പാസോ ഗാവിയ (ഇറ്റലി): ആല്‍പ്‌സ് മലനിരകളില്‍ പ്രത്യക്ഷപ്പെട്ട പിങ്ക് നിറത്തിലുള്ള മഞ്ഞിന്റെ കാരണം തേടി ആകാംക്ഷയോടെ ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കൂടുതലായി വളര്‍ന്നു വ്യാപിച്ച ആല്‍ഗയാണ് ഈ വര്‍ണവ്യത്യാസത്തിന് പിന്നിലെന്നാണ് നിഗമനം.
എവിടെ നിന്നാണ് ഈ ആല്‍ഗ എത്തിയതെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ആല്‍പ്‌സിലെ പ്രിസെന മഞ്ഞുപാളികളില്‍ പ്രത്യക്ഷപ്പെട്ടത്, ഗ്രീന്‍ലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ട ആല്‍ഗയ്ക്ക് സമാനമായതാണെന്ന് ഇറ്റലിയില്‍ നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ബിയാജിയോ ഡി മാവ്‌റോ പറഞ്ഞു.
തികച്ചും സ്വാഭാവിക പ്രതിഭാസമാണിതെന്നും വസന്ത-ഗ്രീഷ്മ കാലങ്ങളില്‍ ധ്രുവമേഖലകളിലും ഇത്തരം ആല്‍ഗകള്‍ ഉണ്ടാകുന്നത് പതിവാണെന്നും ഡി മാവ്‌റോ അറിയിച്ചു. അപകടകരമായ യാതൊന്നും ഇതില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ മോര്‍ട്ടെറാഷ് ഗ്ലേസിയറിലുണ്ടായ ആല്‍ഗകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞനാണ് ഡി മാവ്‌റോ.
സാധാരണഗതിയില്‍ മഞ്ഞില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ എണ്‍പത് ശതമാനവും അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കുകയാണ് പര്‍വ്വതനിരകളില്‍ സംഭവിക്കുന്നത്. എന്നാല്‍ ആല്‍ഗ പടരുന്നതു മൂലം മഞ്ഞ് ഇരുണ്ടനിറത്തിലകും, സൂര്യപ്രകാശം കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. അതിനനുസരിച്ച് കൂടുതല്‍ മഞ്ഞുരുകും. കൂടുതല്‍ മഞ്ഞുരുകുമ്പോള്‍, കൂടുതല്‍ ആല്‍ഗകള്‍ വളരും. അതാണ് ആല്‍പ്‌സിലെ നിറംമാറ്റത്തിന് കാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
ആല്‍പ്‌സില്‍ 2,618 മീറ്റര്‍ ഉയര്‍ന്ന വിതാനത്തിലാണ് ഇപ്പോള്‍ ആല്‍ഗ കൂടുതല്‍ കാണപ്പെടുന്നത്. ഇത് ആശങ്കാജനകമാണെന്നും പായല്‍ വളര്‍ച്ച ആഗോളതാപനില ഉയരുന്നതിനെ സൂചിപ്പിക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കി.