സാന്‍ ബ്രൂണോ: കാലിഫോര്‍ണിയയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയ യുവതി മരിച്ചു. നാസിം അഘ്ഡാമെന്ന 39-കാരിയാണ് ആക്രമണം നടത്തിയത്. സാന്‍ ബ്രൂണോയിലെ യൂട്യൂബ് ഓഫീസില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ വെടിവെപ്പ് നടത്തിയത്. യൂട്യൂബ് ജീവനക്കാരായ മൂന്നുപേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് വെടിയേറ്റത്. ഇതില്‍ മുപ്പത്തിയാറുകാരനായ പുരുഷന്റെ നില ഗുരുതരമാണ്.

ആക്രമണം നടത്തിയതിന് ശേഷം നാസിം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉച്ചഭക്ഷണസമയത്താണ് ആക്രമണം നടന്നത്. കെട്ടിടത്തിലെ നടുമുറ്റത്തെ ഭക്ഷണമുറിയിലെത്തിയ നാസിം ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോ സ്വദേശിയായ നാസിം സ്വന്തം പേരില്‍ വെബ്‌സൈറ്റും ചില യൂട്യൂബ് ചാനലുകളും നടത്തിയിരുന്നു. വീഡിയോകള്‍ക്ക് നാസിമിന് പ്രതിഫലം നല്‍കുന്നത് യൂട്യൂബ് അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നാസിമിന് കമ്പനിയോട് എതിര്‍പ്പുണ്ടായിരുന്നുവെന്ന് നാസിമിന്റെ പിതാവ് ഇസ്മ!യിലിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു. മൃഗങ്ങള്‍ക്കുനേരേയുള്ള പീഡനങ്ങളെക്കുറിച്ച് ഉള്‍പ്പെടെയുള്ള വീഡിയോകളാണ് നാസിം അപ്!ലോഡ് ചെയ്തിരുന്നത്. എന്നാല്‍ ചില പ്രത്യേക വിഭാഗം കാഴ്ചക്കാരെ ഉദ്ദേശിച്ചുള്ള വീഡിയോകളെ യൂട്യൂബ് തരംതാഴ്ത്തുന്നുവെന്നും അതിലെ ഉള്ളടക്കങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്നും നാസിം അവരുടെ വെബ്‌സൈറ്റില്‍ ആരോപിച്ചിരുന്നതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂട്യൂബ് ഉള്‍പ്പെടെ വീഡിയോകള്‍ പങ്കുവയ്ക്കാനുള്ള സാമൂഹികമാധ്യമങ്ങളില്‍ വളരാനുള്ള അവസരങ്ങള്‍ തുല്യമല്ലെന്നും ചാനലുകള്‍ വളരണമെങ്കില്‍ അത് യൂട്യൂബ് കൂടി ആഗ്രഹിക്കണമെന്നും നാസിം എഴുതിയിരുന്നു.

ആക്രമണത്തിനുശേഷം ഇവരുടെ പേരിലുള്ള വെബ്‌സൈറ്റും യൂട്യൂബ് ചാനലുകളും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചമുതല്‍ നാസിമിനെ കാണാനില്ലായിരുന്നുവെന്നും പിതാവ് ഇസ്!മയില്‍ പറഞ്ഞു. പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ സാന്‍ ബ്രൂണോയിലെ പര്‍വത പ്രദേശത്ത് കാറിനുള്ളില്‍ ഉറങ്ങുകയായിരുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്.