ന്യൂഡൽഹി: ജോയിന്റ് എൻട്രസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മേയ് 24 വരെയാണ് തീയതി നീട്ടിയത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ) ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി നൽകണമെന്ന് എൻ.ടി.എ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വിദേശപഠനം നടത്താൻ കഴിയാത്ത കുട്ടികളെക്കൂടി ലക്ഷ്യം വെച്ചാണ് രജിസ്ട്രേഷൻ തീയതി നീട്ടിയിരിക്കുന്നത്.

കോവിഡ്-19 രോഗബാധയെത്തുടർന്ന് വിദേശ പഠന സാധ്യതകൾ മങ്ങിയ വിദ്യാർഥികളിൽ പലരും ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാൻ അവസരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ നീട്ടിയിരിക്കുന്നതെന്ന് എൻ.ടി.എ വ്യക്തമാക്കി. ജൂലൈ 18 മുതൽ 23 വരെയാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഏപ്രിൽ അഞ്ചു മുതൽ 11 വരെയാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ്-19 രോഗബാധ തടയുന്നതിനായി രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പരീക്ഷ മാറ്റിവെച്ചത്.

Content Highlights: JEE Main 2020 Application Reopened, Can Apply Till May 24, Lockdown, NTA, Corona Virus