ലോകത്തിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്ന് ഇന്ത്യയിലൊരുങ്ങുന്നു. അംബാനി കുടുംബത്തിന്റെ പുതിയ പദ്ധതിയായ മൃഗശാലയുടെ നിർമാണപ്രവർത്തനങ്ങൾ ഗുജറാത്തിൽ ആരംഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണശുദ്ധീകരണശാലാ സമുച്ചയം സ്ഥിതി ചെയ്യുന്ന ഗുജറാത്ത് അംബാനി കുടുംബത്തിന്റെ സ്വദേശം കൂടിയാണ്. 2023 ൽ നിർമാണം പൂർത്തിയാക്കി മൃഗശാല പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

മൃഗശാലയോടൊപ്പം സർക്കാരിന് സഹായകമാവുന്ന വിധത്തിൽ മൃഗങ്ങളുടെ പുനരധിവാസകേന്ദ്രത്തിനുള്ള സൗകര്യവും ഒരുക്കുമെന്ന് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ പരിമൾ നത്വാനി അറിയിച്ചു. അതേ സമയം മൃഗശാലയുടെ നിർമാണചെലവിനെ കുറിച്ചോ മറ്റു വിവരങ്ങളോ പങ്കു വെക്കാൻ അദ്ദേഹം തയ്യാറായില്ല.

വിവിധ മേഖലകളിലായി പരന്നു കിടക്കുന്ന അംബാനി കുടുംബത്തിന്റെ വ്യവസായ-വാണിജ്യ ശൃംഘലയുടെ ആസ്തി 80 ബില്യൺ ഡോളറാണ്. മുംബൈ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥതയുള്ള അംബാനി കുടുംബം 2014 ൽ ഒരു ഫുട്ബോൾ ലീഗും ആരംഭിച്ചിരുന്നു. 

ഭാവനയിൽ കാണുന്നതിനെ സാക്ഷാത്‌കരിക്കാനുള്ള പ്രത്യേക കഴിവ് അംബാനിമാർക്കുണ്ടെന്നാണ് കാംപ്ഡെൻ വെൽത്തിന്റെ റിസർച്ച് ഡയറക്ടർ റെബേക്ക ഗൂച്ചിന്റെ അഭിപ്രായം. പൊതുതാത്‌പര്യ പദ്ധതികളിൽ നിക്ഷേപിക്കുന്നത് കമ്പനിയ്ക്കും കുടുംബത്തിനും അനുകൂലമായ നേട്ടങ്ങൾ ലഭിക്കാനിട നൽകുമെന്നും കമ്പനിയുടെ പൊതുസമ്മതി വർധിപ്പിക്കുമെന്നും റെബേക്ക ഗൂച്ച് കൂട്ടിച്ചേർത്തു. അതാണ് അംബാനിയുടെ വിജയം.

മറ്റു ചില കോടീശ്വരൻമാരും മൃഗശാലകളിൽ നിക്ഷേപം നടത്തി നേട്ടം കൊയ്തിട്ടുണ്ട്. ഇൻഡൊനീഷ്യയിലെ വ്യവസായ ഭീമൻ ലോ ടക് ക്വാങ് തന്റെ കൽക്കരി ഖനന കേന്ദ്രത്തിന് സമീപം മൃഗശാല പണിതിരുന്നു. ജോർജിയയിലെ സമ്പന്നനും മുൻ പ്രധാനമന്ത്രിയുമായ ബിഡ്സിന ഇവാനിഷ് വില്ലി ഡെൻട്രോളജിക്കൽ പാർക്കിനായി നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ സ്പോർട്സിലും മ്യൂസിയത്തിലും മദ്യനിർമാണകേന്ദ്രത്തിനുമായി പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കിയ വ്യവസായ സമ്പന്നരും കുറവല്ല.

 

 

Content Highlights: Ambanis To Set Up World's Largest Zoo In Gujarat