'അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നാണ് അധികൃതർ എപ്പോഴും ഞങ്ങളോട് പറയുന്നത്. പക്ഷേ എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് ആരും പറഞ്ഞു തരുന്നില്ല', പുല്ലുവിള സ്വദേശി ജെയ്സന്റെ വാക്കുകളിൽ തീരദേശമേഖല നേരിടുന്ന പ്രശ്നങ്ങളെല്ലാമുണ്ട്. ഒരു ദിവസം കടലിൽ പോയില്ലെങ്കിൽ അടുപ്പെരിയാത്ത വീടുകളാണ് ഇവിടെ ഭൂരിഭാഗവും. വീട്ടിലിരിക്കാനും മാനദണ്ഡങ്ങൾ പാലിക്കാനും പറയുമ്പോൾ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് കൂടി അധികാരികൾ പറഞ്ഞുതരണമെന്നാണ് ഇവർ പറയുന്നത്.

'കോവിഡിന്റെ പശ്ചാത്തലത്തിൽ തീരദേശത്ത് ഇതുവരെ മൂന്ന് പ്രതിഷേധങ്ങളാണ് ഉണ്ടായത്', ജെയ്സൺ തുടരുന്നു. 'അതിൽ മൂന്നിലും ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെട്ടത് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണമെന്നാണ്, ഞങ്ങൾക്കും സംസാരിക്കണമെന്നാണ്. പലപ്പോഴും ഞങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളിൽ തീരത്തുള്ളവരുടെ ആവശ്യം എന്താണെന്ന് മനസിലാക്കിയിട്ടല്ല സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഞങ്ങളിലൊരാൾക്ക് പകരം ഒരു ട്രേഡ് യൂണിയൻ നേതാവോ മറ്റ് നേതാക്കളോ ആയിരിക്കും അധികാരികളുമായി സംസാരിക്കുക. അതുകൊണ്ട് തന്നെ സാധാരണക്കാരനായ ഒരു മത്സ്യത്തൊഴിലാളിയുടേയോ അവന്റെ കുടുംബത്തിന്റെയോ സാഹചര്യം സർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്നില്ല.'

'നിലവിലത്തെ സാഹചര്യത്തിൽ പഞ്ചായത്തോ പള്ളികളോ ഇവിടെ ശരിയായ രീതിയിൽ ഇടപെടാൻ തയാറാകുന്നില്ല. ഞങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. മത്സ്യം വിറ്റ് കിട്ടുന്നതുകൊണ്ടാണ് തീരത്തെ ഓരോ കുടുംബവും കഴിഞ്ഞ് പോകുന്നത്. ഇപ്പോൾ മത്സ്യബന്ധനത്തിനും വില്പനക്കും നിയന്ത്രണങ്ങളോടെയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ലേലം പാടില്ല, ചന്തകൾ പാടില്ല എന്നൊക്കെയാണ് അധികൃതർ പറയുന്നത്. എല്ലാവരും വന്ന് 'ഡോണ്ട് ടു, ഡോണ്ട് ടു' എന്ന് പറയുന്നുണ്ട്. പക്ഷേ എങ്ങനെ ചെയ്യണമെന്ന് മാത്രം ആരും പറയുന്നില്ല!'

ദാരിദ്ര്യമെന്ന മഹാമാരി!

മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിയില്ലാതെ കഴിയാൻ സാധിക്കുകയാണെങ്കിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുമെന്ന് തീരദേശ വനിതാഫെഡറേഷൻ പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന പറയുന്നു. പട്ടിണിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വിഷയം. മത്സ്യബന്ധനമില്ലാതായതോടെ നിരവധി കുടുംബങ്ങൾ വറുതിയിലാണ്. ഈ സമയത്ത് കൊണ്ടുവരുന്ന കടുത്ത നിയന്ത്രണങ്ങളെ ജനങ്ങൾ എത്തരത്തിലാകും ചെവിക്കൊള്ളുകയെന്ന് മാത്രം ചിന്തിച്ചാൽ മതി.

'ഞങ്ങൾ തന്റേടികളാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഗർഭിണികളായ സ്ത്രീകളെപ്പോലും ആശുപത്രിയിൽ കയറ്റാത്ത സാഹചര്യമുണ്ടായി. ലോക്ക്ഡൗണിൽ പൂന്തുറയിൽ ആദ്യം പ്രശ്നമുണ്ടാകുന്നത് കുഞ്ഞിന് പാൽ വാങ്ങാൻ സമ്മതിക്കാതെ ആയതോടെയാണ്. റേഷൻ നൽകൽ മാത്രമല്ല, ദാരിദ്ര്യം നീക്കാൻ ചെയ്യേണ്ടത്.'

പലപ്പോഴും തീരദേശത്തെ മനസ്സിലാക്കാതെ കൊണ്ടുവരുന്ന നിയന്ത്രണങ്ങളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. 'ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം കടലിൽ പോയാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ മത്സ്യങ്ങളുടെ ലഭ്യത ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ഇന്ന് പോകുമ്പോൾ വല നിറയെ മീൻ കിട്ടിയാൽ തൊട്ടടുത്ത ദിവസം അത് ഉണ്ടാകണമെന്നില്ല. ലോക്ക്ഡൗണിൽ വീട്ടിൽ തന്നെ കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങാതെ കിട്ടി. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കട്ട് ചെയ്യരുതെന്ന് നിർദ്ദേശിച്ചു. തൊഴിൽ നഷ്ടപ്പെട്ട അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകി, വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുത്തു. അതാണ് കേരളത്തിന്റെ രീതി. എന്നാൽ മത്സ്യത്തൊഴിലാളികളടക്കമുള്ള അസംഘടിതമേഖലകളിലുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നില്ല.' ഫിലോമിന പറയുന്നു.

വേണം കമ്മ്യൂണിറ്റി ഹെൽത്ത് എജ്യൂക്കേഷൻ

ഐക്യരാഷ്ട്രസഭ തദ്ദേശീയ വിഭാഗമായി (Indegenious people) അംഗീകരിച്ചവരാണ് മത്സ്യത്തൊഴിലാളികൾ. ഇവരുടെ പാരമ്പര്യമായ അറിവുകളും ആവശ്യങ്ങളും അറിഞ്ഞുവേണം വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്. കോവിഡ് അടക്കമുള്ള പകർച്ചാവ്യാധികൾക്കെതിരേ തീരദേശവാസികളുടെ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് തീരദേശ മേഖലകളിൽ ഉണ്ടാകേണ്ടത്. സ്വന്തമായി ഭാഷയുള്ള ജീവിത രീതികളിൽ വ്യത്യാസമുള്ളവരാണ് തീരത്തുള്ളവർ. അതുകൊണ്ട് തന്നെ ആശയ വിനിമയ സാധ്യതകളും വ്യത്യസ്തമാണ്. ഈ ആശയ വിനിമയ സാധ്യതകളെ മനസിലാക്കി വേണം തീരദേശത്ത് പ്രവർത്തിക്കേണ്ടത്. മൈക്ക് അനൗൺസ്മെന്റുകളെക്കാൾ അവരിൽ ഒരാളുടെ സഹായത്തോടുകൂടി കൂടിയാകണം ബോധവത്‌കരണം നടത്തേണ്ടത്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാനും ഈ പ്രതിനിധികളുമായി സർക്കാരും മറ്റ് അധികൃതരും ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനും സാധിക്കും. കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റ് പകർച്ചവ്യാധികൾ, പദ്ധതികൾ ആവിഷ്കരിക്കലുകൾ എന്നിവക്കെല്ലാം കമ്മ്യൂണിറ്റി എജ്യൂക്കേഷൻ സാധ്യതകൾ നടപ്പിലാക്കാവുന്നതാണ്.

തീരദേശത്തെ കോവിഡ് ബാധ ഏറെക്കുറെ നിയന്ത്രണവിധേയമായെങ്കിലും ഇനിയും സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കേണ്ടതും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുമുണ്ട്. അതിനു തയ്യാറായിട്ടുണ്ടോ നമ്മുടെ സർക്കാർ സംവിധാനങ്ങൾ? കഴിഞ്ഞുപോയ അനുഭവങ്ങളിൽ നിന്നും പഠിച്ചുകഴിഞ്ഞോ നാം. പരമ്പരയുടെ അടുത്ത ഭാഗത്തിൽ വായിക്കാം...

Content Highlights:Wide spread of covid 19 in tribandrum coastal area series part 3