ന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ഒരുകൂട്ടം വാഹനങ്ങളാണ് നിരത്തുകളിൽ എത്താൻ ഒരുങ്ങിയിരിക്കുന്നത്. ഈ വാഹനങ്ങളിൽ ആദ്യം എത്താൻ തയാറെടുക്കുകയാണ് മഹീന്ദ്ര ബൊലേറോ നിയോ എന്ന കോംപാക്ട് എസ്.യു.വി. കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തിറക്കിയ ടീസറിലൂടെ ഈ വാഹനം അവതരണത്തിന് തയാറെടുക്കുന്നുവെന്ന സൂചനയാണ് കമ്പനി നൽകിയിട്ടുള്ളത്.

കോംപാക്ട് എസ്.യു.വിയായാണ് ബൊലേറോ നിയോ നിരത്തുകളിൽ എത്തുകയെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അതേസമയം, മഹീന്ദ്രയിൽ നിന്ന് നിരത്തൊഴിഞ്ഞ കോംപാക്ട് എസ്.യു.വിയായ ടി.യു.വി.300-ന്റെ റീ-ബാഡ്ജിങ്ങ് പതിപ്പാണ് ബൊലേറോ നിയോ എന്ന പേരിൽ എത്തുന്നതെന്നുമുള്ള സൂചനകൾ ടീസർ വീഡിയോ നൽകുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഈ വാഹനം അവതരിപ്പിച്ചേക്കും.

ടി.യു.വിയിൽ നിന്ന് വ്യത്യസ്തമായി തികച്ചും പുതുമയുള്ള മുഖഭാവമാണ് ബൊലേറോയിൽ നൽകിയിട്ടുള്ളത്. ആറ് സ്ലാറ്റുകളുള്ള ക്രോമിയം ഗ്രില്ല്, പുതുതായി ഡിസൈൻ ചെയ്തിട്ടുള്ള ഹെഡ്ലാമ്പ്, ഹൊറിസോണ്ടൽ ഡി.ആർ.എൽ, തികച്ചും പുത്തൻ ഭാവത്തിൽ ഒരുങ്ങിയിട്ടുള്ള ബമ്പറും ഫോഗ് ലാമ്പുമാണ് ടീസറിൽ നൽകിയിട്ടുള്ളത്. റീ-ബാഡ്ജിങ്ങ് പതിപ്പാണെങ്കിലും നിരവധി പുതുമയോടെയാണ് ഇത് എത്തുന്നത്.

ഏറെ പുതുമകളുള്ള അകത്തളവും ഈ വാഹനത്തിൽ ഒരുങ്ങിയിട്ടുണ്ട്. പുതുതായി രൂപകൽപ്പന ചെയ്തിട്ടുള്ള ഡിജിറ്റൽ സ്ക്രീൻ ഉൾപ്പെടെയുളള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ബേജ് ഫിനീഷിങ്ങിലുള്ള ഡാഷ്ബോർഡ്, ബ്ലാക്ക് ഫിനീഷിങ്ങ് നൽകിയിട്ടുള്ള സ്റ്റിയറിങ്ങ് വീൽ, പുതുമയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻനിരയിൽ ആംറെസ്റ്റ് എന്നിവയാണ് ക്യാബിനിലുള്ളത്.

എൻജിൻ സംബന്ധിച്ച കൃത്യമായ വിവരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എൻജിനായിരിക്കുമെന്നാണ് സൂചന. ടി.യു.വിയിൽ നൽകിയിരുന്ന ബി.എസ്.4 നിലവാരത്തിലുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ 100 ബി.എച്ച്.പി.പവറും 240 എൻ.എം.ടോർക്കുമാണ് ഉത്‌പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരുന്നു ഇതിൽ ട്രാൻസ്മിഷൻ ഒരുക്കിയിരുന്നത്.

Content Highlights:Mahindra Teased Upcoming Compact SUV Bolero Neo