ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനത്തേ തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഉപദേശവുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. അമേരിക്കയിൽ രോഗത്തെ പിടിച്ചുകെട്ടണമെന്നുണ്ടെങ്കിൽ രാജ്യം മുഴവൻ ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം വാഷ്ങ്ടൺ പോസ്റ്റിൽ എഴുതിയ കോളത്തിൽ ആവശ്യപ്പെടുന്നു.

ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് പല ആരോഗ്യ വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല രാജ്യങ്ങളും അമേരിക്കൻ സംസ്ഥാനങ്ങളും ഇതിനെ കാര്യമായി എടുത്തിട്ടില്ലെന്നും ബിൽ ഗേറ്റ്സ് പറയുന്നു. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ബീച്ചുകൾ ഇപ്പോഴും പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചിലയിടങ്ങളിൽ റെസ്റ്റോറന്റുകളിൽ ആളുകളെ എഇരുന്ന് കഴിക്കാൻ അനുവദിക്കുന്നു. ഇതിനെ ദുരന്തത്തിലേക്കുള്ള ചേരുവകൾ എന്നാണ് ബിൽ ഗേറ്റ്സ് വിശേഷിപ്പിക്കുന്നത്. ജനങ്ങൾ ഇങ്ങനെ നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്നതിനാല്‍ വൈറസ്‌ രാജ്യം മുഴുവൻ പടരാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും എല്ലായിടത്തും ലോക്ക്ഡൗണ്‍ കൊണ്ടുവരണമെന്നും അദ്ദേഹം അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളോടായി പറഞ്ഞു. രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങുന്നതുവരെ ഇത് തുടരണം. കുറഞ്ഞത് 10 ആഴ്ചയെങ്കിലും ഇതിന് വേണ്ടിവരും. അതുവരെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തരുതെന്നും ബിൽഗേറ്റ്സ് ആവശ്യപ്പെടുന്നു.

സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ദീർഘകാലത്തേക്കുള്ള സാമ്പത്തിക തകർച്ചയ്‍ക്ക് അത് കാരണമാകുമെന്നും വൈറസിന്റെ വ്യാപനം വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

എല്ലാ അമേരിക്കക്കാരെയും ടെസ്റ്റിങ്ങിന് വിധേയരാക്കണം. ന്യൂയോർക്കിൽ ദിവസം 20,000 പേരേയെങ്കിലും ടെസ്റ്റിങ്ങിന് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനായി വാക്സിൻ പരീക്ഷണങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന നിർദ്ദേശിക്കുന്നു. വാക്സിൻ വികസിപ്പിച്ചുവെന്നതുകൊണ്ട് വൈറസിനെതിരായ പോരാട്ടം വിജയിച്ചുവെന്നർഥമില്ല. വിജയത്തിലേക്ക് പാതി ദൂരം മാത്രമേ കടന്നിട്ടുള്ളു. ലോകരാജ്യങ്ങൾക്ക് വേണ്ടി കോടിക്കണക്കിന് വാക്സിൻ ഡോസുകൾ നിർമിക്കേണ്ടി വരും.

Content highlights:Shutdowns, Increased Testing And Vaccine: Bill Gates Plan to Fight Global Covid-19 Crisis