നെയ്റോബി: കോവിഡ്-19 നെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ, അതിർത്തി അടയ്ക്കൽ, കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ മറ്റ് രാജ്യങ്ങളേപ്പോലെ ആഫ്രിക്കൻ രാജ്യങ്ങളും നടപ്പിലാക്കി. എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ, ജീവിത സാഹചര്യങ്ങളോ നിലവിലില്ലാത്ത അവികസിതങ്ങളായ പല ആഫ്രിക്കൻ നാടുകളിലെയും ജനജീവിതം ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുകയാണ്.

ദിവസക്കൂലിക്ക് ജീവിതം തള്ളിനീക്കുന്നവരാണ് കെനിയയിലെ കിബെറ ചേരിയിലുള്ളത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലേതന്നെ ഏറ്റവും വലിയ ചേരിയാണ് കിബെറ. ഇവിടുത്തെ ജനങ്ങളുടെ അവസ്ഥയാണ് ഈ പറയുന്നത്. ലോക്ക് ഡൗണുകളുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കാരണം ഇവരുടെ ജീവനോപാധിയാണ് തടയപ്പെട്ടത്. പല ആഫ്രിക്കൻ രാജ്യങ്ങളിലെയും സാഹചര്യങ്ങളുടെ നേർ പകർപ്പാണ് കിബെറ.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആകെയുള്ള കൊറോണ ബാധിതരുടെ എണ്ണം 19,000 കടന്നിരിക്കുകയാണ്. മരണം 900വും ആയി. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. അൽജീരിയ, മൊറോക്കൊ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ രോഗബാധ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ അധികമാണ്.

എന്നാൽ ഭൂഖണ്ഡത്തിലെ 44 രാജ്യങ്ങളിൽ മാത്രമാണ് സമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ചിലയിടങ്ങളിൽ ഭാഗിക ലോക്ക് ഡൗണുകൾ, കർഫ്യു തുടങ്ങിയവ നടപ്പിലാക്കിയിട്ടുണ്ട്.

എന്നാൽ പ്രശ്നം അവിടെയല്ല. വീടുകളിൽ കൂട്ടമായി താമസിക്കുകയെന്നതാണ് പല ആഫ്രിക്കക്കാരുടെയും രീതി.ഐസൊലേഷൻ എന്നത് ഇത്തരം വീടുകളിൽ വിദൂര സ്വപ്നം മാത്രമാണ്. മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഭൂരിഭാഗത്തും വളരെ കുറച്ച് പേർക്ക് മാത്രമേ വീടുകളിൽ വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നുള്ളു. ഇത്തരം അടിസ്ഥാന ആവശ്യങ്ങൾക്കായി ആളുകൾക്ക് പുറത്തിറങ്ങേണ്ടതുണ്ട്.

എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇവരുടെ ജീവിതക്രമം തന്നെ തെറ്റിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വരുമാനം പോലും തൊഴിൽ ചെയ്ത് ഉണ്ടാക്കാൻ സാധിക്കാത്ത ഇത്തരം സ്ഥലങ്ങളിൽ ജനങ്ങളുടെ ജീവിതഭാരം വളരെ അധികമാണെന്ന് നിരീക്ഷകർ പറയുന്നു. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ഇവരിൽ പലരുടെയും ആശ്രയം. കോവിഡ് -19 മൂലമുണ്ടായ നിയന്ത്രണങ്ങൾ അഫ്രിക്കയിൽ ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights:Coronavirus lockdowns risk-return of hunger to Africa