ചെന്നൈ: തമിഴ് സീരിയൽ നടി വി.ജെ. ചിത്ര(28) ആത്മഹത്യ ചെയ്തത് ഭർത്താവ് ഹേമന്ദും ചിത്രയുടെ അമ്മ വിജയയും ചെലുത്തിയ മാനസികസമ്മർദത്താലാണെന്ന് പോലീസ്. മുമ്പ് ഷൂട്ടിങ് നടക്കുമ്പോൾ സ്റ്റുഡിയോയിലെത്തിയും മറ്റും ചിത്രയോട് ഹേമന്ദ് വഴക്കടിച്ചിട്ടുണ്ട്.

മദ്യപിച്ചും ഹേമന്ദ് ഭാര്യയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഈ വിവരങ്ങൾ അറിഞ്ഞപ്പോൾ ഹേമന്ദിനെ ഉപേക്ഷിച്ച് വീട്ടിലേക്കു വരാൻ അമ്മ വിജയ ചിത്രയെ നിർബന്ധിച്ചു.

ഭർത്താവിന്റെ ഉപദ്രവം ഒരുഭാഗത്തും അമ്മയുടെ ആവശ്യം മറുഭാഗത്തുമായതോടെ ചിത്ര മാനസികമായി സമ്മർദത്തിലായതായി പോലീസ് പറഞ്ഞു. രജിസ്റ്റർ വിവാഹം കഴിഞ്ഞിട്ട് ആഴ്ചകൾ ആയിരുന്നു. തന്റെ പ്രശസ്തിയോർത്ത് ആശങ്കയിലായ ചിത്ര തീരുമാനമെടുക്കാനാകാതെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ജനപ്രിയ സീരിയലുകളിലൂടെ പ്രശസ്തയായ ചിത്രയെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുരൂഹമായ സാഹചര്യങ്ങളിൽ നടന്ന മരണം സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായിരുന്നു. അതോടെ ജീവനൊടുക്കാൻ കാരണമെന്തെന്നായിരുന്നു പോലീസിന്റെ അന്വേഷണം.

മകളുടെ മരണത്തിൽ ഭർത്താവ് ഹേമന്ദിന് പങ്കുണ്ടെന്ന് ചിത്രയുടെ അമ്മ വിജയ ആരോപിച്ചിരുന്നു.

നടിയുടെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പോലീസ് മൊഴിയെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഹേമന്ദിനും വിജയയ്ക്കുമിടയിൽ ചിത്ര മാനസികസമ്മർദത്തിലകപ്പെട്ടിരുന്നതായി കണ്ടെത്തിയത്. അതേസമയം, ചിത്രയ്ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന ഭർത്താവ് ഹേമന്ദിനെ വെള്ളിയാഴ്ചയും നസ്രത്‌പേട്ട പോലീസ് ചോദ്യംചെയ്തു.

മുമ്പ് മൊഴി നൽകിയതിലെ പരസ്പര വിരുദ്ധ ഭാഗങ്ങളെക്കുറിച്ച് ഡെപ്യൂട്ടി കമ്മിഷണർ ദീപ സത്യന്റെ നേതൃത്വത്തിലാണ് ഹേമന്ദിനെ ചോദ്യംചെയ്തത്. ഇതിനിടെ, ചിത്രയുടെ ഫോണിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലായതിനാൽ അവ വീണ്ടെടുക്കുന്നതിനും വിദഗ്ധ പരിശോധനയ്ക്കും ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:police reveals vj chithra suicide reason