ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാസേനാംഗം ഇനായത് ഹുസൈന്‍ അറിയിച്ചു. അമ്പതോളം പേർ തോണിയിലുണ്ടായിരുന്നതായാണ് സൂചന. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദർഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. ബോട്ടിൽ അമ്പതിലധികം പേർ തിങ്ങിക്കൂടിയാണ് യാത്ര ചെയ്തിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സുരക്ഷാപിഴവുകൾ കാരണം തോണികൾ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശിൽ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശിൽ മിക്കയിടങ്ങളിലും ബോട്ടുകൾ സർവീസ് നടത്തുന്നത്.
Content Highlights: 23 Die In Bangladesh Ferry Accident