ന്യൂഡൽഹി: ഓക്സിജൻ വിതരണത്തിൽ കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കോടതിയലക്ഷ്യമല്ലെന്നും. ഉദ്യോഗസ്ഥരെ പിടിച്ച് ജയിലിലടച്ചാൽ ഓക്സിജൻ കിട്ടുമോയെന്നും കോടതി ചോദിച്ചു. ഓക്സിജൻ വിതരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസർക്കാരിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും ഓക്സിജൻ വിതരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ സമഗ്ര പദ്ധതി എന്താണെന്ന് വ്യാഴാഴ്ച രാവിലെ 10.30ക്ക് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഓക്സിജൻ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെ മാതൃകയാക്കണമെന്നും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.അതേസമയം ഓക്സിജൻ ലഭ്യത നിരീക്ഷിക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ അധികാരത്തിന് ഇപ്പോഴത്തെ സ്റ്റേ തടസമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഡൽഹിക്ക് നൽകുന്ന പ്രതിദിന ഓക്സിജന്റെ കണക്കുകൾ ആവശ്യപ്പെട്ട കോടതി ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ഡൽഹിയിൽ ഓക്സിജൻ പ്രതിസന്ധിയുണ്ടാക്കരുതെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 700 മെട്രിക് ടൺ ഓക്സിജൻ ഡൽഹിക്ക് നൽകണമെന്ന ഉത്തരവ് എന്തുകൊണ്ട് പാലിക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരേയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

content highlights:Supreme Court asks Centre to ensure Delhi gets 700 MT oxygen stays HCs contempt proceedings