സോൾ: കോവിഡ് -19 ഭേദമാകുന്ന ചിലരിൽ അവസാന പരിശോധനയിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് ദക്ഷിണ കൊറിയ. ഇത്തരക്കാരുടെ എണ്ണം വളരെ കുറവാണെങ്കിലും ഓരോ തവണയും അത് കൂടി വരുന്നത് കൊറിയയിലെ ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിന്റെ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

രോഗം ഭേദമായവർക്ക് വീണ്ടും അണുബാധ ഉണ്ടാവുക, രോഗ നിർണയം നടത്തുന്നതിൽ പിഴവുകൾ ഉണ്ടാവുക തുടങ്ങിയ സാധ്യതയാണ് രോഗവിദഗ്ധർ മുന്നോട്ടുവെക്കുന്നത്. 141 പേരിലാണ് നിലവിൽ ഇത്തരം കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം സമൂഹം രോഗത്തിനെതിരെ പ്രതിരോധം ആർജിക്കാത്ത സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കൂടുതലാകുമെന്നാണ് ഇവർ വിലയിരുത്തുന്നത്.

രോഗനിർണയത്തിൽ പിഴവുണ്ടാകുക എന്നതിനർഥം പരിശോധനാവേളയിൽ വൈറസ് സാന്നിധ്യം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതാണ്. ചില സമയങ്ങളിൽ വൈറസ് സജീവാവസ്ഥയിൽ കാണപ്പെടാതിരിക്കുന്നതാണ് ഇതിന് കാരണം. രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വീണ്ടും ദുർബലമാകുന്ന മുറയ്ക്ക് അത് വീണ്ടും പിടിമുറുക്കുകയാണ് ചെയ്യുന്നതെന്നും വിദഗ്ധർ അനുമാനിക്കുന്നു.

അടുത്തിടെ ചൈന, അമേരിക്ക എന്നിവിടങ്ങളിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പ്രതിരോധ വ്യവസ്ഥയിൽ നിർണായകമായ ടി സെല്ലുകൾ എന്നറിയപ്പെടുന്ന ടി ലിംഫോസൈറ്റുകളെ കൊറോണ വൈറസ് തകരാറിലാക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയ ആളിൽ ഇതേ കാരണം കൊണ്ട് പ്രതിരോധ ശേഷി തകർന്നിരിക്കാനുള്ള സാധ്യത ഉള്ളതിനാൽ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നാണ് കരുതുന്നത്.

ഇത്തരത്തിൽ വൈറസ് വീണ്ടും സ്ഥിരീകരിച്ചവരിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകർന്നതായി ഇതുവരെ ദക്ഷിണസ കൊറിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

48 മണിക്കൂറിനിടെ നടത്തുന്ന രണ്ട് പരിശോധനയിൽനെഗറ്റീവ് ആയെങ്കിൽ മാത്രമാണ് ഒരാൾ കൊറോണ ബാധയിൽ നിന്ന് മുക്തനായി എന്ന് അനുമാനിക്കുന്നത്. രോഗനിർണയത്തിന് ആർ.ടി- പിസിആർ എന്ന ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്. ഇതിന് 95 ശതമാനം കൃത്യതയാണ് ഉള്ളത്. ഇതിനർഥം രണ്ടുമുതൽ അഞ്ച് ശതമാനം വരെ ഫലങ്ങൾ തെറ്റാനുള്ള സാധ്യതയുണ്ടെന്നാണ്.

മാത്രമല്ല, ആവശ്യത്തിന് വേണ്ട സാമ്പിളുകൾ ശേഖരിക്കാകതിരിക്കുകയും സാമ്പിളിൽ വൈറസ് സാന്നിധ്യം വളരെ കുറഞ്ഞിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനാ ഫലം തെറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.

Content Highlights:Why are some South Koreans who recovered from Covid 19 testing positive again