കൊച്ചി: ലക്ഷദ്വീപിലെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് വിവാദ ഉത്തരവുകൾ പിൻവലിച്ചു. മത്സ്യബന്ധന ബോട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ് പിൻവലിച്ചത്. സർക്കാർ ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിട്ടുണ്ട്.

മേയ് 28നും ജൂൺ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വർധിപ്പിച്ചുള്ള പുതിയ പരിഷ്കാരങ്ങൾ പോർട്ട് മാനേജിങ് ഡയറക്ടർ സച്ചിൻ ശർമ്മ നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവൽ രണ്ടാക്കി ഉയർത്തി കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു.

മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥർ നിരീക്ഷണത്തിന് വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും സർക്കാർ ഉദ്യോഗസ്ഥരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ പോർട്ട് ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. ഇതോടെ സെക്യൂരിറ്റി ലെവൽ വൺ അനുസരിച്ചുള്ള സുരക്ഷ തുടരും.

ബോട്ടിലെയും ജെട്ടിയിലേയും സുരക്ഷയുമായി ബന്ധപ്പെട്ട പോർട്ട് ഡയറക്ടറുടെ ഉത്തരവുകൾ മാത്രമാണ് നിലവിൽ പിൻവലിച്ചിട്ടുള്ളത്. ദ്വീപിലെ യാത്ര നിയന്ത്രണം ഉൾപ്പെടെയുള്ള മറ്റു വിവാദ ഉത്തരവുകളൊന്നും പിൻവലിച്ചിട്ടില്ല.

content highlights:two orders relating to security in Lakshadweep have been withdrawn