ന്യൂഡൽഹി: ലഷ്കറെ തൊയ്ബ കമാൻഡറും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിർ റഹ്മാൻ ലഖ്വി പാകിസ്താനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്താനിലെ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

മുംബൈ ആക്രമണത്തെ തുടർന്ന് ഇയാളെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്താനിൽനിന്നുള്ള 10 ലഷ്കറെ തൊയ്ബ ഭീകരരാണ് ആക്രമണം നടത്തിയത്. ആറ് വർഷത്തോളം പാകിസ്താനിൽ തടവിൽ കഴിഞ്ഞ സാക്കിർ റഹ്മാൻ ലഖ്വി 2015ൽ ആണ് മോചിതനായത്.

Content Highlights:LeT commander Zakiur Rehman Lakhvi arrested in Pakistan