ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ പിസ വിതരണ ജോലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ വീടുകളിൽ ക്വാറന്റൈനിലാക്കി. ഇയാൾ പിസ വിതരണം ചെയ്തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരെയാണ് നിലവിൽ നിരീക്ഷണത്തിലാക്കിയത്. മാൾവിയ നഗറിൽ ഇയാൾക്കൊപ്പം ജോലി ചെയ്ത 16 പേരോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. എല്ലാവരോടും വീടുകളിൽ ക്വാറന്റൈനിൽ കഴിയാനാണ് ആവശ്യപ്പെട്ടത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻതന്നെ പരിശോധന നടത്തുമെന്നും സൗത്ത് ഡൽഹി ജില്ലാ മജിസ്ട്രേറ്റ് ബിഎം മിശ്രയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചത്. മാർച്ച് അവസാനവാരം വരെ ഇയാൾ പിസ വിതരണം ചെയ്തിരുന്നതായാണ് വിവരം. ഇയാൾ ഭക്ഷണം വിതരണം ചെയ്ത കൂടുതൽ വീടുകളും ഇയാളുമായി ഇടപഴകിയ മറ്റുള്ളവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

content highlights:72 South Delhi families told to self-quarantine after pizza delivery boy tests positive