കോഴിക്കോട്: സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കിൽ ടിപ്പറിടിച്ച് സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. അഗസ്ത്യൻ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകൻ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകൾ സ്നേഹ പ്രോമോദ് (14) എന്നിവരാണ് മരിച്ചത്.

മുക്കം, മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപത്ത് ഉച്ചയോടേയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പർ ലോറിയുടെ ചക്രത്തിന്നടിയിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

മുക്കം പോലീസും, അഗ്നി രക്ഷ സേനയുമെത്തി മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.