വാഷിങ്ടൺ: നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും കൊറോണ വൈറസ് വ്യാപനം തടയാനാകാതെ ലോകരാജ്യങ്ങൾ. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 15,11,104 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണസംഖ്യ 88,338 ആയി ഉയർന്നു. യൂറോപ്പിൽ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യുഎസിൽ രോഗികളുടെ എണ്ണം 4.30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1400ഓളം പോരാണ് യുഎസിൽ മാത്രം മരിച്ചത്. ആകെ മരണം 14,500 പിന്നിട്ടു. ഏറ്റവും കൂടുതൽ ആൾനാശം ഇറ്റലിയിലാണ്, 17,669 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 139,442 ആയി. സ്പെയ്നിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുമ്പോൾ മരണം 14,792 ആയി.

ഫ്രാൻസിലും സ്ഥിതിഗതി രൂക്ഷമാണ്. മരണസംഖ്യ 10,000 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113,959 ആയി ഉയർന്നു. ജർമനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമായി. പുതിയ കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു. 82,809 ആളുകൾക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും രോഗം ഭേദമായി ആശുപത്രിവിട്ടു.

ബ്രിട്ടൺ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികൾ ദിനംപ്രതി വർധിക്കുകയാണ്. ഇറാനിൽ 64,586 പേർക്ക് രോഗം പിടിപെട്ടപ്പോൾ ബ്രിട്ടണിൽ രോഗികളുടെ എണ്ണം 60000 പിന്നിട്ടു. തുർക്കിയിൽ 38000 കടന്നു. അതേസമയം ലോകത്താകെ രോഗംഭേദമായവരുടെ എണ്ണം ആശ്വാസകരമാണ്. ചികിത്സയിലുള്ള 3,29,731 പേർക്ക് രോഗം പൂർണമായും ഭേദമായി. ചൈനയിൽ മാത്രം 77567 പേർ രോഗമുക്തി നേടി.

content highlightscorona positive case crosses 15 lakhs