കോഴിക്കോട്: പ്രവർത്തിച്ച എല്ലാ മേഖലയിലും ശോഭിച്ച വ്യക്തിത്വമാണ് എം.പി. വീരേന്ദ്രകുമാറെന്ന് സംവിധായകനും മാതൃഭൂമി സ്റ്റഡിസർക്കിൾ സുവർണ ജൂബിലി സംഘാടക സമിതി ചെയർമാനുമായ സത്യൻ അന്തിക്കാട്. കർമമേഖലകളിൽ എന്നും ഊർജസ്വലതയോടെ, പ്രസന്നവദനനായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും പ്രവർത്തനങ്ങളും എന്നും സ്മരിക്കപ്പെടും. എം.പി. വീരേന്ദ്രകുമാറിന്റെ പ്രസംഗങ്ങൾ താനും നടന്‍ ശ്രീനിവാസനും ഏറെ കൊതിയോടെ ശ്രവിക്കാറുണ്ടായിരുന്നെന്നും സത്യൻ അന്തിക്കാട് അനുസ്മരിച്ചു.

മാതൃഭൂമി സ്റ്റഡി സർക്കിൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ ഓൺലൈൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ഡയറക്ടറും സ്റ്റഡിസർക്കിൾ ഡയറക്ടർ-ഇൻ- ചാർജ്ജുമായ പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം മലയാളികൾക്ക് വലിയ നഷ്ടമാണ്. മാതൃഭൂമിക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണത്. മാതൃഭൂമി സ്റ്റഡി സർക്കിളിനെ എന്നും പ്രോത്സാഹിപ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറെന്നും പി.വി. ഗംഗാധരൻ പറഞ്ഞു.

എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജീവിതത്തിലെ ഓരോ നിമിഷത്തിലും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രഭ ചൊരിഞ്ഞ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തോടും സർഗാത്മകതയോടും വലിയ ആദരമായിരുന്നു അദ്ദേഹത്തിന്. എഴുത്തുകാരും പുസ്തകങ്ങളും വീരേന്ദ്രകുമാറിന് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും സുഭാഷ് ചന്ദ്രൻ ഓർമ്മിച്ചു. മാതൃഭൂമി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.കെ. ഷനിത്ത്, എൻ.കെ. ഷൈജു, എസ്.ഡി. വേണുകുമാർ, സി.പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

മാതൃഭൂമി സ്റ്റഡി സർക്കിൾ സംസ്ഥാന ജനറൽ സെക്രട്ടറി റിയാസ് കെ.എം.ആർ. സ്വാഗതവും സംസ്ഥാന പ്രസിഡന്റ് ആർ. അനൂപ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതിലധികം പേർ ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു.