സേലം: വിദേശനിക്ഷേപം രാജ്യത്ത് അനുദിനം വര്‍ധിക്കുന്നതിനാല്‍ ഓഹരി വിപണി കുതിച്ചുയരുക മാത്രമല്ല ജെല്ലിക്കെട്ട് കളിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തമിഴ്‌നാട്ടിലെ സേലത്ത് നടക്കുന്ന തമിഴ്‌നാട് ഭാരതീയ യുവ മോര്‍ച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോവിഡ് 19 മഹാമാരിക്ക് ശേഷം ഇന്ത്യയുടെ അടുത്ത വളര്‍ച്ചയുടെ കഥയാണ് നാം രചിക്കാന്‍ പോകുന്നത്. വിദേശ നിക്ഷേപം അനുദിനം രാജ്യത്ത് വര്‍ധിക്കുകയാണ്. അതിനാല്‍ ഓഹരി വിപണി കുതിച്ചുയരുക മാത്രമല്ല, ജെല്ലിക്കെട്ട് കളിക്കുകയാണ്. എനിക്ക് തമിഴില്‍ കൂടുതല്‍ സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ മനോഹര ഭാഷയായ തമിഴ് സംസാരിക്കാനറിയാത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.' -പ്രതിരോധ മന്ത്രി പറഞ്ഞു.

'അടല്‍ ബിഹാരി വാജ്‌പേയി ആണ് ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത്. അത് തമിഴ്‌നാടിനോടുളള ബഹുമാനം കൊണ്ടല്ലേ? 1974-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയപ്പോള്‍ ആ തീരുമാനത്തെ വാജ്‌പേയി അപലപിച്ചിരുന്നു.' പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ് ജനതയുടെ മനസ്സ് കീഴടക്കാനുറച്ചിരിക്കുകയാണ് ബി.ജെ.പി. തമിഴര്‍ക്ക് തങ്ങളുടെ ഭാഷയോടും സംസ്‌കാരത്തോടുമുളള സ്‌നേഹത്തെ വാഴ്ത്തിയാണ് ഓരോ നേതാക്കളുടെയും പ്രസംഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസംഗവും തമിഴ് ജനതയുടെ സംസ്‌കാരത്തോടും ഭാഷയോടുളള സ്‌നേഹത്തെ ഊന്നിക്കൊണ്ടുളളതായിരുന്നു.

Content Highlights: stock market is not only jumping but playing Jallikattu Defence Minister Rajnath Singh