കാണ്‍പുര്‍: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍ക്കാരനായ 16 വയസ്സുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ കക്കാഡിയോ പോലീസാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നാല് മാസമായി 16 കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

കടുത്ത വയറുവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് അയല്‍ക്കാരനായ 16 കാരന്‍ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് 16 കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞ നാല് മാസമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. കസ്റ്റഡിയിലെടുത്ത 16 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: 16 year old boy taken into custody for raping minor girl