ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

മാർച്ച് 15 മുതൽ 18 വരെയാണ് പരീക്ഷ. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സാമൂഹികാകലം പാലിച്ച് രണ്ട് ഷിഫ്റ്റുകളിലാകും പരീക്ഷ നടത്തുക. ഫെബ്രുവരിയിൽ നടത്തിയ ജെ.ഇ.ഇ മെയിൻ ആദ്യ സെഷന്റെ ഫലം മാർച്ച് എട്ടിനാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി നാല് സെഷനുകളായാണ് ഇത്തവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ 13 പ്രാദേശിക ഭാഷകളിലുമായി പരീക്ഷ നടക്കുന്നുണ്ട്.

Content Highlights: JEE main March session admit card published