കൊച്ചി: കോടിയേരിയുടെ മക്കളെക്കുറിച്ച് നാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ നന്നായി അറിയാമെന്നും എല്ലാത്തിനും കണ്ണടച്ചുകൊടുത്ത് ഒടുവിൽ പിടിവീണപ്പോഴാണ് തൂക്കി കൊല്ലട്ടെ എന്ന് കോടിയേരി പറയുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശിക്ഷിക്കട്ടേയെന്നും തൂക്കികൊല്ലട്ടേ എന്നൊക്കെ പറയാൻ വാചകമേളയല്ല നടക്കുന്നത്. ക്രിമിനൽ കേസാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടേ, തൂക്കി കൊല്ലണമെങ്കിൽ തൂക്കി കൊല്ലട്ടെ എന്നൊക്കെയാണ് കോടിയേരി പറഞ്ഞത്. എന്നാൽ ഇവിടെ വാചകമേളയല്ല നടക്കുന്നത്. ക്രിമിനൽ കേസാണ്. കോടിയേരിയുടെ രണ്ട് മക്കളേയും കുറിച്ച് നാട്ടിലുള്ളവർക്ക് മുഴുവൻ നന്നായി അറിയാം. ഇത് ആദ്യത്തെ സംഭവമോ ആദ്യത്തെ കേസോ അല്ല. എല്ലാത്തിനും കണ്ണടച്ചുകൊടുത്ത് ഒടുവിൽ പിടിവീണപ്പോഴാണ് തൂക്കി കൊല്ലട്ടെ എന്നൊക്കെ കോടിയേരി പറയുന്നത്.

മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ കാര്യത്തിലും ബിനീഷിന്റെ കാര്യത്തിലുമൊന്നും പാർട്ടിക്ക് ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതൊന്നും അറിയാതെ എന്താണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് അറിയാവുന്നത്. സ്വർണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പിൻബലത്തിലാണ് ഇന്ന് സംസ്ഥാന സർക്കാരിന്റെ എല്ലാ സർവാധികാരവും നിലനിൽക്കുന്നത്. ഇവർക്കെല്ലാം പാർട്ടിയിൽ വലിയ സ്വാധീനമുണ്ടായിരിക്കാം. എന്നാൽ സമൂഹത്തെ മയക്കി കിടത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന കേസുകളാണ് ഇപ്പോഴുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിധിയിലുള്ള കേസിൽ അന്വേഷണം നടക്കുകയാണ്. അന്വേഷിച്ച് കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കട്ടെ. ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം പറയാനില്ല. ഇപ്പോൾ എന്ത് പറഞ്ഞാലും സി പി എം ന് എതിരായി ഞങ്ങൾ രാഷ്ട്രീയം പറയുകയാണെന്ന് പറയും.- തിരുവഞ്ചൂർ പറഞ്ഞു.