ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി. വൈറസിന്റെ മൂന്നാംതരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും സുപ്രീംകോടതി നിർദേശിച്ചു.

പ്രതിസന്ധി നേരിടാൻ വ്യക്തമായ പദ്ധതികൾ ഉടൻതന്നെ ആവിഷ്കരിക്കുകയാണെങ്കിൽ മൂന്നാം തരംഗത്തെ മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആർ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ സ്വാഭാവികമായും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ അവരോടൊപ്പം മാതാപിതാക്കളും വരും. അതിനാൽ ഈ പ്രായപരിധിയിലുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. വാക്സിനേഷൻ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി പറഞ്ഞു.

കടുത്ത പ്രതിസന്ധി നേരിടുമ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒന്നര ലക്ഷത്തോളം ഡോക്ടർമാരും രണ്ടര ലക്ഷത്തോളം നഴ്സുമാരും അവരുടെ വീടുകളിലുണ്ട്. കോവിഡ് മൂന്നാംതരംഗത്തിൽ അവരുടെ സേവനങ്ങൾ നിർണായകമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഓക്സിജൻ വിതരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസർക്കാരിന്റെ ഹർജിയിലെ തുടർനടപടികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഡൽഹി ഹൈക്കോടതി വിധി കഴിഞ്ഞദിവസം സ്റ്റേ ചെയ്ത സുപ്രീംകോടതി ഡൽഹിയിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള പദ്ധതി വിശദീകരിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

730 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസർക്കാരിന്റെ ഓക്സിജൻ വിതരണം ഏകപക്ഷീയമാണെന്ന് ഡൽഹി സർക്കാർ ആരോപിച്ചു.

ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ നൽകാനായി കേന്ദ്രസർക്കാർ സമർപ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. ഐസിയു കിടക്കകളും ആശുപത്രിയിലെ രോഗികളെയും മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര മാനദണ്ഡം. ഡൽഹിയിലെ വീടുകളിൽ ചികിത്സയിലുള്ളവർക്കും ആംബുലൻസുകളിലും ആവശ്യമായ ഓക്സിജൻ കണക്കുകൾ ഈ മാനദണ്ഡത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

content highlights:We need to prepare for third wave of COVID-19, children will be affected; scientific planning needed: Supreme Court