തിരുവനന്തപുരത്ത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐ.എം.എ) വിദഗ്ധ സമിതിയല്ല, ഡോക്ടർമാരുടെ സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയവും മറ്റു സംസ്ഥാനങ്ങളും ഐ.എം.എയെ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച ഐ.എം.എയെ രൂക്ഷഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ വിദഗ്ധരായ ഡോക്ടർമാരുടെ സമിതികൾ വേറെയുണ്ട്. അതിൽ ഐഎംഎ അംഗങ്ങളായ ഡോക്ടർമാരുമുണ്ട്. ഇത്തരം സമിതികളുടെ നിർദേശങ്ങൾ സർക്കാർ കേൾക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം ശക്തമായതോടെ മാർച്ച്, സെപ്റ്റംബർ മാസങ്ങളിൽ സർക്കാർ ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. ഇതിൽ ഐ.എം.എ പ്രതിനിധികൾ പങ്കെടുക്കുകയും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. ഐ.എം.എ ഇടക്കിടെ സമർപ്പിക്കുന്ന നിർദേശങ്ങൾ വിദഗ്ധ സമിതി ചർച്ച ചെയ്യുന്നുമുണ്ട്. ആരെയും സർക്കാർ മാറ്റിനിർത്തുന്നില്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

content highlights:CM Pinarayi Vijayan statement against IMA