ലണ്ടൻ: വിദ്വേഷംപരത്തുന്ന ഉള്ളടക്കമുള്ള പരിപാടികളുടെ പേരിൽ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടി.വി.ക്ക് 30,000 പൗണ്ട് (2.75 കോടി രൂപ) പിഴ. ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണസമിതിയായ ഒഫ്‌കോം ആണ് സംപ്രേഷണനിയമങ്ങൾ ലംഘിച്ചതിന് പിഴയിട്ടത്. കുറ്റകൃത്യങ്ങൾക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടി.വി. സംപ്രേഷണം ചെയ്തതായി ഓഫ്‌കോം വിലയിരുത്തുന്നു.

പീസ് ടി.വി. ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോർഡ് പ്രൊഡക്‌ഷൻ ലിമിറ്റഡും പീസ് ടി.വി.യുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടി.വി.യുമാണ് തുകയടയ്ക്കേണ്ടത്. വിദ്വേഷ പ്രഭാഷണത്തിന്റെപേരിൽ പീസ് ടി.വി. ഉറുദുവിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിർനായിക്കിന്റെ യൂണിവേഴ്‌സൽ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ടി.വി.ക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.

Content Highlight: Zakir Naik's Peace TV fined Rs 2.75 crore

 

കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷപ്രഭാഷണം തുടങ്ങിയ വകുപ്പുകളിൽ ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് 2016-ൽ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇയാളെ വിട്ടുതരാൻ ഇന്ത്യ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.