കേപ് ടൗൺ: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് വിവാഹസൽക്കാരം നടത്തിയതിന്റെ പേരിൽ വരനെയും വധുവിനെയും അതിഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന ലോക്ക്ഡൗൺ നിർദേശങ്ങളാണ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈ നിർദേശങ്ങൾ മറികടന്നാണ് വിവാഹവും സൽക്കാരവും നടത്തിയത്.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. ജബുലാനി(48), വധു നോംതാണ്ടസോ(38) എന്നിവരേയും വിവാഹത്തിൽ പങ്കെടുത്ത 50 അതിഥികളേയും കസ്റ്റഡിയിലെടുത്തു. പിന്നീട് അവരെ 1000റാൻഡ്(4100 ഇന്ത്യൻ രൂപ) പിഴ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചു.

നിർദേശം ലംഘിച്ചതിന് ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് പോലീസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 1700ലധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Content Highlights: Bride Groom And 50 Guests Arrested For Holding Wedding During Lockdown