കോഴിക്കോട്: കോൺഗ്രസ്സിന്റെ തീപ്പൊരി നേതാവെന്നറിയപ്പെടുന്ന കെ. സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ തലപ്പത്തേക്ക് വരുമ്പോൾ വലിയ ആവേശവും സ്വീകരണവുമാണ് സമൂഹ മാധ്യമങ്ങളിലടക്കം ലഭിക്കുന്നത്. അധ്യക്ഷൻ മാറിയത് കൊണ്ടോ പ്രതിപക്ഷ നേതാവ് മാറിയത് കൊണ്ടോ മാത്രം തുടച്ചു മാറ്റാനാവുന്നതാണോ കോൺഗ്രസിലെ നിലവിലെ പ്രതിസന്ധി. അല്ലായെന്ന് തന്നെയാണ് ഉത്തരം.

മുൻനിര നേതാക്കൾക്ക് സ്ഥാനചലനം നൽകി എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ജംബോ കമ്മറ്റികൾ വീണ്ടും തുടരുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന അവസ്ഥയിലേക്ക് മാത്രമേ  മാറുകയുള്ളൂ. ഗ്രൂപ്പിന് അതീതമായി വലിയൊരു സമരത്തിനാണ് കെ.സുധാകരൻ തുടക്കമിടുന്നതെങ്കിൽ തലയിലേറ്റിയിരിക്കുന്നത് മൂർച്ചയുള്ള മുൾക്കിരീടം തന്നെയായിരിക്കുമെന്നാണ് സുധീരൻ അടക്കമുള്ളവരുടെ അനുഭവങ്ങളിൽ നിന്നും കോൺഗ്രസ് തെളിയിച്ചത്. സുധാകരൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നൂവെന്ന് ഉറപ്പിച്ച സമയത്തും വി.ഡി സതീശൻ പ്രതിപക്ഷ നേതാവായ സമയത്തും മുൻനിര നേതാക്കൾ സ്വീകരിച്ച നിലപാടും പലരുടേയും മൗനവും ഇതിന് തെളിവ് തന്നെയാണ്.

പ്രവർത്തകരെ അനുസരിപ്പിക്കാൻ കഴിയുന്ന നേതൃത്വം വരണമെന്നായിരുന്നു ഓരോ അവസരം തന്റെ മുന്നിലേക്ക് വരുമ്പോഴും സുധാകരൻ തന്നെ പറഞ്ഞുകൊണ്ടിരുന്നത്. തനിക്ക് ആ കഴിവുണ്ടെന്ന് സ്വയം വിശ്വസിച്ച് പോരുകയും ചെയ്തു ഇത്രയും കാലം.

കണ്ണൂരിലെ കോൺഗ്രസിനെ കൈപിടിയിലൊതുക്കിയതിലുള്ള ആത്മവിശ്വാസമാണ് ഇതിന് പിന്നിലെങ്കിലും കണ്ണൂരിന് പുറത്ത് ഇത് എത്രത്തോളം പ്രാവർത്തികമാവുമെന്നാണ് കണ്ടറിയേണ്ടത്. ഗ്രൂപ്പ് സമ്മർദങ്ങൾക്ക് അടിപ്പെട്ട് ജംബോ കമ്മിറ്റികൾ തുടരാൻ സമ്മതിച്ചു കൊടുത്താൽ തീരുന്ന ആവേശം മാത്രമേ അണികളിൽ കാണൂവെന്നതാണ് യാഥാർഥ്യം. അല്ലെങ്കിൽ 14 ജില്ലകളിലും 14 സുധാകരൻമാർ വരണം. മൂന്നൂറോളം ബ്ലോക്ക് കമ്മിറ്റികളെ നയിക്കാനും ആയിരത്തി ഇരുന്നൂറിൽ പരം മണ്ഡലങ്ങളെ നയിക്കാനും അര ലക്ഷത്തിൽ പരം ബൂത്തു കമ്മിറ്റികളെ നയിക്കാനും അത്രത്തോളം സുധാകരൻമാർ വേണം. പലപ്പോഴും ഡി.സി.സി. അധ്യക്ഷൻമാർക്ക് പോലും കാണാൻ കഴിയാത്തത്ത ജംബോ കമ്മിറ്റി അംഗങ്ങളാണ് കോൺഗ്രസിനുള്ളതെന്നാണ് വിമർശനം.

ഭാരവാഹിയാക്കാൻ പലരുടേയും കാല് പിടിക്കാൻ ഓടുകയും ഭാരവാഹിയായി കഴിഞ്ഞാൽ മുണ്ടിൽ ചെളി പറ്റാൻ മടിയുള്ളതുമായ കമ്മിറ്റിയംഗങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ ശാപം. പലരേയും നാട്ടിലെ ജനങ്ങൾ കാണുന്നത് തിരഞ്ഞെടുപ്പ് സ്ലിപ്പ് കൊടുക്കാൻ എത്തുമ്പോൾ മാത്രം. ഇത്തരക്കാരെ പടിക്ക് പുറത്താക്കി പുതിയ നേതൃത്വത്തെ ഒരു കൂടുക്കീഴിലാക്കിയുള്ള പ്രവർത്തനം കൂടി കോൺഗ്രസ് പടുത്തുയർത്തിയാലെ സാക്ഷാൽ സുധാകരന് കീഴിലായാൽ പോലും കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂ. ഇതിന് ഗ്രൂപ്പ് മുതലാളിമാർ എത്രത്തോളം വഴങ്ങുമെന്നാണ് ഇനി കണ്ടറിയേണ്ടതും.

Content Highlights: K Sudhakaran Appointed As KPCC President