വടകര: ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ രമ എം.എൽ.എ. സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സി.പി.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ വടകരയിൽ പറഞ്ഞു.

തന്റെ മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുൻപും നിരന്തരം വന്നിട്ടുണ്ട്, പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ ചൂണ്ടിക്കാട്ടി.

കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാൽ കത്തിന് പുറകിൽ ആരാണെന്ന് വ്യക്തമാവും. ഇത് നിസ്സാരമായ കാര്യമല്ല, പരാതി നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കണമെന്നും കെ.കെ രമ പറഞ്ഞു.