ഹോണ്ടയുടെ ക്രോസ്ഓവർ കരുത്തനായ ഡബ്ല്യുആർ-വിയുടെ മുഖം മിനുക്കിയ പതിപ്പ് നിരത്തുകളിലെത്താൻ ഇനി രണ്ടുനാൾ. കൊറോണ ലോക്ഡൗണിനെ തുടർന്ന് വരവ് നീണ്ടുപോയ ഈ വാഹനം ജൂലൈ രണ്ടിന് അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മാസം അവതരിപ്പിക്കുമെന്നായിരുന്നു ഹോണ്ട മുമ്പ് അറിയിച്ചിരുന്നത്.

ബിഎസ്-6 നിലവാരത്തിലുള്ള എൻജിൻ, പുതുക്കിയ ഡിസൈൻ, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ എന്നിവയാണ് ഡബ്ല്യുആർ-വിയിൽ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങൾ. മാസങ്ങൾക്ക് മുമ്പുതന്നെ ഈ വാഹനം ഷോറൂമുകളിൽ എത്തിത്തുടങ്ങിയിരുന്നു. ഹോണ്ടയുടെ ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ഡബ്ല്യുആർവിയുടെ ബുക്കിങ്ങും തുറന്നിട്ടുണ്ട്.

എൽഇഡി പൊജക്ഷൻ ഹെഡ്ലാമ്പ്, അതിനോട് ചേർന്നുള്ള ഡിആർഎൽ, പൊസിഷൻ ലാമ്പ് എന്നിവ ചേർത്ത് ഒരു എൽഇഡി പാക്കേജാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റർ. ഗ്രില്ലും അഴിച്ചുപണിതിട്ടുണ്ട്. ബംമ്പറിൽ പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. ടെയ്ൽ ലാമ്പും എൽഇഡിയിൽ ഒരുങ്ങിയതാണ് ഡബ്ല്യുആർ-വിയിലെ എക്സ്റ്റീരിയറിലെ പുതുമകൾ.

മുൻതലമുറ ഡബ്ല്യുആർവിയെക്കാൾ ഫീച്ചർ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളം. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിൽ തീർത്തിട്ടുള്ള ഡാഷ്ബോർഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, പുഷ് സ്റ്റാർട്ട് ബട്ടൺ എന്നിവയായിരിക്കും ഇന്റീരിയറിനെ ആകർഷകമാക്കുന്നത്.

ജാസ് പ്ലാറ്റ്ഫോമിലാണ് ഡബ്ല്യുആർവിയും ഒരുങ്ങിയിരിക്കുന്നത്. എന്നാൽ, ജാസിനെക്കാൾ 44 എംഎം നീളവും 40 എംഎം വീതിയും 57 എംഎം ഉയരവും ഈ വാഹനത്തിന് കൂടുതലുണ്ട്. 360 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി. 2555 എംഎം വീൽ ബേസും 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

എബിഎസ്ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഡ്യുവൽ എയർബാഗ്, റിയർ പാർക്കിങ് സെൻസർ എന്നിവ വാഹനത്തിന് സുരക്ഷയൊരുക്കും. ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റർ iVTEC പെട്രോൾ എൻജിനിലും 1.5 ലിറ്റർ iDTEC ഡീസൽ എൻജിനിലുമാണ് ഈ വാഹനത്തിന്റെ രണ്ടാം വരവ്.

പെട്രോൾ എൻജിൻ 89 ബിഎച്ച്പി പവറും 110 എൻഎം ടോർക്കും ഡീസൽ മോഡൽ 99 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമേകും. 5 സ്പീഡ് മാനുവൽ/6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ WRV പുറത്തിറങ്ങും. പെട്രോൾഡീസൽ എഞ്ചിനിൽ S, VX എന്നീ രണ്ട് വകഭേദങ്ങളുണ്ട്.

Content Highlights:Honda WR-V Facelift Model To Be Launch On July 2