കൊൽക്കത്ത: കൊറോണ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി ചിലവ് കുറഞ്ഞ ഫെയ്സ് ഷീൽഡ് വികസിപ്പിച്ച് ഐഐടി റൂർക്കിയിലെ വിദ്യാര്‍ഥികള്‍. രോഗികളുടെ സ്രവങ്ങൾ മുഖത്തേക്ക് പതിക്കുന്നതിൽ നിന്ന് ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ളതാണ് ഈ ഫെയ്സ് ഷീൽഡ്. എയിംസിലെ ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയാണ് ഇപ്പോൾ ഇത് നിർമിച്ചിരിക്കുന്നത്.

രോഗികളെ പരിചരിക്കുന്നതിനായി ഐസൊലേഷൻ വാർഡിൽ പ്രവേശിക്കുന്ന സമയത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം ഇതുംകൂടി ധരിക്കണം. കണ്ണട ധരിക്കുന്നതുപോലെ വളരെ എളുപ്പത്തിൽ മുഖത്ത് വെക്കാനും ഊരിമാറ്റാനും സാധിക്കും. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയിം നിർമിച്ചിരിക്കുന്നത്.

വെറും അഞ്ച് രൂപയ്‍ക്ക് ലഭിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് ഈ ഫ്രെയിമിൽ മുഖത്തിന്റെ സംരക്ഷണത്തിനായി ഘടിപ്പിക്കുക. ഇങ്ങനെ നിർമിക്കുന്ന ഫെയ്സ് ഷീൽഡിന് ഒരെണ്ണത്തിന് 45 രൂപമാത്രമാണ് ചിലവായത്. വൻതോതിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ചിലവ് 25 രൂപയായി കുറയുമെന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച റൂർകി ഐഐടിയിലെ വിദഗ്ധർ പറയുന്നത്.

രോഗികളെ പരിചരിക്കുന്നതിലൂടെ രോഗപ്പകർച്ച ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്‍ക്കാൻ ഫെയ്സ് ഷീൽഡ് വഴി സാധിക്കുമെന്ന് റൂർക്കി ഐഐടി ഡയറക്ടർ പ്രൊഫ. അജിത് കെ. ചതുർവേദി അഭിപ്രായപ്പെട്ടു.

Content Highlights:IIT Roorkee has developed low-cost face shields for first-line healthcare professionals