ഗുവഹാട്ടി: അസമിൽ 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അസം അതിർത്തി അടച്ചു. അസമിൽനിന്ന് ആരും ഈ സംസ്ഥാനങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

നിസ്സാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 16 പേർക്കാണ് അസമിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരുടെ പരിശോധനാഫലം വരാനുണ്ടെന്ന് അസം ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതേത്തുടർന്നാണ് അയൽ സംസ്ഥാനങ്ങൾ അതിർത്തി അടച്ചത്. ചരക്കുവാഹനങ്ങൾ മാത്രമെ അതിർത്തിയിലൂടെ കടത്തിവിടൂ.

അതിർത്തി മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. അസം അതിർത്തി അടച്ചതായി നാഗാലാൻഡിലെയും മിസോറമിലെയും മണിപ്പൂരിലെയും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും അതിർത്തിയിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.

നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറം, ത്രിപുര, മേഘാലയ എന്നീ വടക്കും കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്ന് അസം വഴിമാത്രമെ എത്തിച്ചേരാനാകൂ. നാഗാലാൻഡ്, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിൽ ഇതുവരെ ഒരാൾക്ക് പോലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

Content Highlights:6 NE states seal borders with Assam