ന്യൂഡൽഹി: വായ്പാ തിരിച്ചടവിൽ മനഃപൂർവം വീഴ്ച വരുത്തിയവരുടെ കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളിയത് ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത് 13 ട്വീറ്റുകൾ.

ഏറ്റവും കൂടുതൽ വായ്പ തിരിച്ചടയ്ക്കാത്ത 50 ആളുടെ പേരുകൾ താൻ പാർലമെന്റിൽ ചോദിച്ചപ്പോൾ ധനമന്ത്രി അതിന് മറുപടി നൽകിയില്ല. എന്നാൽ നിരവ് മോദിയും മെഹുൽ ചോക്സിയുമുൾപ്പെടെയുള്ള ബിജെപിയുടെ സുഹൃത്തുക്കളുടെ പേരുകൾ ആർബിഐ പുറത്തുവിട്ടു. ഇതുകൊണ്ടാണ് അവർ പാർലമെന്റിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ചത്-  രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സർക്കാരിനെ വിമർശിക്കുന്ന തന്റെ വീഡിയോയും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് മറുപടി നൽകുന്നതിനായി 13 ട്വീറ്റുകളാണ് നിർമലാ സീതാരാമൻ നടത്തിയത്. ലജ്ജയില്ലാതെ രാഹുൽ ഗാന്ധിയും രൺദീപ് സുർജേവാലയും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു കോൺഗ്രസുകാരെയുംപോലെ എഴുതാപ്പുറം വായിച്ച് കാര്യങ്ങൾ വിവാദമാക്കുകയാണ് ചെയ്യുന്നതെന്നും നിർമല സീതാരാമൻ പരിഹസിച്ചു.

യുപിഎ സർക്കാരിന്റെ കാലത്തുള്ള 2009 മുതൽ 2014 വരെയുള്ള സമയത്ത് 1,45,226 കോടി രൂപയുടെ ബാങ്ക് വായ്പകൾ എഴുതി തള്ളിയകാര്യം നിർമല ട്വീറ്റ് ചെയ്തു. വായ്പ എഴുതിതള്ളുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് മൻമോഹൻ സിങ്ങിനോട് ചോദിച്ച് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും നിർമല സീതാരാമൻ ഉപദേശിച്ചു.

ഇവരുടെ ആരുടെയും വായ്പ തിരികെ വേണ്ടെന്ന് വയ്ക്കുകയല്ല ചെയ്യുന്നതെന്നും ഇത്തരക്കാരുടെ ആസ്തികൾ ബാങ്കുകൾക്ക് ജപ്തി ചെയ്യാമെന്നും നിർമല സീതാരാമൻ പറയുന്നു.

തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിരുന്നിട്ടും അത് ചെയ്യാതെ ബാങ്കിന്റെ അനുമതിയില്ലാതെ പണവും ആസ്തികളും വക മാറ്റുന്നവരാണ് മനഃപൂർവം വായ്പാ തിരിച്ചടവിൽ വീഴ്ച്ച വരുത്തുന്നവരായി തരം തിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ ഫോൺ ബാങ്കിങ്ങിന്റെ പ്രയോജനം നേടിയവരാണ് ഇവരൊക്കെയുമെന്നും നിർമല സീതാരാമൻ ആരോപിച്ചു.

2006-2008 കാലത്ത് വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയ ചരിത്രമുള്ളവർക്ക് വീണ്ടും പൊതുമേഖല ബാങ്കുകൾ വായ്പ അനുവദിക്കുന്നത് കൂടുന്നുവെന്ന് കാണിച്ച് മുൻ ആർബിഐ ഗവർണർ രഘുറാം രാജന്റെ പഴയ പ്രസ്താവനയും ധനമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ വന്നതിന് ശേഷം 2015-ൽ പൊതുമേഖല ബാങ്കുകളോട് 50 കോടിക്ക് മുകളിലുള്ള നിഷ്‌ക്രിയ ആസ്തികളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.

മനഃപൂർവം വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങി. 9,967 ജപ്തി നടപടികളും 3,515 എഫ്ഐആറുകളും ഇത്തരക്കാര്‍ക്കെതിരെ ഉണ്ടായി. ഫ്യുജിറ്റീവ്  അമൻഡ്മെന്റ് ആക്ട് വന്നു. 18,332.7 കോടി രൂപയുടെ ആസ്തികളാണ് നിരവ് മോദി, മെഹുൽ ചോക്സി എന്നിവരുടേതായി കണ്ടുകെട്ടിയത്- ധനമന്ത്രി വിശദീകരിക്കുന്നു.

2020 ഫെബ്രുവരി 16-ന് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ബാങ്കുകൾ തിരിച്ചുള്ള വിവരങ്ങൾ നൽകിയതാണെന്നും അവർ വ്യക്തമാക്കി. അഞ്ച് കോടിക്ക് മുകളിൽ തുകയുള്ള മനഃപൂർവം തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ വിവരങ്ങൾ കഴിഞ്ഞ വർഷം നവംബറിൽ പാർലമെന്റിന് നൽകിയതാണെന്നും ധനമന്ത്രി പറഞ്ഞു.

ആകെയുള്ള സംവിധാനത്തെ വൃത്തിയാക്കിയെടുക്കുന്ന പ്രവൃത്തിയിൽ ക്രയാത്മകമായ പങ്ക് വഹിക്കുന്നതിൽ എന്തുകൊണ്ടാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും പരാജയപ്പെടുന്നതെന്ന് അവർ ആത്മപരിശോധന നടത്തണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും അഴിമതിയും സ്വജനപക്ഷപാതവും തടയാൻ കോൺഗ്രസ്  പ്രതിബന്ധത കാണിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

Content Highlights:Nirmala Sitharaman's 13 Tweet Counter To Rahul Gandhi