ബോധമണ്ഡലത്തിന്റെ വികാസം എങ്ങനെയാണ് ഉണ്ടാക്കാന്‍ സാധിക്കുക? മനുഷ്യന്റെ മനസ്സിനെ എങ്ങനെയാണ് വികസിപ്പിച്ചെടുക്കുക? എല്ലാവരുടെ മനസ്സും ജന്മംകൊണ്ട് സങ്കുചിതമാണ്. ആ സങ്കുചിതമായ മനസ്സില്‍നിന്ന് എങ്ങനെയാണ് ലോകത്തിലേക്ക് വികസിക്കുന്നത് എന്നാണ് ഋഷിമാര്‍ ആലോചിച്ചത്. ഋഷിമാരുടെ ആലോചന നാം നമ്മളില്‍ മാത്രം ഒതുക്കരുത്. നമ്മുടെ ഉള്ളില്‍ ഇരിക്കുന്ന എല്ലാ തത്ത്വങ്ങളും മറ്റുള്ളവരിലുമുണ്ട്. ആ തത്ത്വത്തെ എങ്ങനെയാണ് നാം തിരിച്ചറിയുക? സാധാരണക്കാരായ ആളുകള്‍ നിരന്തരം തപസ്സു ചെയ്യുന്നവരല്ല. സാധാരണക്കാരായ ഗൃഹസ്ഥര്‍ക്ക് ആധ്യാത്മികമായ തിരിച്ചറിവ് ഉണ്ടാവാന്‍ ഇത്തരത്തിലുള്ള വ്രതങ്ങളിലൂടെ ഓരോരോ തത്ത്വങ്ങള്‍ മുന്നിലേക്ക് വെച്ചുകൊടുക്കും. അത്തരത്തില്‍ മുന്നോട്ടുവെച്ച ഏറ്റവും വലിയ തത്ത്വങ്ങളില്‍ ഒന്നാണ് ഈ പറഞ്ഞ അയ്യപ്പനാകുന്ന പദ്ധതി. ഈ പദ്ധതിയനുസരിച്ച് എല്ലാ ആളുകളെയും അയ്യപ്പന്‍മാരായി കാണുക. കൊച്ചുകുട്ടിയെ മണികണ്ഠനായി കാണുക, മുതിര്‍ന്നവരെ അയ്യപ്പനായി കാണുക. സ്വാമീ എന്നേ വിളിക്കൂ, ഇവിടെ ഭേദഭാവങ്ങള്‍ ഒന്നും ഇല്ല. താന്‍ തന്നെയാണ് എല്ലാം. തന്നില്‍ ഉള്ളതുതന്നെയാണ് മറ്റെല്ലാവരിലും ഉള്ളത് എന്ന ബോധം പതുക്കെപ്പതുക്കെ നമ്മളിലേക്ക് ജനിപ്പിക്കാന്‍ ഈ ചെറിയ ഒരു പ്രവര്‍ത്തനംകൊണ്ടു സാധിക്കും.

ദിവസം ഭക്ഷണം കഴിക്കുമ്പോള്‍, കിടക്കുമ്പോള്‍, വസ്തുക്കള്‍ എടുക്കുമ്പോള്‍, ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോള്‍ തുടങ്ങിയ ചെറിയ ചെറിയ അവസരങ്ങളിലെല്ലാം ആളുകളെ അഭിസംബോധന ചെയ്യുന്നത് തനിക്ക് തന്റെ ഉള്ളിലുള്ള ഈശ്വരചൈതന്യം തന്നെയാണ് മറ്റുള്ള ആളിലും ഉള്ളത് എന്നുള്ള ബോധത്തോടുകൂടിയതാണ്. അറിയാതെ വികസിക്കുന്ന ഈ ബോധം സര്‍വചരാചരങ്ങളിലും തിളങ്ങുന്നതും വിളങ്ങുന്നതും ഈശ്വരചൈതന്യം തന്നെയാണെന്ന ബോധം അഥവാ ഔപനിഷദ്ചിന്ത നമ്മില്‍ ഉണ്ടാക്കും. ഈ വൈദികചിന്തയൊക്കെ നമ്മളില്‍ എങ്ങനെ പതുക്കെപ്പതുക്കെ അങ്കുരിപ്പിച്ച് എടുക്കാം എന്നാണ് ഋഷിമാരുടെ ചിന്ത. ഈ തരത്തില്‍ വളരെ രസകരമായ രീതിയില്‍ പ്രായോഗികമായ തലത്തില്‍ ആത്മഭാവം കൊണ്ടുവന്ന് നമ്മെക്കൊണ്ട് സ്വാമിയേ എന്നു വിളിപ്പിച്ചു, അയ്യപ്പന്‍ എന്നു വിളിപ്പിച്ചു, മാളികപ്പുറം എന്ന് വിളിപ്പിച്ചു. അങ്ങനെ വിളിച്ചുവിളിച്ച് പതുക്കെപ്പതുക്കെ സ്വയം നാമം ജപിച്ചു 'ശരണമേ ശരണം അയ്യപ്പന്‍ ശരണം എന്നു വിളിച്ചു. സ്വയം അയ്യപ്പനായിട്ട്, ജീവിച്ചതു മുഴുവന്‍ അയ്യപ്പനായിട്ട്, സംസാരിക്കുന്നതു മുഴുവന്‍ അയ്യപ്പനായിട്ട്, അന്യരെ അഭിസംബോധന ചെയ്യുന്നത് അയ്യപ്പനായിട്ട്, അങ്ങനെ അങ്ങനെ സര്‍വത്ര അയ്യപ്പമയം.

അപ്പോള്‍ 'ശിവം ഭൂത്വാ ശിവം യജേത്,' ശിവന്‍ ആയിക്കൊണ്ട് ശിവനെ യജിക്കണം എന്ന് പറയുന്ന പ്രാചീന തത്ത്വം പൂര്‍ണമായി നടപ്പിലാകും. സ്വയം അയ്യപ്പനായി മാറുന്ന അസാധാരണപദ്ധതിയുടെ മറ്റൊരു അംശമാണ് മറ്റുള്ളവരെ അയ്യപ്പന്‍ എന്ന് വിളിക്കുന്നതിലുള്ളത്. ഇങ്ങനെ ഓരോരുത്തരേയും സ്വയം അയ്യപ്പനെന്ന് അഭിസംബോധന ചെയ്തുകൊണ്ട് അയ്യപ്പബോധം ഉളവാക്കിക്കൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും അയ്യപ്പനാവാനുള്ള, സ്വയം ഈശ്വരന്‍ ആവാനുള്ള അഥവാ ദേവത ആവാനുള്ള പ്രവൃത്തിപഥമാണ് ഋഷിമാര്‍ ഈദൃശമായ ചെറുപദ്ധതിയിലൂടെ മുന്നോട്ടുവെച്ചത്.